18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 15, 2024
December 13, 2024
December 13, 2024
December 13, 2024
November 1, 2024

അസാന്നിധ്യത്തിന്റെ വേദനകള്‍

അര്‍ച്ചന ശുഭ
December 18, 2024 10:24 pm

സ്വവര്‍ഗാനുരാഗം നിയമപരമല്ലാത്ത ഹോങ്കോങ്ങിന്റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ റേ യെങ്ങിന്റെ ഹൃദയസ്പര്‍ശിയായ, എന്നാല്‍ നാടകീയത അധികമെന്ന് തോന്നിപ്പിക്കുന്ന ചിത്രമാണ് ഓൾ ഷാള്‍ ബി വെൽ. 60കളിലെത്തി നില്‍ക്കുന്ന സ്വവര്‍ഗാനുരാഗിയായ സ്ത്രീക്ക് അപ്രതീക്ഷിതമായി അവരുടെ പങ്കാളിയെ നഷ്ടപ്പെടുന്നതും അനന്തരാവകാശ പ്രശ്‌നങ്ങളിൽ തകരുന്ന കുടുംബബന്ധങ്ങള്‍ക്കുമൊപ്പം ഹോങ്കോങ്ങിലെ സ്വവർഗ ദമ്പതികളുടെ നിയമപരമായ അവകാശങ്ങളിലെ ദുര്‍ഘടതകളും സിനിമ ചിത്രീകരിക്കുന്നു. ഈ വർഷത്തെ ബെർലിൻ ഇന്റര്‍നാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പുരസ്കാരം നേടിയിരുന്നു. എൽജിബിടിക്യു ആശയത്തിലുള്ള ഒരു ചലച്ചിത്രാവിഷ്കാരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി എന്ന നിലയിലാണ് പുരസ്കാരം വിലയിരുത്തപ്പെടുന്നത്. ജീവിച്ചിരിക്കുമ്പോൾ ഒരാളുടെ പങ്കാളിയായിരിക്കുകയും മരണശേഷം ഒരു സുഹൃത്ത് മാത്രമായിരിയ്ക്കേണ്ടിവരുന്ന ഒരു വ്യക്തിയുടെ വെെകാരിക തലങ്ങളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. 

പത്ര ഔ ഗാ-മാൻ അവതരിപ്പിച്ച ആന്‍ജി വാങ്ങും മാഗി ലി ലിൻ‑ലിന്നിന്റെ പാറ്റ് വുവുമാണ് കഥയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ആന്‍ജിയുടെ മാതാപിതാക്കൾ ദമ്പതികളെന്ന നിലയില്‍ ഇരുവരുടെയും ബന്ധം അംഗീകരിക്കുന്നില്ലെങ്കിലും അവരെ മികച്ച സുഹൃത്തുക്കൾ എന്ന നിലയിലാണ് പരിഗണിക്കുന്നത്. ദമ്പതികളെന്ന് കരുതാന്‍ അവര്‍ നിയമപരമായി വിവാഹിതരുമല്ല. എന്നാല്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായും ഊഷ്മളമായ ബന്ധമാണ് ആന്‍ജിനും പാറ്റിനുമുള്ളത്. പാറ്റിന്റെ ജ്യേഷ്ഠൻ ഷിങ്, ഭാര്യ മേയ്, അവരുടെ മക്കളായ ഫാനി, വിക്ടർ എന്നിവരുമായും ആൻജിക്ക് വളരെ അടുത്ത ബന്ധമുണ്ട്. ഒരു സ്വവര്‍ഗാനുരാഗ ബന്ധത്തെ സാധാരണ ഹോങ്കോങ് കുടുംബത്തിനുള്ളിലെ ഏറ്റവും സ്ഥിരതയുള്ള ഒന്നായി ചിത്രീകരിക്കുന്നതാണ് ആഹ്ലാദകരമായി തോന്നുക.

പാറ്റിന്റെ അപ്രതീക്ഷിത മരണത്തോടെയാണ് ആൻജിയുമായുള്ള അവരുടെ ബന്ധത്തിന്റെ സാധുത ചോദ്യം ചെയ്യപ്പെടുന്നത്. വിവാഹിതരായട്ടില്ലാത്തതിനാല്‍ പാറ്റിന്റെ ശവസംസ്കാരത്തില്‍ പോലും ആന്‍ജിക്ക് നിലപാടെടുക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥയുണ്ടാകുന്നു. പാറ്റിന്റെ ചിതാഭസ്മം കടലിലൊഴുക്കണമെന്ന ആൻജിയുടെ നിർബന്ധം സഹോദരന്‍ തള്ളിക്കളയുന്നു. പങ്കാളിയുടെ വേര്‍പാട്, അവരുടെ ആഗ്രഹം പൂര്‍ത്തികരിക്കാനാകാത്ത അവസ്ഥ, തന്നെ സ്നേഹിച്ചിരുന്നുവെന്ന് വിശ്വസിച്ചിരുന്നവരില്‍ നിന്നുള്ള അവഗണന എന്നിവ പാറ്റിന്റെ മരണത്തോടെ ആന്‍ജിയെ തേടിയെത്തുകയാണ്. പാറ്റിന്റെ പേരിലുള്ള അപ്പാർട്ട്മെന്റിന് വേണ്ടിയുള്ള അവകാശ യുദ്ധത്തോടെ സ്ഥിതി കൂടുതല്‍ വഷളാകുന്നു. മരണത്തിനു മുമ്പ് പാറ്റ് തയ്യാറാക്കിയ വില്‍പത്രത്തില്‍ ആന്‍ജിയുടെ പേരില്ലെന്നതും ശ്രദ്ധേയമാണ്. സ്വയം കണ്ടെത്തി, സ്വയം ആശ്രയിച്ച് ജീവിക്കാന്‍ ശ്രമിക്കുന്ന ആന്‍ജിയെയാണ് കഥ പിന്നീട് പ്രക്ഷേകര്‍ക്ക് കാട്ടിത്തരുന്നത്. പാറ്റിന്റെ കഥാപാത്ര സൃഷ്ടിയാണ് ഏറ്റവും ആകര്‍ഷണമായി തോന്നിയത്. കുറച്ച് സീനുകൾക്കായി മാത്രം സ്ക്രീനിൽ കാണുന്ന ഒരു കഥാപാത്രം, അവര്‍ മരിച്ചുകഴിയുമ്പോള്‍ പ്രേക്ഷകർക്ക് ശരിക്കും നഷ്ടമായി തോന്നുന്നത് അഭിനയത്തിന്റെയും സംവിധാനത്തിന്റെയും മികവാണ്. പാറ്റും ആൻജിയും ചേർന്ന് നിർമ്മിച്ച വീട് അവളുടെ അഭാവം മൂലം വേദനിക്കുന്നു, അതുപോലെ തന്നെ പ്രേക്ഷകരും.

ജീവിതവും കലയും നമ്മെ ആവർത്തിച്ച് പഠിപ്പിക്കുന്നതുപോലെ, സ്നേഹം ഏറ്റവും സ്വതന്ത്രമായും എളുപ്പത്തിലും നൽകപ്പെടുന്നത് അതില്‍ സ്വാർത്ഥതാൽപര്യങ്ങൾക്ക് സ്ഥാനമില്ലാതിരിക്കുമ്പോഴാണ്. സാമ്പത്തിക നേട്ടത്തിനായുള്ള പാറ്റിന്റെ സഹോദരന്റെയും കുടുംബത്തിന്റെയും ശ്രമങ്ങളെ സംവിധായകന്‍ ക്രൂരതയെന്ന നിലയില്‍ ചിത്രീകരിക്കുന്നില്ല. അവരോടും അദ്ദേഹത്തിന് സഹതാപമുണ്ട്. എങ്കിലും സ്വാർത്ഥ തെരഞ്ഞെടുപ്പുകൾ നടത്താനും അത്യാഗ്രഹത്തെ ന്യായീകരിക്കാനുള്ള വഴികൾ കണ്ടെത്താനും നമുക്കെല്ലാവർക്കും എത്ര എളുപ്പമാണെന്ന് സിനിമ കാണിക്കുന്നു. സിനിമ നല്‍കുന്ന സന്ദേശത്തില്‍ പ്രായോഗികമായത് ഒന്നുമാത്രമാണ്. സ്വത്ത്, അവകാശം, പങ്കാളിത്തം എന്നീ കാര്യങ്ങള്‍ ഔദ്യോഗികവും നിയമപരവുമാക്കുക. സ്വവർഗാനുരാഗികളുടെ അവകാശങ്ങൾ, മരിച്ചവരെ നാം എങ്ങനെ ബഹുമാനിക്കുന്നു, ശരിയെന്ന് നമുക്കറിയാവുന്നത് ചെയ്യുന്നതിൽ നിന്ന് എത്ര എളുപ്പത്തിൽ സ്വാർത്ഥത നമ്മെ വിഷലിപ്തമാക്കും എന്നിവയെ കുറിച്ച് രസകരവും എന്നാല്‍ ആരും ചോദിച്ചുകേട്ടിട്ടില്ലാത്ത ചോദ്യങ്ങൾ ഉയർത്തുന്ന, ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ വിശദാംശങ്ങളാൽ നിറഞ്ഞ ഒരു ലളിതമായ കഥയാണ് ഓള്‍ ഷാള്‍ ബി വെല്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.