ഷേക്സ്പിയർ കൃതികൾ കഴിഞ്ഞാൽ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന പുസ്തകങ്ങൾ അഗതാ ക്രിറ്റി. ഓരോ വാക്കിലും വരിയിലും ആകാംഷയും ജിജ്ഞാസയും തുടിച്ചു നിൽക്കുന്ന കുറ്റാന്വേഷണ നോവലുകൾകൊണ്ട് ലോകത്തെ പിടിച്ചിരുത്തിയ എഴുത്ത്കാരിയാണ് അഗത ക്രിസ്‌റ്റി (1890–1976). 66 നോവലുകളും 14ചെറുകഥാ സമാഹാരങ്ങളും ഏതാനും നാടകങ്ങളും ഈ ബ്രിട്ടീഷ് എഴുത്ത്കാരി രചിച്ചു.
ലോകത്ത് ഏറ്റവും കൂടുതൽ കൃതികൾ വിവർത്തനം ചെയ്യപ്പെട്ട എഴുത്ത്കാരികൂടിയാണ് അഗത. അവരുടെ വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ എണ്ണം ഏതാണ്ട് 200കോടിയിലേറെ വരും. ചുരുങ്ങിയ കാലം കൊണ്ട് വായനക്കാരെ കീഴടക്കിയ അവർ ‘ഹെർക്ക്യുൾ പൊയ്റോ‘യെപ്പോലുള്ള വ്യത്യസ്ത കുറ്റാന്വേഷണകരെ സൃഷ്ടിച്ച് വായനക്കാരെ തന്നിലേക്ക് അടുപ്പിച്ചു . ഷേർലക് ഹോംസിനെ പോലുള്ള കുറ്റാന്വേഷണകർ ജനമനസിൽ നിറഞ്ഞ് നിന്ന കാലത്തായിരുന്നു ഇത്. അഗതയുടെ കൃതികൾക്കായി ലോകം നെഞ്ചിടിപ്പോടെ കാത്തിരുന്ന സമയമുണ്ടായിരുന്നു. ക്രൈം ഫിക്ഷൻ മേഖലയിലെ രാജ്ഞിയായി തന്നെ അവർ സാഹിത്യ മേഖലയിൽ നിറഞ്ഞ് നിന്നു. പതിവിന് വിപരീതമായി സ്ത്രീ ഡിക്റ്ററ്റീവിനെയും ആദ്യമായി അവർ കുറ്റാന്വേഷണ രംഗത്തേക്ക് കൊണ്ട് വന്നു. 2013ൽ ക്രൈം റൈറ്റേഴ്‌സ് അസോസിയേഷൻ അവരുടെ 600 പ്രൊഫഷണൽ എഴുത്തുകാർ ചേർന്ന് അഗതാക്രിസ്‌റ്റിയെ എക്കാലത്തെയും മികച്ച ക്രൈം എഴുത്ത്കാരിയായി തിരഞ്ഞെടുത്തു.
ആർതർ കോനൽ ഡോയലിന്റെ ഷെർലക് ഹോംസ് കഥകളാണ് അഗതയെ ഏറെ സ്വാധീനിച്ചത്. അവർ കുറ്റാന്വേഷണ സാഹിത്യത്തിലേക്ക് ചുവട് വെച്ചതും അങ്ങനെയാണ്. മറ്റ് എല്ലാ എഴുത്തുകാരെയും പോലെ തുടക്കത്തിൽ അവഗണനയായിരുന്നു അഗത ക്രിസ്റ്റിയും നേരിട്ടത്. ആരും അവരുടെ നോവലുകൾ പ്രസിദ്ധീകരിക്കാൻ മുന്നോട്ട് വന്നില്ല. തുടർച്ചയായി അഞ്ച് നോവലുകൾ എഴുതി തരണമെന്ന കരാറിൽ ഒരു പ്രസാധകൻ അവരുടെ ആദ്യ നോവൽ 1920ൽ പ്രസിദ്ധീകരിച്ചു. വായനക്കാർ സ്വീകരിച്ചതോടെ പിന്നെ അവർ പ്രശക്തിയുടെ ഉയരങ്ങളിൽ എത്തി. നിരന്തരം ക്രൈം രചനകളിൽ മുഴുകി. സ്ത്രീകൾ അപൂർവമായി സാഹിത്യ മേഖലയിൽ വന്നിരുന്ന കാലത്താണ് അതിൽ തന്നെ പലർക്കും വഴങ്ങാതിരുന്ന ക്രൈം നോവലുകൾ ഇവർ എഴുതിയത്. അഗത രണ്ട് വിവാഹം കഴിച്ചു. ആദ്യത്തെത് ഇന്ത്യൻ സിവിൽ സർവീസിലെ ഉദ്യോഗസ്ഥൻ ആർച്ചി ബാൾഡ് ക്രിസ്റ്റി എന്ന സൈനിക ഉദ്യോഗസ്ഥനായിരുന്നു. അങ്ങനെയാണ് അഗത മില്ലർ, അഗത ക്രിസ്റ്റിയായത്. 1922ലായിരുന്നു ഇത്. ഒരു കൂട്ടിയുണ്ടായ ശേഷം പിന്നെ തല്ലും വഴക്കുമായി ആ ബന്ധം തകർന്നു. 1930ൽ പരിചയപ്പെട്ട പുരാവസ്തു ഗവേഷകനായ മാക്സ് മല്ലോവനെ വിവാഹം കഴിച്ചു. ആ ബന്ധം ജീവിതാവസാനം വരെ നിലനിന്നു
കുറ്റാനേഷണം പോലെ സാഹസികവും അസാമാന്യ വൈദഗ്ധ്യവും ആവശ്യമായ ഒരു തൊഴിലിൽ സ്ത്രീകൾക്ക് ഏർപ്പെടാൻ കഴിയുമെന്ന് ലോകത്തിന് കാട്ടികൊടുത്ത അഗതയുടെ കഥാപാത്രമാണ് മിസ് ജയ്ൻ മാർപ്പിൾ. ഒരു സ്ത്രീ ക്രൈം എഴുത്തുകാരി ആയതുകൊണ്ടായിരിക്കാം അവർ ഇതിന് 100 വർഷം മുമ്പ് മുതിർന്നത്. 12 നോവലുകളിലും ഇരുപത് കഥകളിലും മിസ് ജയ്ൻ പ്രത്യക്ഷപ്പെടുന്നുണ്ട്. യഥാർത്ഥവുമായി അടുത്ത് നിൽക്കുന്ന കഥാ പശ്ചാത്തലങ്ങളാണ് അഗതാ ക്രിസ്റ്റിയുടെ രചനകളുടെ പ്രധാന സവിശേഷത. കുറ്റകൃത്യങ്ങളും കുറ്റാന്വേഷണവുമെല്ലാം നടക്കാൻ സാധ്യതയുള്ളതും യുക്തിനിറഞ്ഞതുമാണ്. മാത്രമല്ല പുതുമായർന്നതുമാണ്. ഒരേ സമയം ഒന്നിൽ കൂടുതൽ നോവലുകൾ അവർ എഴുതുമായിരുന്നു. തനിക്ക് ചുറ്റുമുള്ള ആളുകളെ നിരീക്ഷിച്ച് അവരിൽ നിന്ന് കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന ശീലം അഗതാ ക്രിസ്‌റ്റിക്കുണ്ടായിരുന്നു. മാത്രമല്ല കഥയെ അത് നടക്കുന്ന കാലഘട്ടവുമായി ബന്ധിപ്പിക്കുന്നതിലും അവർ സമർത്ഥയായിരുന്നു. ത്രസിപ്പിക്കുന്ന സന്ദർഭങ്ങളും മിഴിവേറിയ കഥാപത്രങ്ങളും ഉപയോഗിച്ച് കഥയെ ഒരു വഴിത്തിരിവിലേക്ക് കൊണ്ടെത്തിക്കുന്ന രീതി അഗതയുടെ പല നോവലുകളിലും കാണാം. ഇതിലൂടെ വായനക്കാരുടെ മനസിൽ സംഘർഷം വളർത്തിയെടുക്കാൻ അവർക്ക് കഴിഞ്ഞു. അവസാനം വരെയും ജിജ്ഞാസ നിറഞ്ഞതും സംഘർഷം നിറഞ്ഞതുമായിരുന്നു അവരുടെ കഥകൾ. വായനക്കാരെ അവസാനം വരെയും മുൾമുനയിൽ നിർത്താൻ കഴിഞ്ഞു എന്നതാണ് അഗതാക്രിസ്റ്റി കൃതിയുടെ വിജയം.
“എല്ലാവരിലും ഒരു കൊലയാളിയുണ്ട്. കൊല്ലണമെന്ന ആഗ്രഹം ആർക്കും എപ്പോഴും ഉണ്ടാകാം. പക്ഷെ അതിനുള്ള ധൈര്യം അങ്ങനെയെല്ലാവരിലും കാണില്ല.” തന്റെ ഡിക്ടറ്റീവ് കഥാപാത്രത്തെക്കൊണ്ട് അഗത പറയുന്ന ഈ വാക്യം കുറ്റാന്വേഷണ രംഗത്തെ
അവരുടെ വീക്ഷണമായിരുന്നു.
ലോകത്തെ മുൾമുനയിൽ നിർത്തി
കാണാതായ എഴുത്ത്കാരി
*****************************
1926 ഡിസംബറിൽ ആദ്യ ഭർത്താവ് ആർച്ചിയുമായുള്ള വഴക്കിനെ തുടർന്ന് അഗതാ ക്രിസ്റ്റിയെ കാണാതായി. അവരുടെ തിരോധാനം ന്യൂയോർക്ക് ടൈംസ് പത്രത്തിൽ ഒന്നാം പേജിൽ അച്ചടിച്ചു വന്നു. ലോകം ഈ വാർത്ത അമ്പരപ്പോടെയാണ് കേട്ടത്. സർക്കാരിന് മേൽ സമ്മർദമേറി. ആയിരത്തിലധികം പോലീസുകാരും പതിനായിരത്തോളം വോളന്ററിന്മാരും നിരവധി വിമാനങ്ങളും കിണഞ്ഞു ശ്രമിച്ചിട്ടും അവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഏതായാലും ഒരു വർഷത്തെ ഏകാന്ത വാസത്തിന് ശേഷം കുഞ്ഞുമായി അവർ പ്രത്യക്ഷപ്പെട്ടു. ജീവിതത്തിൽ അവർ നേരിട്ട കടുത്ത മാനസിക സംഘർഷമാണ് ഒളിച്ചോട്ടത്തിന് കാരണമായി പറയുന്നത്. ഭർത്താവ് വിവാഹ മോചനം ആവശ്യപ്പെട്ടതും
ആയിടയ്ക്കുള്ള അമ്മയുടെ മരണവുമെല്ലാം അവരെ അസ്വാസ്ഥയാക്കിയതായിരിക്കാം. ഇത് സംബന്ധിച്ച വിവാദം ഒരുപാട് കാലം സാഹിത്യ ലോകത്ത് കത്തി നിന്നു.
അഗതയുടെ ഈ തിരോധാനത്തെ അടിസ്ഥാനമാക്കി പല എഴുത്തുകാരും ചെറുകഥകളും നോവലുകളുമൊക്കെ അക്കാലത്തു രചിച്ചു. ഈ പേരിൽ എഴുത്തുകാരായവരും ഉണ്ടായിരുന്നു. മിക്ക എഴുത്തുകാരെയും പോലെ അഗതയും പൊതുവെ അന്തർമുഖയായിയാണ് കാണപ്പെട്ടത്. പക്ഷെ, ആളുകളോട് വളരെ സൗഹൃദത്തോടെയായിരുന്നു സംസാരിച്ചിരുന്നത്. മദ്യത്തോടും പുകവലിയോടുമെല്ലാം അവർക്ക് മടുപ്പാണ് അനുഭവപ്പെട്ടത്. കൃത്യതയും മൂർച്ചയുള്ള സംഭാഷണവും അവരുടെ പ്രതേകതയായി വിലയിരുത്തുന്നു. മധ്യവർഗ ഇംഗ്ലീഷ് ജനവിഭാഗത്തിൽപ്പെട്ട വായനക്കാർക്ക് വേണ്ടിയാണ് അവർ എഴുതിയത്. അഗതയുടെ കൃതികൾ പോപ്പുലറാകുന്നതിനു ഒരു കാരണവും അതാണ്. അഗതയെ കാണാതായപ്പോൾ അവരെ കണ്ടുപിടിക്കാൻ ഇറങ്ങി തിരിച്ചവരിൽ ഷേർലക് ഹോംസിന്റെ സ്രഷ്ടാവായ ആർതർ കോനൻ ഡോയൽ വരെ ഉണ്ടായിരുന്നു എന്നത് അവരുടെ അക്കാലത്തെ സാഹിത്യ ലോകത്തെ പ്രാധാന്യം വിളിച്ചോതുന്നതാണ്. പ്രമുഖമായൊരു പത്രം അവരെ കണ്ടുപിടിക്കുന്നവർക്ക് വലിയൊരു തുക പരിതോഷികം പ്രഖ്യാപിച്ചു.
1971ന് ശേഷം ക്രിസ്‌റ്റിയുടെ ആരോഗ്യം ക്ഷയിച്ചു തുടങ്ങി. ഓർമ്മക്കുറവ് ബാധിച്ചിരുന്നു. 1976 ജനുവരി 12ന് 85 മത്തെ വയസിൽ അവർ അന്തരിക്കുമ്പോൾ കുറ്റാന്വേഷണ രചനകൾ സ്ത്രീകളെക്കൊണ്ടും എഴുതി വിജയിപ്പിക്കാൻ കഴിയുമെന്ന് ലോക സാഹിത്യത്തിന് ബോധ്യപ്പെടുത്തികൊണ്ടാണ് അവര്‍ വിട വാങ്ങിയത്. ചോൽസിയിലെ സെന്റ് മേരിസ് പള്ളിമുറ്റത്ത് പത്ത് വർഷം മുമ്പ് ഭർത്താവിനോടൊപ്പം തെരഞ്ഞെടുത്ത സ്ഥലത്താണ് അവരെ സംസ്കരിച്ചത്. വിദേശ രാജ്യങ്ങളിൽ നിന്നടക്കം ഒട്ടനവധി മാധ്യമ പ്രവർത്തകർ വാർത്ത നേരിട്ട് റിപ്പോർട്ട് ചെയ്യാൻ വേണ്ടി എത്തിയിരുന്നു. അവർ പുനർ വിവാഹം ചെയ്ത മാക്സ് മല്ലോവൻ അഗത മരിച്ച് രണ്ടു വർഷം കൂടി കഴിഞ്ഞാണ് നിര്യാതനായത്. തന്റെ ജീവിത പങ്കാളിയും ലോകം കണ്ട വലിയ ക്രൈം എഴുത്തുകാരിയുമായ അഗത ക്രിസ്റ്റിയുടെ സമീപത്ത് തന്നെയാണ് അദ്ദേഹത്തെയും അടക്കം ചെയ്തത്. അഗത ക്രിസ്റ്റി വിടപറഞ്ഞിട്ട് ഇപ്പോൾ അരനൂറ്റാണ്ടാകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.