രാജ്യത്തെ വ്യാപാരക്കമ്മി റെക്കോഡ് ഉയരത്തില്‍. ഒക്ടോബറില്‍ 2,710 കോടി ഡോളറില്‍ നിന്ന് നവംബറില്‍ 3,784 കോടി ഡോളറായി. നവംബറില്‍ വാണിജ്യ കയറ്റുമതി 3,211 കോടി ഡോളറിലെത്തിയപ്പോള്‍ ഇറക്കുമതി 6,995 കോടി ഡോളറിന്റേതാണ്. 27 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഈ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 17.25 ശതമാനം വര്‍ധിച്ച് 3920 കോടിയിലെത്തിയിരുന്നു.
നവംബറില്‍ സ്വര്‍ണ ഇറക്കുമതിയും പുതിയ റെക്കോഡിട്ടതായി വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ കാണിക്കുന്നു. 1,480 കോടി ഡോളറിന്റെ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന ഇറക്കുമതിയാണിത്. മുന്‍ വര്‍ഷം നവംബറുമായി നോക്കുമ്പോള്‍ 50 ശതമാനം വര്‍ധന. ജൂലൈയില്‍ സര്‍ക്കാര്‍ കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായി കുറച്ചതാണ് സ്വര്‍ണ ഇറക്കുമതി ഉയര്‍ത്തിയത്.
അതേസമയം ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുകയാണ്. ഇന്നലെ രാവിലത്തെ വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ 84.93 എന്ന നിലയിലെത്തി. കഴിഞ്ഞ ദിവസം 84.87ല്‍ ക്ലോസ് ചെയ്ത രൂപ ഇന്നലെ വ്യാപാരം തുടങ്ങിയത് 84.90ലായിരുന്നു. ഒടുവില്‍ 84.91 ല്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഈ വര്‍ഷം ഇതുവരെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 2.01 രൂപയുടെ കുറവുണ്ടായി.
വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പണം തുടര്‍ച്ചയായി പിന്‍വലിച്ചതും ഡോളര്‍ കരുത്താര്‍ജ്ജിച്ചതും മോശം വളര്‍ച്ചാ കണക്കുകളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി രൂപയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഡോളറിനെതിരെ രൂപ 85 വരെയെത്തുമെന്നാണ് വിലയിരുത്തലുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.