
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ റോഡപകടങ്ങളില്‍ പൊലിഞ്ഞത് 7.77 ലക്ഷം ജീവനുകള്‍. ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര് മരിച്ചത്. കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് ഹൈവേ മന്ത്രാലയമാണ് 2018–2022 വര്‍ഷങ്ങളില്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുണ്ടായ റോഡ് അപകടങ്ങളുടെ കണക്ക് പുറത്തുവിട്ടത്.
2022ല്‍ മാത്രം രാജ്യമൊട്ടാകെ നടന്ന റോഡപകടങ്ങളില്‍ 1,68,491 പേരാണ് മരിച്ചത്. 2021ല്‍ ഇത് 1,53,972 ആയിരുന്നു. 2022 യുപിയിലാണ് ഏറ്റവും കൂടുതല്‍ പേര് മരിച്ചത്, 22,595. തമിഴ്നാട് (17,884), മഹാരാഷ്ട്ര (15,224) സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. രാജ്യത്തെ ആകെ റോഡപകട മരണങ്ങളില്‍ ഭൂരിഭാഗവും ഈ സംസ്ഥാനങ്ങളിലാണ്. അമിത വേഗം, ഫോണില്‍ സംസാരിച്ചും മദ്യപിച്ചുമുള്ള വാഹനമോടിക്കല്‍, ഡ്രൈവറുടെ അച്ചടക്കമില്ലായ്മ തുടങ്ങിയവയാണ് അപകടങ്ങളിലേക്ക് നയിക്കുന്ന പ്രധാനകാരണങ്ങള്‍.
അഞ്ചുവര്‍ഷത്തിനിടെ ഉത്തര്‍പ്രദേശില്‍ 1,08,882 പേരാണ് വാഹനാപകടങ്ങളില്‍ മരിച്ചത്. തമിഴ്നാട് (84,316), മഹാരാഷ്ട്ര (66,370), മധ്യപ്രദേശ് (58,580), കർണാടക (53,448), രാജസ്ഥാൻ (51,280), ആന്ധ്രാപ്രദേശ് (39,058), ബിഹാർ (36,191), തെലങ്കാന (35,565), ഗുജറാത്ത് (36,626) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.
റോഡപകടങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിൽ നാണക്കേടുണ്ടെന്ന് വ്യാഴാഴ്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പാര്‍ലമെന്റില്‍ തുറന്നുസമ്മതിച്ചിരുന്നു. അപകടങ്ങൾ 50 ശതമാനം കുറയ്ക്കാൻ ലക്ഷ്യമിട്ടിട്ടുണ്ടെങ്കിലും രാജ്യത്ത് വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പെരുമാറ്റത്തിലും സാമൂഹിക മാനദണ്ഡങ്ങളിലും മാറ്റം ആവശ്യമാണെന്നും നിയമസംവിധാനങ്ങളെ ബഹുമാനിക്കുന്നത് അപകടങ്ങള്‍ കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.