ഡൽഹിയിൽ നാൽപ്പതിലധികം സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇന്ന് രാവിലെയാണ് ഇമെയിൽ വഴി ഭീഷണി സന്ദേശം സ്കൂളുകളിൽ എത്തിയത്. പണം ആവശ്യപ്പെട്ടുള്ള സന്ദേശത്തിൽ പൊട്ടിത്തെറിയുണ്ടായാൽ കനത്ത നാശനഷ്ടം ഉണ്ടാകുമെന്ന് ഭീഷണി മുഴക്കുന്നുണ്ട്. സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളിലെത്തിയ വിദ്യാർഥികളെ അധികൃതർ തിരികെ വീട്ടിലേക്ക് അയച്ചു.ആർകെ പുരത്തുള്ള ഡൽഹി പബ്ലിക് സ്കൂൾ, പശ്ചിം വിഹാറിലെ ജിഡി ഗോയങ്ക പബ്ലിക് സ്കൂൾ എന്നിവയ്ക്കാണ് ആദ്യം ഇ–മെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ്, ഡോഗ് സ്ക്വാഡ്, ബോംബ് ഡിറ്റക്ഷൻ ടീം, ലോക്കൽ പൊലീസ് എന്നിവരടക്കം സ്കൂളിലെത്തി തിരച്ചിൽ നടത്തി. സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. പിന്നീട് മറ്റ് സ്കൂളുകളിലും ഇമെയിൽ സന്ദേശമെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. സന്ദേശമയച്ചയാളുടെ ഐപി അഡ്രസ് അടക്കം പരിശോധിക്കുകയാണ് പൊലീസ് രണ്ട് മാസം മുൻപ് ഡൽഹിയിലെയും ഹൈദരാബാദിലെയും സിആർപിഎഫ് സ്കൂളുകൾക്ക് നേരെയും ഭീഷണി സന്ദേശമെത്തിയിരുന്നു. ഒക്ടോബർ 20ന് ഡൽഹി പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്കൂളിന് സമീപം രണ്ട് സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് സ്കൂളിന്റെ മതിൽ തകർന്നിരുന്നു. ഒരാഴ്ച മുൻപാണ് രോഹിണിയിലെ വെങ്കിടേശ്വർ ഗ്ലോബൽ സ്കൂളിന് ഇമെയിൽ വഴി ബോംബ് ഭീഷണി വന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.