: അടുത്തവര്‍ഷം പാകിസ്ഥാന്‍ വേദിയാകുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച അനിശ്ചിതത്വത്തിന് വിരാമമായി. ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ ദുബായില്‍ വച്ച് നടത്താന്‍ തീരുമാനമായി. പുതിയ ഐസിസി അധ്യക്ഷന്‍ ജയ് ഷാ മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ദുബായില്‍ നടക്കും.
എന്നാല്‍ ഇന്ത്യ പാകിസ്ഥാനില്‍ കളിക്കില്ലെങ്കില്‍ പാകിസ്ഥാനും ഇന്ത്യയില്‍ കളിക്കില്ലെന്ന് നിലപാടെടുത്തതോടെ 2027വരെയുള്ള ഐസിസി ടൂര്‍ണമെന്റുകളിലെ ഇന്ത്യ‑പാക് മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ നടത്താനും യോഗത്തില്‍ ധാരണയായി. സുരക്ഷാ പ്രശ്നങ്ങളും രാഷ്ട്രീയ കാരണങ്ങളും ചൂണ്ടിക്കാട്ടി ഇന്ത്യ പാകിസ്ഥാനില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും വാക് പോരില്‍ ഏര്‍പ്പെടുകയും ടൂര്‍ണമെന്റിന്റെ കാര്യം അനിശ്ചിതത്വത്തില്‍ ആവുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പാകിസ്ഥാന്റെ ടൂര്‍ണമെന്റ് നടത്താനുള്ള അവകാശം എടുത്തുകളയുമെന്ന് ഐസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ ഹൈബ്രിഡ് മാതൃകയില്‍ ആഗോള ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ പാകിസ്ഥാന്‍ സമ്മതിക്കുകയായിരുന്നു.
അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏഷ്യാ കപ്പ്, 2026ൽ ഇന്ത്യയും ശ്രീലങ്കയും സംയുക്ത ആതിഥേയരാവുന്ന ടി20 ലോകകപ്പ്, വനിതാ ലോകകപ്പ് മത്സരങ്ങള്‍ കളിക്കാൻ പാകിസ്ഥാന്‍ ടീമും ഇന്ത്യയിലേക്കെത്തില്ല. പകരം പാകിസ്ഥാന്റെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ നിഷ്പക്ഷ വേദിയില്‍ നടത്തും. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ ടീം പാകിസ്ഥാനില്‍ കളിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.