18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 17, 2024
December 16, 2024
December 16, 2024
December 16, 2024
December 13, 2024
December 12, 2024
December 12, 2024
December 11, 2024

അപകടങ്ങള്‍ക്ക് ബ്രേക്കിടാൻ കര്‍മ്മപദ്ധതി ഒരുങ്ങി; ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കടുത്ത നടപടി

കൂടുതല്‍ എഐ ക്യാമറകള്‍ സ്ഥാപിക്കും
24 മണിക്കൂറും പൊലീസ്- എംവിഡി സംയുക്ത പരിശോധന
Janayugom Webdesk
തിരുവനന്തപുരം
December 16, 2024 9:41 pm

സംസ്ഥാനത്ത് വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന് പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്ത പരിശോധന നടത്തും. അപകട സാധ്യതയേറിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാകും പരിശോധന. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ ചേര്‍ന്ന പൊലീസ്- മോട്ടോര്‍ വാഹന വകുപ്പ് ഉന്നതതല യോഗത്തിലാണ് തീരുമാനം. റോഡുകളില്‍ 24 മണിക്കൂറും പൊലീസിനെയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിച്ച് കര്‍ശന പരിശോധന നടത്തും. അമിതവേഗത, മദ്യപിച്ച് വാഹനമോടിക്കുക, അമിതഭാരം കയറ്റുക, അശ്രദ്ധമായി വാഹനമോടിക്കുക, ഹെൽമെറ്റും സീറ്റ്ബെൽറ്റും ധരിക്കാതിരിക്കുക തുടങ്ങി ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. എല്ലാ ജില്ലകളിലും റോഡ് സുരക്ഷാ അതോറിറ്റി യോഗങ്ങൾ വിളിച്ചുചേർക്കും. 

റോഡ് നിർമ്മാണത്തിൽ അപാകതകളുണ്ടെങ്കിൽ പരിഹരിക്കുകയും ഗതാഗത സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുകയും ചെയ്യും. ഇതിനായി പദ്ധതി തയ്യാറാക്കാൻ റോഡ് സുരക്ഷാ അതോറിട്ടിയെ ചുമതലപ്പെടുത്തും. കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്കായി ബോധവൽക്കരണവും ഗതാഗത നിയമ വിദ്യാഭ്യാസവും നൽകും. ഗതാഗത നിയമലംഘനം നടത്തുന്നവർ പിഴ കൃത്യമായി അടയ്ക്കുന്നുവെന്ന് ഉറപ്പാക്കും. ഇതിനായി പ്രത്യേക പരിശോധനകളും അദാലത്തുകളും സംഘടിപ്പിക്കും. 

ഹൈവേ പൊലീസിന്റെ വാഹനങ്ങൾ പൂർണസജ്ജമാണെന്ന് ഉറപ്പാക്കും. സ്പീഡ് റഡാറുകളും ആൽക്കോമീറ്ററുകളും ഉപയോഗിച്ച് ദേശീയപാതകളിൽ മുഴുവൻസമയ പരിശോധന നടത്തും. സംസ്ഥാന ഹൈവേകളിലും മൈനർ ഹൈവേകളിലും എഐ കാമറകൾ സ്ഥാപിക്കാൻ സർക്കാരിനോട് ആവശ്യപ്പെടും. ഇതിനുള്ള നിർദേശം തയ്യാറാക്കാൻ ട്രാഫിക് ഐജിയെ യോഗം ചുമതലപ്പെടുത്തി. നിലവില്‍ സംസ്ഥാനത്ത് 675 എഐ കാമറകള്‍ ആണ് ഉള്ളത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം, ട്രാൻസ്പോർട്ട് കമ്മിഷണർ സി എച്ച് നാഗരാജു, ജില്ലാ പൊലീസ് മേധാവിമാർ തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.