വിഴിഞ്ഞം വിഷയത്തിലുള്ള കേന്ദ്രസർക്കാരിന്റെ മറുപടി കേരളത്തോടുള്ള ബിജെപിയുടെ വെറുപ്പും രാഷ്ട്രീയ പകപോക്കലും തുറന്നുകാട്ടുന്നതാണെന്ന് അഡ്വ പി സന്തോഷ് കുമാർ എംപി. രാജ്യസഭയിൽ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം നൽകിയ മറുപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം അന്താരാഷ്ട്ര കടൽ വികസന പദ്ധതിക്ക് നൽകിയ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) സംബന്ധിച്ച് പി സന്തോഷ്‌കുമാർ എംപി പാർലമെന്റിൽ ചോദ്യം ഉന്നയിച്ചിരുന്നു. മന്ത്രാലയം നൽകിയ മറുപടി പ്രകാരം വിജിഎഫ് പദ്ധതിയിൽ വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്ര സർക്കാർ 817.80 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വായ്പയായിട്ടല്ല ഗ്രാന്റായിട്ടാണ് വിജിഎഫ് നൽകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
എന്നാൽ 15 വർഷത്തിന് ശേഷം തുറമുഖത്തിന്റെ വരുമാനത്തിൽ നിന്ന് വിജിഎഫിന് വർഷം തോറും തുക തിരിച്ചടയ്ക്കണമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്തിൽ പറഞ്ഞിരുന്നു. തിരിച്ചടവ് സംബന്ധിച്ച് യാതൊരു നിബന്ധനയുമില്ലാതെയാണ് കേന്ദ്ര സർക്കാർ തൂത്തുക്കുടി തുറമുഖത്തിന് വിജിഎഫ് നൽകിയത്. വികസന പദ്ധതികൾക്കുള്ള സാമ്പത്തിക സഹായത്തിന്റെ മാർഗ്ഗനിര്‍ദേശങ്ങൾ അനുസരിച്ച് വി ജി എഫ് ഒരു പ്രവർത്തന ഗ്രാന്റോ മൂലധന ഗ്രാന്റോ ആണ്. ഈ സഹായത്തിന്റെ തിരിച്ചടവ് സംബന്ധിച്ച് ഒരു വ്യവസ്ഥയും ഈ നിര്‍ദേശങ്ങളിൽ ഇല്ല.
നിർമല സീതാരാമനും ബിജെപിയും കേരളത്തോട് കാണിക്കുന്ന ശത്രുത പൊറുക്കാനാവില്ലെന്നും രാഷ്ട്രീയ ഭിന്നതകൾ ഒരു സംസ്ഥാനത്തെ ജനങ്ങളേയും ദ്രോഹിക്കുന്നതിനും വിവേചനം കാണിക്കുന്നതിനും കാരണമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ മന്ത്രി, രാജ്യസഭയിൽ സത്യം പറഞ്ഞതിനാൽ വി ജി എഫ് തിരിച്ചടയ്ക്കണം എന്ന ആവശ്യം പിൻവലിക്കണം. കൂടാതെ വിജിഎഫ് ഉടനടി നിരുപാധികമായും സംസ്ഥാന സർക്കാരിന് കൈമാറണമെന്നും വിഴിഞ്ഞത്തിന്റെയും കേരളത്തിന്റെയും വികസനം തകർക്കാനുള്ള ഏതൊരു ശ്രമവും ജനങ്ങൾ ചെറുത്തുതോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.