16 January 2026, Friday

Related news

January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 12, 2026
January 11, 2026
January 11, 2026
January 9, 2026

ബിബിസിയുടെ നൂറ് വനിതകളില്‍ മൂന്ന് ഇന്ത്യക്കാരും

അരുണാ റോയ്, വിനേഷ് ഫോഗട്ട്, പൂജാ ശര്‍മ്മ എന്നിവര്‍ പട്ടികയില്‍
Janayugom Webdesk
ന്യൂഡല്‍ഹി
December 4, 2024 10:13 pm

ലോകത്തെ സ്വാധീനിച്ച നൂറ് വനിതകളുടെ ബിബിസി പട്ടികയില്‍ ഇടം നേടി മൂന്ന് ഇന്ത്യക്കാര്‍. സാമൂഹിക പ്രവര്‍ത്തകയും നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമണ്‍ (എന്‍എഫ്ഐഡബ്ല്യു) അധ്യക്ഷയുമായ അരുണ റോയ്, ഗുസ്തി താരം വിനേഷ് ഫോഗട്ട്, അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ക്കായി ഡല്‍ഹിയില്‍ ശവസംസ്കാര ചടങ്ങുകള്‍ നടത്തി ശ്രദ്ധനേടിയ പൂജ ശര്‍മ്മ എന്നിവരാണ് 2024ല്‍ ഏറ്റവും സ്വാധീനവും പ്രചോദനവും ചെലുത്തിയ നൂറ് വനിതകളുടെ പട്ടികയിൽ ഇടം നേടിയത്. 

ഇന്ത്യന്‍ വംശജ എന്ന നിലയില്‍ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും പട്ടികയില്‍ ഇടംനേടിയത് രാജ്യത്തിന് അഭിമാനമായി. ഹോളിവുഡ് നടി ഷാരോണ്‍ സ്റ്റോണ്‍, ബലാത്സംഗത്തെ അതിജീവിച്ച ജിസെല്‍ പെലിക്കോട്ട്, സമാധാന നൊബേല്‍ ജേതാവ് നാദിയ മുറാദ്, കാലാവസ്ഥാ പ്രവര്‍ത്തക അഡെനികെ ഒലഡോസു എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച ചില പ്രമുഖര്‍.
സാമൂഹിക പ്രവർത്തകയായ അരുണ റോയ് നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ ഗ്രാമീണ ദരിദ്രരുടെ അവകാശങ്ങൾക്കായി ജീവിതം സമർപ്പിച്ച വ്യക്തിയാണ്. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥയായിരുന്ന അരുണ, സുതാര്യത, ന്യായമായ വേതനം എന്നിവയ്ക്കായി വാദിക്കുന്ന മസ്ദൂർ കിസാൻ ശക്തി സംഘടന (എംകെഎസ്എസ്)യുടെ സ്ഥാപകയാണ്. 2005ൽ ഇന്ത്യയുടെ വിവരാവകാശ നിയമം നടപ്പിലാക്കുന്നതിൽ എംകെഎസ്എസ് സുപ്രധാന പങ്ക് വഹിച്ചിരുന്നു. 

ഗുസ്തിതാരമായ വിനേഷ് ഫോഗട്ട് കായികരംഗത്തെ ലിംഗവിവേചനത്തിനെതിരായ ശക്തമായ ശബ്ദമാണ്. 2014, 2018, 2022 വര്‍ഷങ്ങളില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടി. 2018ലെ ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടി. ഏഷ്യന്‍, കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ ഗുസ്തിമത്സരത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി വിനേഷ് മാറി. മൂന്ന് തവണ ഒളിമ്പിക്സ് മെഡലും സ്വന്തമാക്കി. ഈ വര്‍ഷം 50 കിലോ ഗുസ്തി വിഭാഗത്തില്‍ ഫൈനലിലെത്തിയെങ്കിലും നൂറ് ഗ്രാം കൂടുതലായതിനാല്‍ അയോഗ്യയാക്കപ്പെട്ടിരുന്നു. ദേശീയ ഗുസ്തി ഫെഡറേഷന്റെ മേധാവിയായിരുന്ന ബ്രിജ് ഭൂഷന്റെ ലൈംഗിക അതിക്രമത്തിനെതിരെ നടത്തിയ പ്രതിഷേധവും ഏറെ ശ്രദ്ധനേടിയിരുന്നു. ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വിനേഷ് നിലവില്‍ ഹരിയാനയിലെ ജുലാന മണ്ഡലത്തിലെ എംഎല്‍എയാണ്.

അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ക്കായി ഡല്‍ഹിയില്‍ ശവസംസ്കാര ചടങ്ങുകള്‍ നടത്തിയാണ് പൂജ ശര്‍മ്മ വാര്‍ത്തകളില്‍ ഇടംനേടിയത്. ഹിന്ദു സംസ്കാരത്തില്‍ പരമ്പരാഗതമായി മൃതദേഹം സംസ്കരിക്കുന്നത് പുരുഷന്മാര്‍ മാത്രമായിരുന്നു. ഇതിനെതിരെയായിരുന്നു പൂജയുടെ പോരാട്ടം. സഹോദരന്റെ ശവസംസ്കാര ചടങ്ങുകള്‍ ഒറ്റയ്ക്ക് നടത്തേണ്ടി വന്നതാണ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കിയത്. ബ്രൈറ്റ് ദി സോള്‍ ഫൗണ്ടേഷന്റെ സ്ഥാപകയാണ് പൂജ ശര്‍മ്മ. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ, വിവിധ മതത്തില്‍പ്പെട്ട 4,000ലധികം പേരുടെ അന്ത്യകര്‍മ്മങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.