13 December 2025, Saturday

പാലക്കാട് സ്‌പോര്‍ട്‌സ് ഹബ്; കെസിഎയും ചാത്തന്‍കുളങ്ങര ദേവിക്ഷേത്രം ട്രസ്റ്റും ധാരണാപത്രം കൈമാറി

Janayugom Webdesk
പാലക്കാട്
December 2, 2024 4:27 pm

ചാത്തന്‍കുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 21 ഏക്കര്‍ സ്ഥലത്ത് സ്‌പോര്‍ട് ഹബ്ബ് നിര്‍മ്മിക്കുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷനും അകത്തേത്തറ ചാത്തന്‍കുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റും ധാരണാപത്രം കൈമാറി. കെ.സി.എ സെക്രട്ടറി വിനോദ് എസ് കുമാറും ക്ഷേത്രം ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം. മണികണ്ഠനും ഒപ്പുവെച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡും കേരള ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായി പാലക്കാട് പ്രസ്‌ക്ലബില്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ ജില്ലകളിലും അത്യാധുനിക നിലവാരത്തോടെയുള്ള സ്‌റ്റേഡിയം നിര്‍മ്മിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പാലക്കാട് പുതിയ പ്രൊജക്ടിന് തുടക്കം കുറിക്കുന്നതെന്ന് കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ് പറഞ്ഞു. ക്ഷേത്രം ട്രസ്റ്റിന്റെ ഭൂമി 33 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്താണ് ഹബ്ബ് നിര്‍മ്മിക്കുന്നത്. പാട്ടക്കരാര്‍ ഡിസംബറില്‍ ഒപ്പിടുമെന്നും ജനുവരിയില്‍ ആദ്യഘട്ട നിര്‍മ്മാണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കായിക പദ്ധതിയില്‍ രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകള്‍, ഫ്‌ളഡ് ലൈറ്റ്, ക്ലബ് ഹൗസ്, നീന്തല്‍ കുളം, ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍ മൈതാനങ്ങള്‍, കൂടാതെ മാറ്റ് കായിക ഇനങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഉണ്ടാകുമെന്ന് കെ.സി.എ വൈസ് പ്രസിഡന്റ് പി. ചന്ദ്രശേഖരന്‍ പറഞ്ഞു. ഗ്രൗണ്ട്, പവലിയന്‍, സ്പ്രിംഗ്‌ളര്‍ സിസ്റ്റം എന്നിവ ഉള്‍പ്പെടുന്ന ആദ്യഘട്ടം നിര്‍മ്മാണം 2026‑ല്‍ പൂര്‍ത്തീകരിക്കും. രണ്ടാം ഘട്ടം 2027 ഏപ്രില്‍ മാസത്തോടെ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. പുതിയ പദ്ധതി പാലക്കാട് ജില്ലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും, സ്‌പോര്‍ട്‌സ് ഹബ് പൂര്‍ത്തിയാകുന്നതോടുകൂടി എല്ലാ കായിക ഇനങ്ങളും ഒരു കുടക്കിഴില്‍ വരുന്നത് ജില്ലയിലെ കായിക മേഖലക്ക് വന്‍ കുതിപ്പ് ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയിലൂടെ ക്ഷേത്രത്തിനു 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും പ്രതിവര്‍ഷം 21,35000 രൂപ വരുമാനമായും ലഭിക്കുമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍ മുരളി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി പ്രദേശികവാസികള്‍ക്ക് ജോലിക്ക് മുന്‍ഗണന നല്‍കാനും വ്യവസ്ഥ ഉണ്ട്. ഭഗവതി ക്ഷേത്രത്തിന്റെയും അസോസിയേഷന്റെയും പേരിലായിരിക്കും സ്‌പോര്‍ട്‌സ് ഹബ് നിര്‍മ്മിക്കുക. 2018‑ല്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ കോവിഡ് മൂലം വൈകുകയായിരുന്നു. മദ്രാസ് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ആക്ട് 1951 പ്രകാരം തുടങ്ങിയ നടപടികള്‍ മലബാര്‍ ദേവസ്വവും അമ്പലം ട്രസ്റ്റ്റ്റും സെപ്റ്റംബറില്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നുവെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞു.

പത്രസമ്മേളനത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ്, വൈസ് പ്രസിഡന്റ് പി. ചന്ദ്രശേഖരന്‍, പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ആർ. രാധാകൃഷ്ണൻ, ജില്ലാ ക്രിക്കറ്റ് അസോ. സെക്രട്ടറി അജിത് കുമാർ, കെ.സി എ മെമ്പർ എ സിയാബുദീൻ, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍ മുരളി, ദേവസ്വം ബോര്‍ഡ് മെമ്പര്‍ എ രാമസ്വാമി, ദേവസ്വം ബോർഡ് കമ്മിഷണർ ടി.സി ബിജു, ചാത്തന്‍കുളങ്ങര ദേവിക്ഷേത്രം ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ നന്ദകുമാര്‍, ക്ഷേത്രം മനേജർ എം. മണികണ്ഠൻ എന്നിവര്‍ പങ്കെടുത്തു

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.