സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന്റെ വിജയക്കുതിപ്പിന് അവസാനമിട്ട് ആന്ധ്ര. ആറ് വിക്കറ്റിനായിരുന്നു ആന്ധ്രയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം 19-ാം ഓവറിൽ 87 റൺസിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആന്ധ്ര ഏഴ് ഓവർ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി.
കഴിഞ്ഞ മത്സരങ്ങളിൽ മികച്ച ഫോമിൽ തുടർന്ന കേരളത്തിന്റെ ബാറ്റിങ് നിരയ്ക്ക് എല്ലാം പിഴച്ച ദിവസമായിരുന്നു ഇന്ന്. ഇന്നിങ്സ് ഓപ്പൺ ചെയ്ത സഞ്ജു സാംസണും രോഹൻ കുന്നുമ്മലും കരുതലോടെയായിരുന്നു തുടങ്ങിയത്. എന്നാൽ സ്കോർ 17ൽ നില്‍ക്കെ ഒമ്പത് റൺസെടുത്ത രോഹൻ മടങ്ങി. സഞ്ജുവും ജലജ് സക്സേനയും ചേർന്ന് ഇന്നിങ്സ് മുന്നോട്ടു നീക്കിയെങ്കിലും, കൂട്ടുകെട്ട് അധികം നീണ്ടില്ല. ഏഴ് റൺസെടുത്ത സഞ്ജുവിനെ ശശികാന്ത് പുറത്താക്കിയതോടെ കേരളത്തിന്റെ തകർച്ചയ്ക്ക് തുടക്കമായി. തുടർന്നെത്തിയ മുഹമ്മദ് അസറുദ്ദീൻ ആദ്യ പന്തിൽ തന്നെ പുറത്തായപ്പോൾ സൽമാൻ നിസാർ മൂന്ന് റൺസെടുത്ത് മടങ്ങി. വിഷ്ണു വിനോദ് ഒരു റണ്ണും വിനോദ് കുമാർ മൂന്ന് റൺസും എടുത്ത് പുറത്തായി.
മറുവശത്ത് ഉറച്ച് നിന്ന ജലജ് സക്സേന റണ്ണൗട്ടായതോടെ ഏഴ് വിക്കറ്റിന് 55 റൺസെന്ന നിലയിലായിരുന്നു കേരളം. തുടർന്നെത്തിയ അബ്ദുൾ ബാസിദും എം ഡി നിധീഷും നടത്തിയ ചെറുത്തുനില്പാണ് കേരളത്തിന്റെ ഇന്നിങ്സ് 87ൽ എത്തിച്ചത്. അബ്ദുൾ ബാസിദ് 18ഉം നിധീഷ് 14ഉം റൺസെടുത്തു. 22 പന്തിൽ 27 റൺസെടുത്ത ജലജ് സക്സേനയാണ് കേരളത്തിന്റെ ടോപ് സ്കോറർ. ആന്ധ്രയ്ക്ക് വേണ്ടി ശശികാന്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ സുദർശൻ, രാജു, വിനയ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആന്ധ്രയ്ക്ക് ഓപ്പണർ കെ എസ് ഭരതിന്റെ അർധസെഞ്ചുറിയാണ് വിജയം ഒരുക്കിയത്. 33 പന്തിൽ നിന്ന് 56 റൺസുമായി ഭരത് പുറത്താകാതെ നിന്നു. വിജയത്തോടടുക്കെ വിക്കറ്റുകൾ നഷ്ടമായെങ്കിലും മികച്ച രീതിയില്‍ ബാറ്റ് വീശി ആന്ധ്ര ബാറ്റർമാർ വിജയം സ്വന്തമാക്കി. കേരളത്തിനുവേണ്ടി ജലജ് സക്സേന മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.