വിദ്യാഭ്യാസം ഇന്ത്യയിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാരിനും സംയുക്ത അധികാരമുള്ള കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിഷയമാണ്. എന്നിരുന്നാലും പൊതുധാരണയ്ക്കും ഭരണഘടനാവ്യവസ്ഥകൾക്കും വിധേയമായി കൺകറന്റ് വിഷയങ്ങളിൽ സംസ്ഥാനങ്ങൾ നയങ്ങൾ രൂപീകരിച്ച് പോവുകയാണ് പതിവ്. എന്നാൽ നരേന്ദ്ര മോഡി സർക്കാർ ഈമേഖലയിൽ തങ്ങളുടെ നയങ്ങൾ നടപ്പാക്കാൻ ഫെഡറൽവ്യവസ്ഥകളെ വെല്ലുവിളിക്കുന്നതും സംസ്ഥാന അധികാരത്തിൽ കൈകടത്തുന്നതും പതിവാക്കിയിരിക്കുകയാണ്.
ഏകരാഷ്ട്രവാദത്തിൽ, വിശാല ഇന്ത്യയുടെ വൈവിധ്യങ്ങളെ മാനിക്കാതെ ഏകപാഠ്യപദ്ധതിയും ഏകപാഠപുസ്തകങ്ങളും നടപ്പാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. അതിനായി ദേശീയവിദ്യാഭ്യാസനയം ഏതുവിധേനയും സംസ്ഥാനങ്ങളിൽ നടപ്പാക്കിയെടുക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ്. വിദ്യാഭ്യാസരംഗത്ത് വർഗീയതയും സ്വകാര്യവൽക്കരണവും വാണിജ്യവൽക്കരണവും പ്രകടമായി ഉദ് ഘോഷിക്കുന്ന ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കില്ലെന്ന് കേരളം മുമ്പേതന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സമ്മർദതന്ത്രങ്ങളിലൂടെയും കേന്ദ്രഫണ്ട് തടഞ്ഞുവച്ചുകൊണ്ടും സംസ്ഥാനത്തെ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിരിക്കുന്നത്.
ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഷോക്കേസും ബ്രാൻഡിങ്ങും നടത്തിപ്പിനുമായി കേന്ദ്ര മന്ത്രിസഭ പ്രഖ്യാപിച്ച പദ്ധതിയാണ് പി എം ശ്രീ. ഇതനുസരിച്ച് 2023മുതൽ 2027വരെയുള്ള അഞ്ച് വർഷംകൊണ്ട് രാജ്യത്തെ 14,500 വിദ്യാലയങ്ങളിൽ 27,360കോടി രൂപ ചെലവഴിക്കുമെന്നാണ് വാഗ്ദാനം. ഫണ്ടിൽ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വകയിരുത്തണം. കേരളത്തിൽ ഇത്തരത്തിൽ 265 സ്കൂളുകളെ തിരഞ്ഞെടുക്കുമെന്നാണ് അറിയിപ്പ്. അതിന്റെ നിർവഹണച്ചുമതല സമഗ്രശിക്ഷകേരളത്തിനാണ്. പല മാനദണ്ഡങ്ങളുമനുസരിച്ച് പി എംശ്രീ സ്കൂളായി തിരഞ്ഞെടുക്കപ്പെടുന്ന നമ്മുടെ സർക്കാർ വിദ്യാലയങ്ങളിൽ ഗുണനിലവാരം ഉറപ്പിക്കാൻ ദേശീയവിദ്യാഭ്യാസനയം (എൻഇപി 2020) നടപ്പാക്കുമെന്ന് ധാരണാപത്രത്തിൽ ഒപ്പിട്ട് നല്കണം. കൂടാതെ കോടിക്കണക്കിന് രൂപ വിവിധ ഫണ്ടുകളിൽ നിന്നും ചെലവഴിച്ച് അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തിയ കേരളത്തിലെ സർക്കാർ സ്കൂളിനുമുന്നിൽ പിഎംശ്രീ സ്കൂൾ എന്ന ബോർഡും പ്രധാനമന്ത്രിയുടെ പടവും വയ്ക്കണം. സ്കൂളിന്റെ അക്കാദമികഭരണപരമായകാര്യങ്ങൾ കേന്ദ്രവിലയിരുത്തൽ സംവിധാനങ്ങൾക്ക് കീഴിലാക്കും. അങ്ങനെ വന്നാൽ നമ്മുടെ പൊതുവിദ്യാഭ്യാസത്തിന് കീഴിലുള്ള സംവിധാനങ്ങളിലേക്ക് കടന്നുകയറാനുള്ള കുറുക്കുവഴിയായി പിഎംശ്രീ മാറും. മാത്രമല്ല ദേശീയതലത്തിലുള്ള പാഠപുസ്തകങ്ങൾ ഇവിടെ പഠിപ്പിക്കുന്നതിലൂടെ രണ്ടുതരം പൊതുവിദ്യാലയങ്ങൾ സൃഷ്ടിക്കപ്പെടുകയും പൊതുവിദ്യാഭ്യാസത്തിന്റെ അടിസ്ഥാനഘടന ഉലയുകയും ചെയ്യും. സംസ്ഥാനത്തിന്റെ വിദ്യാഭ്യസത്തിന്മേലുള്ള അധികാരത്തിലേക്ക് കേന്ദ്രത്തിന്റെ കടന്നുകയറ്റമാകും ഇത് എന്നതിൽ സംശയമില്ല. ദേശീയവിദ്യാഭ്യാസനയത്തിന്റെ കൊള്ളരുതായ്മകൾ തുടക്കംമുതൽ ചൂണ്ടിക്കാണിച്ച ഇടതുപക്ഷ സംസ്ഥാനം ഈ നിബന്ധനകളോടെ പദ്ധതിയിൽ ഒപ്പുവയ്ക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
എന്നാൽ പദ്ധതിയിൽ ഒപ്പുവച്ചില്ലെങ്കിൽ കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്രശിക്ഷയുടെ ഫണ്ട് നല്കില്ലെന്ന ഭീഷണിയാണ് കേന്ദ്രവിദ്യാഭ്യാസമന്ത്രാലയം മുഴക്കുന്നത്. ഈ വർഷത്തേതും മുൻവർഷത്തേതുമായി ഏതാണ്ട് 670 കോടിരൂപ ഇങ്ങനെ തടഞ്ഞുവച്ചിരിക്കുകയാണ്. ഭരണഘടന ഉറപ്പുനല്കുന്ന ഭിന്നശേഷി കുട്ടികൾക്കടക്കമുള്ള ഫണ്ടും യൂണിഫോമിനും മറ്റ് അക്കാദമിക പ്രവർത്തനങ്ങൾക്കുമുള്ള ഫണ്ടുമാണ് തടഞ്ഞുവച്ചിരിക്കുന്നത്. സമാനമായ സാഹചര്യം തമിഴ്‌നാട്ടിലുമുണ്ട്. അവരുടെ 4,000 കോടിയിലധികം രൂപ പിഎംശ്രീയിൽ ഒപ്പുവയ്ക്കാത്തതിന്റെ പേരിൽ നിഷേധിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ 40 എംപിമാരും പാർലമെന്റിൽ പ്രതിഷേധമുയർത്തിയത് ദേശീയ ശ്രദ്ധ നേടുകയുണ്ടായി. അവർ ഇത് വാങ്ങിച്ചെടുക്കുന്നതിന് നിയമനടപടികളുമായി സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. യഥാർത്ഥത്തിൽ വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കാൻ സംസ്ഥാനങ്ങൾക്കുള്ള അർഹമായ ഫണ്ട്, സംഘ്പരിവാർ അവരുടെ അജണ്ടകൾ നടപ്പാക്കാനുള്ള ധാരണാപത്രത്തിൽ ഒപ്പിടാത്തതിന്റെ പേരിൽ തടഞ്ഞുവയ്ക്കുന്നത് ഇതിനെ എതിർക്കുന്ന സംസ്ഥാനങ്ങൾ കൂട്ടായ്മയോടെ പാർലമെന്റിലും പുറത്തും രാഷ്ട്രീയമായി പ്രതിരോധിക്കേണ്ട വിഷയമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.