12 December 2024, Thursday
KSFE Galaxy Chits Banner 2

സ്റ്റാർട്ടപ്പ് ജ്വരം നമ്മെ എവിടെയെത്തിക്കും!

പ്രൊഫ. കെ അരവിന്ദാക്ഷൻ
December 9, 2024 4:40 am

വികസന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരിൽ ഏറെപ്പേരും ഇന്ത്യ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്കുള്ള പരിഹാരമായി നിർദേശിക്കുന്നത് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സമ്പദ്‌വ്യവസ്ഥയെ തകർച്ചയിൽ നിന്നും സംരക്ഷിക്കുക, വിദേശ മൂലധന ആധിപത്യത്തിൽ നിന്നും സ്വയം രക്ഷനേടുക എന്നിങ്ങനെ നീണ്ടുപോകുന്നു സ്റ്റാർട്ടപ്പുകളുടെ പ്രവർത്തന മേഖലയുടെ പട്ടിക. ഇങ്ങനെ പോയാൽ വികസന മേഖലയുടെ നേട്ടങ്ങൾ സംബന്ധിച്ച പ്രതീക്ഷകൾക്ക് വിരാമമുണ്ടാകാനിടയില്ല.
ഇതെല്ലാം തുടങ്ങുന്നത് സ്വകാര്യമേഖലയിൽ നിന്നുള്ള ചെറുകിട ഇടത്തരം സംരംഭകരിൽ നിന്നാണ്. പിന്നീട് കേന്ദ്ര – സംസ്ഥാന സർക്കാരുകളും രംഗത്തുവരാൻ തുടങ്ങി. 2022ൽ സ്റ്റാർട്ടപ്പ് ഇന്ത്യാ മിഷൻ എന്നൊരു സംവിധാനത്തിന് കേന്ദ്രം രൂപം നല്‍കുന്നു. ഒരു വർഷത്തിനുള്ളിൽ തന്നെ, 23,000 യൂണിറ്റുകൾ രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്തു. തുടർന്നുള്ള മാസങ്ങളിലും ഈ രജിസ്ട്രേഷൻ പ്രക്രിയ തുടരുകയായിരുന്നു. സ്റ്റാർട്ടപ്പ് പ്രേമം ഇവിടംകൊണ്ടും തീർന്നില്ല. ഇന്ത്യയിലെ ശാസ്ത്ര — സാങ്കേതിക, മാനേജ്മെന്റ് വിദ്യാഭ്യാസ പരിശീലനത്തിൽ ആഗോള പ്രശസ്തി നേടിയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്ഥാപനങ്ങളും പ്രോത്സാഹനവുമായി രംഗം കൊഴുപ്പിച്ചതോടെ സ്റ്റാർട്ടപ്പുകൾ ഒരുതരം ‘ജ്വര’മായി വളരുകയാണുണ്ടായത്. ഐഐടികളോടും ഐഐഎംകളോടുമൊപ്പം സ്വകാര്യ കോർപറേറ്റ് മേഖലയിലെ സ്ഥാപനങ്ങളും രംഗത്തുവരാൻ തുടങ്ങി. അങ്ങനെ ഇന്ത്യയിലുടനീളം സ്റ്റാർട്ടപ്പ് മയംതന്നെ.
ഈ ഘട്ടമെത്തിയതോടെ മറ്റേതൊരു കാര്യത്തിലുമെന്നപോലെ സ്റ്റാർട്ടപ്പിന്റെ കാര്യത്തിലും ദോഷൈക ദൃക്കുകൾ വിമർശനങ്ങളുമായി രംഗത്തുവന്നു. വ്യക്തമായൊരു നയമില്ലാതെയാണ് ഇത്തരമൊരു പരീക്ഷണത്തിന് സർക്കാർ പ്രോത്സാഹനവുമായി വന്നിരിക്കുന്നതെന്നും ഇത് ശരിയല്ലെന്നുമായിരുന്നു വിമർശനത്തിന്റെ കാതൽ. ഏത് സ്റ്റാർട്ടപ്പും വിജയിക്കണമെങ്കിൽ അതിനാവശ്യമായ നയപരമായ ചട്ടക്കൂടും മുന്നൊരുക്കങ്ങളും അനിവാര്യമാണ്. അതിന് തുടക്കം കുറിക്കാൻ രംഗത്തെത്തുന്നവരും പണം മുടക്കുന്നവരും ബന്ധപ്പെട്ട സംരംഭത്തിൽ നിന്നും എന്തെങ്കിലും നേട്ടം പ്രതീക്ഷിക്കുക സ്വാഭാവികം മാത്രമാണ്. ഈ പ്രതീക്ഷ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഏതറ്റംവരെ വിജയിക്കും എന്നതാണ് യഥാർത്ഥ പ്രശ്നം. ഇക്കാര്യത്തിൽ മാർഗനിർദേശകമാവുക മറ്റ് രാജ്യങ്ങളിലെ സ്റ്റാർട്ടപ്പുകളുടെ അനുഭവമായിരിക്കുമല്ലോ. അമേരിക്കയിലെ 10 സ്റ്റാർട്ടപ്പുകളിൽ ഒമ്പതെണ്ണവും ലക്ഷ്യത്തിലെത്തിയില്ലെന്നാണ് മനസിലാക്കുന്നത്. ആദ്യത്തെ വർഷം പരാജയനിരക്ക് 10ശതമാനമായിരുന്നത് രണ്ടു വർഷങ്ങൾക്കകം 30ശതമാനത്തിലേക്കുയർന്നു. അഞ്ചു വർഷങ്ങൾക്കകം ‘ഷട്ട്ഡൗൺ’ ആയത് 20ശതമാനത്തോളവുമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ എന്തെങ്കിലും സാമ്പത്തിക നേട്ടം കൈവരിക്കുന്നതിൽ വിജയിച്ചത് 10 ശതമാനം മാത്രമായിരുന്നു. ഇതിലൂടെ വ്യക്തമാകുന്നത് സ്റ്റാർട്ടപ്പുകളെ സംബന്ധിച്ച്, അവയിൽ നിന്നുള്ള സാമ്പത്തിക നേട്ടങ്ങൾ സംബന്ധിച്ച് ഇത്രയേറെ കൊട്ടിഘോഷിക്കേണ്ട കാര്യമൊന്നുമില്ലെന്നുതന്നെയാണ്.
മറിച്ചായിരുന്നു സ്ഥിതിയെങ്കിൽ ബാങ്ക് വായ്പ വാങ്ങി സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിച്ചവര്‍ വായ്പാ സ്ഥാപനങ്ങളുടെ ജപ്തി നടപടിയിൽ മനംമടുത്ത് ആത്മഹത്യക്ക് പ്രേരിക്കപ്പെടുമായിരുന്നോ? ദിവസേനയെന്നോണമല്ലേ ഇത്തരം ദുരന്തങ്ങൾ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്? മറ്റൊരുവിധത്തിൽ പറഞ്ഞാൽ, സ്റ്റാർട്ടപ്പുകൾ വഴി ജീവിതമാർഗം കണ്ടെത്താമെന്ന ആശയം നല്ലതാണെങ്കിലും അത് പ്രയോഗത്തിലാക്കി വിജയിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങൾ എന്തെല്ലാമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഒട്ടേറെ പ്രതീക്ഷകളോടെ തുടക്കമിട്ട സംരംഭങ്ങൾ പരാജയപ്പെടുന്നതിനുള്ള കാരണങ്ങളെന്തെന്ന് കൃത്യമായും സത്യസന്ധമായും പരിശോധിക്കപ്പെടേണ്ടത് ഒഴിച്ചുകൂടാനാവാത്തതാണ്.
പരാജയകാരണങ്ങളിൽ ആദ്യത്തേതായി കാണാൻ കഴിയുന്നത് സ്റ്റാർട്ടപ്പുകൾ വഴി നിർമ്മിക്കപ്പെടുന്ന ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും വിപണിസാധ്യത ഉറപ്പാക്കുക എന്നതാണ്. ഉല്പന്നമായാലും സേവനമായാലും ഉപഭോക്താക്കൾക്ക് അത് സ്വീകാര്യമായിരിക്കുകതന്നെ വേണം. അതായത് പുതുതായി വിപണിയിലെത്തുന്നത് വിപണിക്ക് അനുയോജ്യമായ ഉല്പന്നമോ സേവനമോ ആയിരിക്കണം. അല്ലാത്തതെന്തും ഉപഭോക്താക്കൾ തള്ളിക്കളയുകതന്നെ ചെയ്യും. രണ്ടാമത് സ്റ്റാർട്ടപ്പിനായി നിക്ഷേപിക്കുന്ന തുക അതെത്രതന്നെയായാലും ഉല്പാദന ക്ഷമമായും വിപണി സൗഹൃദമായും ചെലവാക്കണം. മൂന്ന്, ഏതൊരു സ്റ്റാർട്ടപ്പ് സംരംഭമായാലും അത് ഒറ്റയ്ക്ക് ഏറ്റെടുത്ത് തുടങ്ങുകയും വിജയത്തിലെത്തിക്കുകയും ചെയ്യാൻ കഴിഞ്ഞെന്നുവരില്ല. മറ്റാരുടെയെങ്കിലും സഹായമോ പങ്കാളിത്തമോ വേണ്ടിവരും. ഇക്കാര്യത്തിൽ അതീവ ശ്രദ്ധ ആവശ്യമാണ്.
സ്റ്റാർട്ടപ്പ് സംരംഭം വിഭാവനം ചെയ്ത് പ്രയോഗത്തിലാക്കാൻ മുൻകയ്യെടുക്കുന്നത് ഒരു സാങ്കേതിക വിദഗ്ധനാണെങ്കിൽ അയാൾക്ക് സഹായിയായി വേണ്ടത് ഒരു മാനേജ്മെന്റ് കാര്യ — വിപണികാര്യ വിദഗ്ധനായിരിക്കണം. നിർദിഷ്ട സംരംഭത്തിന് പരിസ്ഥിതി സുരക്ഷിതത്വവും ഉറപ്പാക്കിയേ തീരൂ. വിദേശ സഹായമോ ആശ്രിതത്വമോ ആവശ്യമുള്ള സംരംഭമാണെങ്കിൽ ഇന്ത്യൻ കറൻസിയായ രൂപയുടെ വിദേശവിനിമയ മൂല്യത്തിൽ സംഭവിച്ചേക്കാവുന്ന ഏറ്റക്കുറച്ചിലുകളെ സംബന്ധിച്ചുള്ള ധാരണയും വേണ്ടിവരും. വിദേശ കയറ്റുമതി — ഇറക്കുമതി നികുതികളും തീരുവകളും ഇടയ്ക്കിടെയുള്ള മാറ്റങ്ങൾക്ക് വിധേയമാക്കപ്പെടാന്‍ സാധ്യതകളുണ്ടല്ലോ. ഇതിനെപ്പറ്റിയും ഒരു ധാരണ കൂടിയേതീരൂ.
അപൂർവ സന്ദർഭങ്ങളിൽ ആഗോളതലത്തിൽ തന്നെയുള്ള സംരംഭകത്വ മേഖലയിൽ മൗലികമായ നിലയിൽപോലും ഘടനാപരമായ മാറ്റങ്ങൾ പൊടുന്നനെ സംഭവിച്ചേക്കാം. വേൾഡ് വൈഡ് വെബ് (ഡബ്ല്യുഡബ്ല്യുഡബ്ല്യു) എന്ന പേരിലാണ് ഇത്തരം മാറ്റങ്ങൾ രേഖപ്പെടുത്തുന്നത്. ഈ മാറ്റങ്ങൾ സംബന്ധമായി കൃത്യമായ വിവരങ്ങൾ മുൻകൂട്ടി ലഭ്യമല്ലാത്ത അവസ്ഥയിൽ കാര്യക്ഷമമായും സ്ഥിരതയോടെയും പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കുപോലും അടിതെറ്റിപ്പോകാനിടയുണ്ട്. ഈവിധത്തിലുള്ള അപകട സാധ്യതകൾ മുൻകൂട്ടി മനസിലാക്കുന്നതിനും അപ്രതീക്ഷിതമായി വന്നുചേരുന്ന അപകടങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിനും സാങ്കേതികവിദ്യകൾ ലഭ്യമാണെങ്കിലും അവയുടെ വിനിയോഗം സംബന്ധിച്ചുള്ള അത്യന്താധുനിക കമ്പ്യൂട്ടർ ശാസ്ത്രവിജ്ഞാനം സാധാരണ സ്റ്റാർട്ടപ്പ് സംരംഭകർക്ക് ഉണ്ടായിരിക്കണമെന്നില്ല. നിർമ്മിത ബുദ്ധി (എഐ)ക്ക് സ്വീകാര്യത വർധിച്ചുവരുന്ന കാലഘട്ടത്തിൽ സ്റ്റാർട്ടപ്പ് മേഖലയിലെ സാങ്കേതിക വിദ്യാ പ്രയോഗം കൂടുതൽ സങ്കീർണത നിറഞ്ഞതാകാനാണ് സാധ്യത.
വേൾഡ് വൈഡ് വെബ് എന്ന സംവിധാനത്തിന്റെ ഉപജ്ഞാതാവ് ടി ബേർണേഴ്സ് — ലീയുടെ വാക്കുകൾ മേല്പറഞ്ഞ കാര്യങ്ങള്‍ക്ക് അടിവരയിടുന്നു. അതിബുദ്ധിമാനായ ഈ കമ്പ്യൂട്ടർ വിദഗ്ധൻ സ്വന്തം നിർമ്മിതിയായ വെബ്സൈറ്റിനെയും അതിന്റെ ഭാഷയെയും അടിസ്ഥാന സംവിധാനത്തെയും വാനോളം പുകഴ്ത്തുകയും ആധുനിക ലോക ജനതയ്ക്ക് അതിലൂടെ ലഭ്യമാകുന്ന നേട്ടങ്ങളെപ്പറ്റി സ്വയം അഭിമാനിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, അടുത്തഘട്ടത്തിൽത്തന്നെ തന്റെ കണ്ടുപിടിത്തം ആധുനിക ലോകത്തിൽ വരുത്തിവയ്ക്കാനിടയുള്ള ദുരന്തങ്ങളെപ്പറ്റി വാചാലനാവുകയുമാണ് ചെയ്യുന്നത്. അദ്ദേഹം പറയുന്നത്, ആധുനിക കാലഘട്ടത്തിലെ വെബ്ബുകൾ കരുതിക്കൂട്ടി വെറുപ്പുളവാക്കുന്നതും സ്റ്റേറ്റിന്റെ തന്നെ അനുഗ്രഹാശിസുകളോടെ നടത്തുന്ന അതിക്രമങ്ങൾക്കും ക്രിമിനൽ നടപടികൾക്കും ഓണ്‍‌ലെെൻ ചൂഷണത്തിനും കുടപിടിക്കാൻ സഹായകമായ വാണിജ്യ ലക്ഷ്യങ്ങൾക്കു മാത്രമായി സജ്ജമാക്കുന്നതുമായ നിലയില്‍ തരംതാഴ്ത്തപ്പെട്ടിരിക്കുന്നു എന്നാണ്. സ്വാഭാവികമായും ഈ വെബ്ബ് വഴി കിട്ടുന്ന വിവരങ്ങളുടെ വിശ്വാസ്യതതന്നെ തീർത്തും തകർന്നിരിക്കുകയാണ് എന്ന നിഗമനത്തിലാണ് ലീ എത്തിച്ചേർന്നിട്ടുള്ളത്. ഇക്കാരണത്താൽ വെബ്ബിനെ ആശ്രയിച്ചുള്ള ഏതൊരു നടപടിയും നിഗമനവും അനാരോഗ്യകരമായ സാമൂഹ്യ ധ്രുവീകരണത്തിനും നിഷേധ പ്രത്യാഘാതങ്ങൾക്കുമായിരിക്കും കളമൊരുക്കുക.
ഡബ്ല്യുഡബ്ല്യുഡബ്ല്യു എന്ന ആശയവിനിമയ സ്രോതസിന്റെ സ്ഥാപകനും പ്രചാരകനും തന്നെ അതിശക്തമായ ഭാഷയിലും രൂക്ഷമായ ശൈലിയിലുമാണ് അതിന്റെ പ്രായോഗികതലം സംബന്ധമായി തനിക്കുണ്ടായ കടുത്ത നിരാശയെപ്പറ്റി മാധ്യമലോകത്തെ അറിയിക്കുന്നതെന്ന് നിസാരമായി കാണരുത്. മാജിക്കൽ ഇന്നൊവേഷൻ എന്ന വിഷയത്തിന് തന്റെ ഈ പരീക്ഷണം ഒരിക്കൽപോലും അർഹമാവില്ലെന്ന് അദ്ദേഹം അടിവരയിട്ടു പറയുകയും ചെയ്യുന്നു. ഈവിധത്തിലുള്ള സാങ്കേതിക വിദ്യാ പ്രയോഗങ്ങളിലൂടെ ഹ്രസ്വകാലത്തേക്ക് അമിത ലാഭം നേടാൻ നടത്തുന്ന പരിശ്രമങ്ങളിൽ നിന്നും കോർപറേറ്റ് സ്ഥാപനങ്ങൾ പിന്മാറണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം. കാരണം ഇതുവഴി ഈ സ്ഥാപനങ്ങൾ മനുഷ്യാവകാശ ലംഘനങ്ങൾക്കും ജനാധിപത്യ വ്യവസ്ഥയുടെയും ശാസ്ത്രവിജ്ഞാനത്തിന്റെയും പൊതുസുരക്ഷയുടെയും നാശത്തിലേക്കുമാണ് മനുഷ്യസമൂഹത്തെ നയിക്കുന്നതെന്നതുതന്നെ. എന്നാൽ ആധുനിക കാലഘട്ടത്തിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങളോ സംരംഭകരോ ഇതിന് ചെവികൊടുക്കുമോ എന്നതാണ് ഒരു മില്യണ്‍ ഡോളർ ചോദ്യമായി നമുക്ക് മുന്നിൽ അവശേഷിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.