4 December 2024, Wednesday
KSFE Galaxy Chits Banner 2

കര്‍ഷകരുടെ കണ്ണീര്‍ കാണാന്‍ കണ്ണുവേണം

Janayugom Webdesk
December 3, 2024 5:00 am

രാജ്യത്തിന്റെ പട്ടിണി മാറ്റാന്‍ ജീവിതം സമര്‍പ്പിച്ച കര്‍ഷകര്‍ ഏതാണ്ട് മൂന്ന് വര്‍ഷമായി ദേശീയതലത്തില്‍ സമരത്തിലാണ്. കേന്ദ്രസര്‍ക്കാരാകട്ടെ അടിച്ചമര്‍ത്തിയും കപടവാഗ്ദാനങ്ങള്‍ നല്‍കിയും കര്‍ഷകസമരത്തെ തകര്‍ക്കാന്‍ നിരന്തര ശ്രമത്തിലുമാണ്. എന്നാല്‍ മണ്ണില്‍ പണിയെടുക്കുന്ന മനുഷ്യരുടെ പോരാട്ടവീര്യം കെട്ടടങ്ങുന്നില്ല. തുടര്‍ പ്രക്ഷാേഭങ്ങളുടെ ഭാഗമായി, ഭാരതീയ കിസാൻ പരിഷത്തിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് ആരംഭിച്ചിരിക്കുകയാണ്. അതിനിടയിലാണ് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. രാജ്യത്തെ കര്‍ഷകരുടെ പ്രതിദിന വരുമാനം കേവലം 27 രൂപയാണെന്നും കടത്തിന്റെ നിലയില്ലാ കയത്തിലേക്ക് ആണ്ടുപോകുന്ന കര്‍ഷകരുടെ ആത്മഹത്യ വര്‍ധിക്കുന്നതായും സമിതി ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ കര്‍ഷകരുടെ ദൈന്യതയും കടഭാരവും സംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞമാസം 21നാണ് സുപ്രീം കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചത്. കാര്‍ഷിക വായ്പ എഴുതിത്തള്ളുക, കാര്‍ഷികോല്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുക തുടങ്ങിയ സുപ്രധാന നിര്‍ദേശങ്ങളും പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി മുന്‍ ജഡ്ജി നവാബ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്. വിഷയം സംബന്ധിച്ച മറ്റൊരു സുപ്രധാന നിരീക്ഷണവും ഇന്നലെ പരമോന്നത നീതിപീഠത്തില്‍ നിന്നുണ്ടായി. ‘കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെ‘ന്നാണ് കോടതി വ്യക്തമാക്കിയത്. മരണം വരെ നിരാഹാര സമരം തുടങ്ങിയ പഞ്ചാബിലെ കര്‍ഷക നേതാവ് ജഗ്ജിത് സിഭ് ദല്ലേവാളിനെ അനധികൃതമായി തടങ്കലില്‍വച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.

രാജ്യത്ത് ഒരു ഹെക്ടറില്‍ താഴെ മാത്രം കൃഷിഭൂമിയുള്ള നാമമാത്ര കർഷകരാണ് കൂടുതല്‍. നാഷണൽ സാമ്പിൾ സർവേ ഓഫിസ്, സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം എന്നിവയുടെ കണക്കനുസരിച്ച് രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള കാർഷിക കുടുംബങ്ങളാണ് 89.4 ശതമാനം. ഇതില്‍ 65.4 ശതമാനവും നാമമാത്ര കർഷകരും. അവരുടെയാകെ കെെവശഭൂമി കൃഷിയോഗ്യമായ മൊത്തം ഭൂമിയുടെ 24 ശതമാനം മാത്രമാണ്. അതായത് നാമമാത്ര കർഷകരുടെ ആളോഹരി ഭൂമി ശരാശരി 0.38 ഹെക്ടർ മാത്രം. കഴിഞ്ഞ 40 വർഷമായി ഈ നില ഏതാണ്ട് സമാനമായി തുടരുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കാര്‍ഷിക മേഖല, രാജ്യത്തുടനീളം ദശലക്ഷക്കണക്കിന് ആളുകൾക്ക് ഉപജീവനമാർഗം നൽകുന്നുണ്ട്. കുറഞ്ഞ വരുമാനം, വിലയിലെ ഏറ്റക്കുറച്ചിലുകൾ, മോശം അടിസ്ഥാന സൗകര്യങ്ങൾ, കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ നിരവധി വെല്ലുവിളികൾ കർഷകർ അഭിമുഖീകരിക്കുന്നു. കർഷക സമൂഹത്തെ ഉന്നമിപ്പിക്കുന്നതിനും അവരുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനും നയപരമായും താഴെത്തട്ടിലുമുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. എന്നാല്‍ രാജ്യത്തിന്റെ ഭരണാധികാരികള്‍ കര്‍ഷകരെ അവഗണിക്കുക മാത്രമല്ല, കൃഷിഭൂമി കുത്തകകള്‍ക്ക് പതിച്ചു നല്‍കാനുള്ള നീക്കമാണ് കഴിഞ്ഞ 10 വര്‍ഷമായി നടത്തിവരുന്നത്. അതിനായി തയ്യാറാക്കിയ മൂന്ന് കരിനിയമങ്ങള്‍ കര്‍ഷകരുടെ അതിശക്തമായ സമരത്തെത്തുടര്‍ന്നാണ് മോഡി ഭരണകൂടത്തിന് പിന്‍വലിക്കേണ്ടി വന്നത്.

കർഷകരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് മികച്ച അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക സഹായം, ആധുനിക സാങ്കേതികവിദ്യ, വിദ്യാഭ്യാസം, സുസ്ഥിര കൃഷിരീതികൾ എന്നിവ ഉൾപ്പെടുന്ന ബഹുമുഖ സമീപനമാണ് ആവശ്യം. അതിനുള്ള പദ്ധതി ഭരണാധികാരികളില്‍ നിന്നുണ്ടായാല്‍ കര്‍ഷകര്‍ക്ക് മികച്ച വരുമാനം മാത്രമല്ല, കാലാവസ്ഥാ വ്യതിയാനവും വിപണി വെല്ലുവിളികളും നേരിടുന്നതിന് കൂടുതൽ പ്രതിരോധശേഷിയുള്ള സംവിധാനങ്ങളും ഉറപ്പാകും. ശരിയായ നയങ്ങളും ഉപകരണങ്ങളും പിന്തുണാ സംവിധാനങ്ങളുമുണ്ടെങ്കിൽ, വെല്ലുവിളികളെ തരണം ചെയ്യാനും വരുംതലമുറകൾക്കുള്‍പ്പെടെ ഉപജീവനം സുരക്ഷിതമാക്കാനും കഴിയും. നിലവില്‍ കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുക, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍, കാര്‍ഷിക കടം എഴുതിത്തള്ളല്‍, 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പുനഃസ്ഥാപിക്കല്‍, മുന്‍ സമരത്തില്‍ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം എന്നിവയാണ്. ഇവിടെയാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് പ്രസക്തമാകുന്നത്. ‘കാര്‍ഷിക വായ്പ എഴുതിത്തള്ളുക, താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പ് വരുത്തുക’ എന്നിവയാണ് അടിയന്തര പരിഹാരമായി സമിതി മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍. കര്‍ഷകര്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന ഈ വിഷയങ്ങളില്‍ മോഡി സര്‍ക്കാര്‍ മൗനം തുടരുമ്പോഴാണ് വിദഗ്ധ സമിതിയുടെ കര്‍ഷകാനുകൂല റിപ്പോര്‍ട്ട്. ഇനിയെങ്കിലും ഭരണകൂടം കണ്ണുതുറക്കുമെന്ന് അവരുടെ നാളിതുവരെയുള്ള പ്രവര്‍ത്തനം മുന്‍നിര്‍ത്തി പ്രതീക്ഷിക്കാനാകില്ല. പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് നീതിപീഠം ഇടപെട്ടാലേ കര്‍ഷകരുടെ കണ്ണുനീരിന് ശമനമുണ്ടാകൂ.

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.