സീനിയർ വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഉത്തരാഖണ്ഡിനെതിരെ കേരളത്തിന് മികച്ച വിജയം. എട്ട് വിക്കറ്റിനാണ് കേരളം ഉത്തരാഖണ്ഡിനെ തകർത്തത്. പുറത്താകാതെ 83 റൺസ് നേടുകയും മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ക്യാപ്റ്റൻ ഷാനിയുടെ പ്രകടനമാണ് കേരളത്തിൻ്റെ വിജയം അനായാസമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡിൻ്റെ രണ്ട് വിക്കറ്റുകൾ തുടക്കത്തിൽ തന്നെ വീഴ്ത്തി കീർത്തി ജെയിംസ് മികച്ച തുടക്കമാണ് കേരളത്തിന് നല്കിയത്. മികച്ചൊരു കൂട്ടുകെട്ടിന് തുടക്കമിട്ട നന്ദിനി കശ്യപിനെയും ജ്യോതി ഗിരിയെയും കൂടി കീർത്തി പുറത്താക്കിയതോടെ വലിയൊരു തകർച്ചയുടെ വക്കിലായിരുന്നു ഉത്തരാഖണ്ഡ്. അഞ്ചാമതായി ബാറ്റ് ചെയ്യാനെത്തിയ കാഞ്ചൻ പരിഹാറിൻ്റെ പ്രകടനമാണ് ഉത്തരാഖണ്ഡിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
കാഞ്ചൻ 97 പന്തിൽ 61 റൺസെടുത്തു. ശേഷമെത്തിയവർക്ക് പിടിച്ചു നില്ക്കാൻ കഴിയാതെ വന്നതോടെ ഉത്തരാഖണ്ഡ് നാല്‍പ്പത്തിയെട്ടാം ഓവറിൽ 189 റൺസിന് ഓൾ ഔട്ടായി. കീർത്തി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ക്യാപ്റ്റൻ ഷാനി മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർ വൈഷ്ണയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ ഷാനിയും ദൃശ്യയും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിൻ്റെ വിജയത്തിന് അടിത്തറയിട്ടു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 108 റൺസ് നേടി. ദൃശ്യ 66 റൺസെടുത്ത് പുറത്തായി. തുടർന്ന് ഷാനിയും സജനയും ചേർന്ന് 37 പന്ത് ബാക്കിയിരിക്കെ കേരളത്തെ വിജയത്തിലെത്തിച്ചു. സജന 29 പന്തിൽ നിന്ന് 35 റൺസെടുത്തു. ഷാനിയാണ് പ്ലെയർ ഓഫ് ദി മാച്ച്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.