മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാനാവില്ലെന്ന് സുപ്രീം കോടതി. 77 സമുദായങ്ങളെ ഒബിസി പട്ടികയില്‍പ്പെടുത്തിയ തീരുമാനം റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഒബിസി പട്ടികയില്‍പ്പെടുത്തിയതില്‍ ഭൂരിപക്ഷവും മുസ്ലിം മതവിഭാഗത്തില്‍പ്പെട്ടതാണ്. എന്നാല്‍ മതത്തിന്റെ അടിസ്ഥാനത്തിലല്ല, സമുദായങ്ങളുടെ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലാണ് സംവരണം അനുവദിച്ചതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. എല്ലാ സമുദായങ്ങളിലും പിന്നാക്കാവസ്ഥ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ഒബിസി സമുദായങ്ങൾക്കുള്ള സംവരണം റദ്ദാക്കിയ ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും വിഷയം പരിഗണനയിലാണെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു.
ഹൈക്കോടതി വിധിയെ തുടർന്ന് 12 ലക്ഷം ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കപ്പെട്ടുവെന്നും ഇത് നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നും കപിൽ സിബൽ ബോധിപ്പിച്ചു. ഹിന്ദു പിന്നാക്ക വിഭാഗങ്ങളിൽ പെടുന്ന 66 വിഭാഗങ്ങളെ തരംതിരിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവുകൾ, അവ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല എന്ന കാരണത്താൽ ഹൈക്കോടതി റദ്ദാക്കിയിട്ടില്ലെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളെ മുതിർന്ന അഭിഭാഷകൻ പി എസ് പട്‍വാലിയ നിരസിച്ചു. സർവേ ഡാറ്റകളുടെ അടിസ്ഥാനത്തിലല്ല സംവരണം നൽകിയതെന്ന് അദ്ദേഹം വാദിച്ചു. കേസ് 2025 ജനുവരി ഏഴിന് കോടതി വീണ്ടും പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.