21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 22, 2025
April 20, 2025
April 18, 2025
April 17, 2025
April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025

ഇന്ത്യ ശക്തമാക്കണം

 കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം
 ഇടതുപാര്‍ട്ടികള്‍ ഒരുമിച്ചു നില്‍ക്കണം
Janayugom Webdesk
ന്യൂഡല്‍ഹി
December 2, 2024 10:56 pm

ഇന്ത്യ സഖ്യത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ മുന്‍കയ്യെടുക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. ന്യൂഡല്‍ഹിയില്‍ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് ബിജെപി — ആർഎസ്എസ് സംഘത്തെ നേരിടാൻ വേണ്ടിയാണ് ഇന്ത്യ സഖ്യം രൂപീകരിക്കപ്പെട്ടത്. എന്നാല്‍ വിശാലാടിസ്ഥാനത്തില്‍ സഖ്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. ഭരണഘടനാ സംരക്ഷണത്തിനായി ഇടതുപാര്‍ട്ടികള്‍ ഇന്ത്യ സഖ്യത്തിനൊപ്പം ശക്തമായി നിലകൊള്ളുന്നു. പക്ഷേ സിപിഐ അടക്കമുള്ള ഇടതു പാര്‍ട്ടികളോടുള്ള സഖ്യത്തിലെ മറ്റ് പാര്‍ട്ടികളുടെ സമീപനം പരസ്പരം അംഗീകരിക്കലിന്റെയും ഉള്‍ച്ചേര്‍ക്കലിന്റെയും അഭാവം നിഴലിക്കുന്നതാണ്. 

പാര്‍ട്ടികള്‍ തമ്മിലുള്ള പരസ്പരവിശ്വാസം, ബഹുമാനം, പ്രത്യയശാസ്ത്രപരമായ യോജിപ്പ് തുടങ്ങിയ ഘടകങ്ങളുടെ അഭാവം ഫലപ്രാപ്തിയെ ബാധിച്ചിട്ടുണ്ടെന്ന് ഡി രാജ ചൂണ്ടിക്കാട്ടി. സിപിഐക്കും ഇടതുപക്ഷത്തിനും മതേതരത്വത്തിന്റെയും ബിജെപി-ആർഎസ്എസിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെയും കളങ്കരഹിതമായ ചരിത്രമുണ്ട്. മുന്നണികള്‍ക്കു വേണ്ടി വലിയ ത്യാഗങ്ങള്‍ക്ക് തയ്യാറായിട്ടുള്ള ചരിത്രമുള്ള ഇടതുപക്ഷത്തെ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളിൽ നിന്ന് ഒഴിവാക്കാനാവില്ല. ചെറിയ പാര്‍ട്ടികളെ കൂടി ഉള്‍ക്കൊണ്ടാവണം സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടാവേണ്ടത്. എന്നാല്‍ സീറ്റ് വിഭജന ചർച്ചകൾ വരുമ്പോൾ വലിയ പാർട്ടികള്‍ കാലുവാരുന്ന നടപടികള്‍ സ്വീകരിക്കുന്നു. ഇത് ഇടതുപക്ഷത്തെയും ഇന്ത്യസഖ്യത്തെയും രാഷ്ട്രീയമായി പിന്നോട്ടടിക്കുന്ന നടപടിയാണ്. തെരഞ്ഞെടുപ്പ് പ്രചരണങ്ങളെയും അനിശ്ചിതത്വം ബാധിക്കുന്നു. 

ഹരിയാനയില്‍ ഉള്‍പ്പെടെ സീറ്റ് വിഭജനത്തില്‍ ഇടതുപാര്‍ട്ടികളെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ബിജെപി അധികാരത്തിലെത്തുന്നത് ഒഴിവാക്കാമായിരുന്നു. സഖ്യത്തിലെ വലിയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം. ഇന്ത്യ സഖ്യത്തെ കൂടുതല്‍ സജീവമാക്കുന്നതിലും എന്‍ഡിഎ സഖ്യത്തെ നേരിടുന്നതിലും കൂടുതല്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. ഇന്ത്യ സഖ്യത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാന്‍ ഇടതുപാര്‍ട്ടികള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും ഡി രാജ ആവശ്യപ്പെട്ടു.
2023 മേയ് മാസത്തിൽ പൊട്ടിപ്പുറപ്പെട്ട മണിപ്പൂർ പ്രതിസന്ധി അതിരൂക്ഷമായി ഇപ്പോഴും തുടരുന്നു. അക്രമാസക്തമായ കലാപം പരിഹരിക്കുന്നതില്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളും മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങും പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ പക്ഷപാതിത്വവും കെടുകാര്യസ്ഥതയുമാണ് സംഘര്‍ഷം ആളിക്കത്തിച്ചത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനും നീതി ഉറപ്പാക്കുന്നതിനും ജനങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസം വീണ്ടെടുക്കുന്നതിനും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും സംഘടനകളെയും ഉള്‍പ്പെടുത്തി രാഷ്ട്രീയ പരിഹാരം തേടേണ്ടത് അത്യന്താപേക്ഷിതമാണ്. മണിപ്പൂരിലെ പ്രത്യേക സായുധ സൈനികാധികാര നിയമം (അഫ്‌സ്‌പ) ഉടന്‍ പിന്‍വലിക്കണമെന്നും ബിരേന്‍ സിങ് രാജിവയ്ക്കണമെന്നും ഡി രാജ ആവശ്യപ്പെട്ടു. 

കേന്ദ്രസര്‍ക്കാരിന്റെ ചങ്ങാത്ത മുതലാളിത്തത്തിനെതിരെ, അഡാനി ഗ്രൂപ്പ് ക്രമക്കേടുകളില്‍ പാര്‍ലമെന്ററി സംയുക്ത സമിതി അന്വേഷണം ആവശ്യപ്പെട്ട് 10 ന് നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭം വിജയിപ്പിക്കണമെന്നും ഡി രാജ ആഹ്വാനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.