24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

സൈബര്‍ തട്ടിപ്പ്: നാല് കോടി തട്ടിയ സംഘത്തിലെ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

Janayugom Webdesk
കോഴിക്കോട്
December 2, 2024 10:31 pm

സൈബർ തട്ടിപ്പ് വഴി നാലു കോടി രൂപ കവര്‍ന്ന കേസിൽ കൂട്ടുപ്രതികളായ രണ്ടുപേരെ മധ്യപ്രദേശിൽ നിന്ന് കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടി. കോഴിക്കോട് സ്വദേശിയിൽ നിന്നും ഓൺലൈൻ വഴി 4,08,80,457 രൂപ തട്ടിയെടുത്ത കേസിൽ ഉൾപ്പെട്ട പ്രതികളായ മധ്യപ്രദേശിലെ അലോട്ട് സ്വദേശി ഷാഹിദ് ഖാൻ (52), ഉജ്ജയിൻ സ്വദേശി ദിനേഷ് കുമാർ ഫുൽവാനി (48) എന്നിവരെയാണ് സൈബർ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതി സുനിൽ ദംഗി, രണ്ടാം പ്രതി ശീതൾ കുമാർ മേഹ്ത്ത എന്നിവർ നേരത്തെ പിടിയിലായിരുന്നു. 

വാട്സ്ആപ്പും ഫോണും വഴി ബന്ധപ്പെട്ട് സഹതാപം പിടിച്ചുപറ്റിയായിരുന്നു സുനില്‍ ദംഗിയുടെ നേതൃത്വത്തിൽ കുറ്റകൃത്യം ആരംഭിച്ചത്. കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടെന്നും ഭാര്യയും സഹോദരിയും അടങ്ങുന്ന കുടുംബം കടക്കെണിയിലായതിനാൽ സഹായം ചെയ്യണമെന്നും പരാതിക്കാരനോട് അഭ്യർത്ഥിക്കുകയായിരുന്നു. ഇതിനായി വ്യാജ ഫോട്ടോകളും ശബ്ദസന്ദേശങ്ങളും അയച്ച് പരാതിക്കാരന്റെ സഹതാപം പിടിച്ചുപറ്റുകയും ചെയ്തു. കുറച്ചുകാലത്തിന് ശേഷം നൽകിയ പണം പരാതിക്കാരൻ തിരികെ ആവശ്യപ്പെട്ടപ്പോൾ കുടുംബസ്വത്ത് വില്പന നടത്തി തിരികെ നൽകാമെന്ന് അറിയിച്ചു. പിന്നീട് സ്ഥല വില്പന നടത്തുന്നതുമായി ബന്ധപ്പെട്ട് സാമുദായിക കലാപ സാഹചര്യമുണ്ടായെന്നും ആത്മഹത്യയും കൊലപാതകവും ഉൾപ്പെടെ നടന്നുവെന്നും പരാതിക്കാരൻ ഉൾപ്പെടെ കേസിൽ പ്രതിയാകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു സംഘം ചെയ്തത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആണെന്ന വ്യാജേന ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തി പരാതിക്കാരനിൽ നിന്നും പിന്നെയും പണം തട്ടിയെടുക്കുകയും ചെയ്തു. 

കോഴിക്കോട് സിറ്റി സൈബർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിൽ പ്രതികൾ രാജസ്ഥാനിലെ ബഡി സാദരി, ചിറ്റോർഗട്ട്, മധ്യപ്രദേശിലെ അലോട്ട്, ഉജ്ജയിൻ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്നതായി വ്യക്തമായി. തുടരന്വേഷണത്തിലാണ് പ്രധാന പ്രതികൾ വലയിലായത്. ഇതിന് ശേഷമാണ് രണ്ടുപേർ കൂടി പിടിയിലായത്. 

സുനിൽ ദംഗി പരാതിക്കാരനിൽ നിന്നും തട്ടിയെടുക്കുന്ന പണം ഇപ്പോൾ അറസ്റ്റിലായ ഷാഹിദ് ഖാൻ, ദിനേഷ് കുമാർ ഫുൽവാനി, നേരത്തെ അറസ്റ്റിലായ ശീതൾ കുമാർ മേഹ്ത്ത എന്നിവരുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു ചെയ്തിരുന്നത്. തുടർന്ന് ചെക്ക് വഴിയും എടിഎം വഴിയും പിൻവലിച്ച് സുനിൽ ദംഗിക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണുകൾ ഉൾപ്പെടെ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.