ആദിവാസി സമൂഹങ്ങളിലേക്ക് ഇറങ്ങിച്ചെന്നെടുക്കുന്ന ഇന്ത്യന്‍ സിനിമകള്‍ പലതും ലോക ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്. ഈ പട്ടികയില്‍ ഇടംപിടിക്കുകയാണ് ഹ്യൂമന്‍സ് ഇന്‍ ദ ലൂപ്. ആദിവാസി സമൂഹത്തില്‍ നിന്നുള്ള യുവതി തന്റെയും സമൂഹത്തിന്റെയും നിലനില്പിനുവേണ്ടി നടത്തുന്ന പോരാട്ടത്തിന്റെ ആത്മസംഘര്‍ഷങ്ങള്‍ ചിത്രം ചര്‍ച്ചചെയ്യുന്നു. അടുത്തിടെ വിവാഹമോചിതയായ നെഹ്മ, മകള്‍ ധനു എന്നി കഥാപാത്രങ്ങളാണ് മൂന്ന് അധ്യായങ്ങളിലായി ചിത്രത്തെ നയിക്കുന്നത്.
ഒരു ഗുഹയിലെ പാറകളുടെ പ്രതലങ്ങളിൽ മെല്ലെ തലോടിക്കൊണ്ട് ഒരു കൊച്ചു പെണ്‍കുട്ടി. ചിത്രത്തിന്റെ തുടക്കം ഇങ്ങനെയാണ്. നെഹ്മ അവളുടെ കുട്ടിക്കാലം സ്വപ്നത്തില്‍ കാണുകയാണ്. അവളുടെ പൂർവ്വികർ വരച്ച ആദ്യകാല ചിത്രങ്ങൾ ഈ പാറകളിൽ കൊത്തിവച്ചിട്ടുണ്ട്. “ഈ പാറകളിലും ജീവനുണ്ടോ?” അവളുടെ സുഹൃത്ത്, റോഷൻ ചോദിക്കുന്നു. അതേ എന്ന് അവള്‍ മറുപടി പറയുന്നു. മേഘങ്ങള്‍ക്കും നെല്‍പാടങ്ങള്‍ക്കും ജീവനുണ്ടെന്ന് അവള്‍ പറയുന്നു. പാറയില്‍ ചെവി ചേര്‍ത്തുവച്ചാല്‍ ഹൃദയത്തുടിപ്പുകള്‍ കേള്‍ക്കാനാകുമെന്ന് അവള്‍ കൂട്ടിച്ചേര്‍ക്കുന്നു. നിഷ്കളങ്കവും എന്നാൽ അഗാധവുമായ ഉൾക്കാഴ്ചകളാണ് ആരണ്യ സഹായ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമേയം. നെഹ്മയ്ക്ക് സൊനാല്‍ മധുശങ്കര്‍ ജീവന്‍ പകര്‍ന്ന ചിത്രം ഒക്ടോബറിൽ നടന്ന മുംബൈ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഏറെ പ്രശംസ നേടിയിരുന്നു.
ഹ്യൂമൻസ് ഇൻ ദ ലൂപ്പിന്റെ ഏറ്റവും മനോഹരമായ വശം, ചിത്രം സംസാരിക്കുന്ന ആശയത്തെ ഒരേസമയം വ്യക്തിപരവും സാർവത്രികവുമായി എടുത്തുകാട്ടുന്നുവെന്നതാണ്. ഇന്നത്തെ ലിവ്-ഇന്‍ ബന്ധങ്ങള്‍ക്ക് തുല്യമായി ഝാര്‍ഖണ്ഡില്‍ നിലവിലുള്ള ധുകു വിവാഹരീതി കാണിച്ചുകൊണ്ട് സങ്കീര്‍ണമായ സാമൂഹിക ഘടനയെയും സംവിധായകൻ സ്പര്‍ശിക്കുന്നു. നെഹ്മയ്ക്ക് എഐ ലേബലിങ് ജോലി നേടാനായതോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഒരു കഥാപാത്രമാകുന്നു. നല്ലത് പറഞ്ഞുകൊടുത്താല്‍ മിടുക്കനാക്കാന്‍ കഴിയുന്ന ഒരു കുട്ടിയെപ്പോലെയാണ് എഐയെന്ന് നെഹ്മ പറയുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിലും അപരവല്‍ക്കരിക്കപ്പെട്ട സമൂഹത്തെ ചിത്രം കണ്ടെടുക്കുന്നുണ്ട്.
പിതാവിനൊപ്പം നഗരത്തിലേക്ക് മടങ്ങണമെന്നാണ് മകള്‍ ധനുവിന്റെ ആഗ്രഹം. ഇതിനായി ഒരു വയസുള്ള അനുജനെയും എടുത്ത് വീടുവിട്ടിറങ്ങാനും ധനു തയ്യാറാകുന്നു. എന്തിനാണ് ആദിവാസി പാരമ്പര്യങ്ങളെക്കുറിച്ചുള്ള അറിവ് തന്റെ മേൽ അടിച്ചേൽപ്പിക്കുന്നത് എന്ന് ധനു ചോദിക്കുമ്പോൾ നെഹ്മയ്ക്ക് തന്നിലുള്ള വിശ്വാസം തകരുന്നു. കരാറുകാരുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായി ഒരു പ്രാണിയെ ലേബൽ ചെയ്‌തതിനും ജോലിയിൽ സ്വന്തം ആശയം പ്രയോഗിച്ചതിനും എഐ സെന്റർ മേധാവി ശകാരിക്കുമ്പോൾ, നെഹ്മ കൂടുതൽ അസ്വസ്ഥയാകുന്നു. പാറകളിലെ ഹൃദയമിടിപ്പ് നഷ്ടപ്പെട്ടതായി നെഹ്മയ്ക്ക് തോന്നുന്നു. പുതിയ തുടക്കങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് ബോധ്യപ്പെടുന്നു. മുന്‍ ധാരണകള്‍ തിരുത്തണമെന്ന് തിരിച്ചറിയുന്നു. ആത്യന്തികമായി, നെഹ്മയുടെ പോരാട്ടം ധനുവിന്റെ ഭാവിയുടേത് മാത്രമല്ല, സാങ്കേതികവിദ്യയും ലോകവും തന്നെപ്പോലുള്ളവരെ എങ്ങനെ കാണുന്നു എന്നതിനെതിരെയും കൂടിയായി മാറി. സ്വന്തം ചിത്രങ്ങളിലൂടെ അവള്‍ ഝാര്‍ഖണ്ഡിലെ ആദിവാസി സമൂഹത്തെ എഐക്ക് പരിചയപ്പെടുത്തുന്നു. സ്വന്തം അസ്തിത്വം സ്ഥാപിക്കുന്നു. ഒടുവില്‍ അമ്മ‑മകള്‍ ബന്ധം പുനഃസ്ഥാപിക്കപ്പെടുമ്പോള്‍ അതിജീവനത്തിനായി പ്രകൃതിയിലേക്ക് മടങ്ങുന്നതിന്റെ ചിത്രീകരണമാകുന്നു. ഇപ്പോള്‍ അവള്‍ക്ക് പാറകളിലെ ഹൃദയമിടിപ്പ് വീണ്ടും കേള്‍ക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.