20 December 2024, Friday
KSFE Galaxy Chits Banner 2

ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്

ഡോ. ഗ്യാൻ പഥക് 
December 20, 2024 4:45 am

നമ്മുടെ ഫെഡറൽ സംവിധാനത്തിനും ജനാധിപത്യ പ്രക്രിയയ്ക്കും അപരിഹാര്യമായ കേടുപാടുകൾ ഉണ്ടാക്കുന്നതാണ് ഡിസംബർ 17ന് ലോക്‌സഭയിൽ അവതരിപ്പിച്ച രണ്ട് ബില്ലുകൾ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായി ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനുദ്ദേശിച്ചുള്ളതാണ് രണ്ട് ബില്ലുകളും. പ്രധാന വെല്ലുവളികൾ പ്രതിപക്ഷം സഭയിൽ ഉന്നയിച്ചതിനു പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ ബില്ലിനെ കുറിച്ച് കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന് നിർദേശിക്കുകയുണ്ടായി. എല്ലാ തലത്തിലുമുള്ള വിപുലമായ ചർച്ചകൾക്കായി ബില്ലുകൾ സംയുക്ത പാർലമെന്ററി സമിതിക്ക് വിടുന്നതിനോട് പ്രധാനമന്ത്രിക്ക് യോജിപ്പാണെന്നും അമിത് ഷാ പറയുകയുണ്ടായി. വിപുലമായ ചർച്ചകൾ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) യിൽ നടക്കും, ജെപിസി റിപ്പോർട്ട് മന്ത്രിസഭ അംഗീകരിക്കുകയും അതിനുശേഷം സഭയിൽ ആ ബില്ലുകൾ ചർച്ച ചെയ്യാമെന്നും അമിത് ഷാ അറിയിച്ചു. തുടർന്ന് ബില്ലുകൾ സംയുക്ത പാർലമെന്ററി സമിതിക്ക് വിടുകയും ചെയ്തു. ഇരുസഭകളിൽ നിന്നുമായി 31 അംഗങ്ങളുള്ള ജെപിസി വിശദമായ ചർച്ചകൾക്കുശേഷം 90 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. 

എങ്കിലും ഭരണഘടനാ (129ാം ഭേദഗതി) ബിൽ 2024, കേന്ദ്ര ഭരണ പ്രദേശങ്ങൾ (ഭേദഗതി) ബിൽ എന്നിവയുടെ അവതരണ ഘട്ടത്തിൽ പാർലമെന്റിൽ സംഭവിച്ചത് വരാനിരിക്കുന്ന പ്രതിസന്ധികളുടെ സൂചനയാണ്. പ്രാഥമിക ചർച്ചകൾക്കുശേഷം പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടു. 269 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 198 പേരാണ് എതിർത്തത്. 

അനുകൂലമായി ലഭിച്ച വോട്ടുകൾ ബിൽ അവതരിപ്പിക്കുന്നതിന് മതിയായതാണെങ്കിലും ലോക്‌സഭയിൽ ബിൽ പാസാകുന്നതിനാവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് വളരെ അകലെയാണ്. ശ്രദ്ധേയമായ കാര്യം ബിജെപിയുടെ വിപ്പ് ലംഘിച്ച് 20 അംഗങ്ങൾ സഭയിൽനിന്ന് വിട്ടുനിന്നു എന്നതാണ്. ഇത്തരമൊരു നിയമനിർമ്മാണത്തിന്റെ ആവശ്യകതയെ കുറിച്ച് ബിജെപിക്കകത്തുതന്നെ ഭിന്നത നിലനിൽക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പിന് മുന്നിലുള്ള വെല്ലുവിളികളും പ്രതിബന്ധങ്ങളും കൂടി ഇത് സൂചിപ്പിക്കുന്നുണ്ട്. 

സംസ്ഥാനങ്ങളുടെ അധികാരങ്ങൾക്ക് നിയമ ഭേദഗതി ഒരു തടസവുമുണ്ടാക്കില്ലെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ ഉറപ്പുനൽകുന്നുവെങ്കിലും ഇത് സ്വേച്ഛാധിപത്യത്തിലേക്കുള്ള നീക്കമാണെന്ന് പ്രതിപക്ഷം സഭയിൽ കുറ്റപ്പെടുത്തുകയുണ്ടായി. പ്രതിപക്ഷം പറയുന്നതുപോലെ അടിസ്ഥാന ഘടനയെ ബാധിക്കില്ലെന്നും ജുഡീഷ്യൽ അവലോകനം, ഫെഡറൽ ഘടന, അധികാര വിഭജനം, മതേതര സ്വഭാവം, ഭരണഘടനയുടെ പരമാധികാരം എന്നിവയൊന്നും മാറ്റുന്നില്ലെന്നും മേഘ്‌വാൾ വ്യക്തമാക്കുന്നു. എന്നിരുന്നാലും ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണം ജെപിസി പരിശോധനയ്ക്കുശേഷം മാത്രമേ സാധൂകരിക്കുവാൻ കഴിയുകയുള്ളൂ. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകർക്കുന്നതാണ് ബില്ലെന്ന് പ്രതിപക്ഷം സഭയിൽ കുറ്റപ്പെടുത്തുകയുണ്ടായി. മനീഷ് തിവാരി അടക്കമുള്ള കോൺഗ്രസ് അംഗങ്ങൾ ഇക്കാര്യമാണ് പറഞ്ഞത്. സമാജ്‌വാദി പാർട്ടിയിലെ ധർമേന്ദ്ര പ്രധാൻ രാജ്യത്ത് സർവാധിപത്യമുണ്ടാക്കുന്നതിനുള്ള ബിജെപി ശ്രമത്തിന്റെ ഭാഗമാണെന്നാണ് കുറ്റപ്പെടുത്തിയത്. സിപിഐയിലെ കെ സുബ്ബരായനും ബില്ലിനെ എതിർത്ത് സംസാരിച്ചു. സംസ്ഥാന നിയമസഭകളും സർക്കാരുകളും പാർലമെന്റിന്റെയോ കേന്ദ്ര സർക്കാരിന്റെയോ അനുബന്ധ ഘടകങ്ങളല്ലെന്ന് ഓർക്കണമെന്നായിരുന്നു ടിഎംസിയിലെ കല്യാൺ ബാനർജിയുടെ നിലപാട്. 

ഇനി ബില്ലിൽ ഫെഡറൽ ഘടനയ്ക്കും ജനാധിപത്യത്തിനും അപകടമുണ്ടാക്കുന്ന എന്തൊക്കെ വ്യവസ്ഥകളാണുള്ളതെന്ന് പരിശോധിക്കുക.
അനുച്ഛേദം 82 (എ) (ലോക്‌സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ്) കൂടാതെ അനുച്ഛേദം 83 (സഭകളുടെ കാലാവധി), 172,327 (നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യവസ്ഥകൾ ഉണ്ടാക്കുന്നതിന് പാർലമെന്റിന്റെ അധികാരം) എന്നീ ഭേദഗതികൾ ചേർക്കുന്നതിന് ബിൽ നിർദേശിക്കുന്നു. ലോക്‌സഭയോ ഏതെങ്കിലും സംസ്ഥാന നിയമസഭയോ അഞ്ചുവർഷ കാലാവധിക്ക് മുമ്പ് പിരിച്ചുവിടപ്പെടുകയാണെങ്കിൽ അവശേഷിക്കുന്ന കാലാവധി മാത്രമാണുണ്ടായിരിക്കുക എന്നതാണ് ഒരു വ്യവസ്ഥ. ഇടക്കാല തെരഞ്ഞെടുപ്പ് ആവശ്യമായി വരികയാണെങ്കിൽ ഒരു സഭയുടെ കാലാവധി അഞ്ചുവർഷമെന്ന ഭരണഘടനാ വ്യവസ്ഥ നിഷേധിക്കപ്പെടുമെന്നാണ് ഇതിനർത്ഥം. 

തെരഞ്ഞെടുപ്പ്, സർക്കാരുകളുടെ രൂപീകരണം, ഭരണം എന്നിങ്ങനെ ഒരു സംസ്ഥാനത്തിന്റെ ഫെഡറൽ സ്വയംഭരണാവകാശമില്ലാതാക്കുന്നതാണ് ഇതെന്നത് ആശങ്കാകുലമാണ്. 

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ചുമതലയേൽക്കുന്നതു മുതൽ അഞ്ചു വർഷമായി ലോക്‌സഭയുടെ കാലാവധി നിശ്ചയിച്ചിരിക്കുന്നു. അതിനൊപ്പംതന്നെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ചുമതലയേൽക്കുന്ന എല്ലാ നിയമസഭകളുടെയും കാലാവധി ലോക്‌സഭയുടേതിനൊപ്പം തന്നെ അവസാനിക്കുമെന്നും നിർദേശിച്ചിരിക്കുന്നു. ഇത് സംസ്ഥാനങ്ങളുടെ ഫെഡറൽ സ്വയംഭരണത്തിലുള്ള ഇടപെടൽ തന്നെയാണ്. 

ഓരോ പത്തുവർഷ കാനേഷുമാരിക്കുശേഷവും സംസ്ഥാനങ്ങൾക്കിടയിലെ ലോക്‌സഭാ മണ്ഡലങ്ങൾ പുനർനിർണയിക്കുകയോ ക്രമീകരിക്കുകയോ വേണമെന്ന് വ്യവസ്ഥ ചെയ്യുന്ന അനുച്ഛേദം 82എ(1–6) കൂട്ടിച്ചേർക്കണമെന്ന് ബിൽ നിർദേശിച്ചിട്ടുണ്ട്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യഘടനയെ ദോഷകരമായി ബാധിച്ചേക്കുമെന്നതിനാൽ ഈ വ്യവസ്ഥയെ സംബന്ധിച്ച വിപുലമായ ചർച്ചകൾ ആവശ്യമാണ്.
ലോക്‌സഭയുടെ പൂർണ കാലാവധി അവസാനിക്കുന്നതോടെ എല്ലാ സംസ്ഥാന നിയമസഭകളുടെയും കാലാവധി തീരുമെന്നാണ് മറ്റൊരു വ്യവസ്ഥയുള്ളത്. അഞ്ചു വർഷത്തെ കാലാവധിയുള്ള ചില സംസ്ഥാന നിയസഭകളുടെയും സർക്കാരുകളുടെയും കാലാവധി പാതിവഴിയിൽ അവസാനിപ്പിക്കുന്നതിന് കാരണമാകുന്നതും ഫെഡറൽ തത്വങ്ങളുടെ ലംഘനവുമാണ് ഈ വ്യവസ്ഥ. 

അനുച്ഛേദം 82എ (അഞ്ച്) അനുസരിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ഏതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാകുന്നില്ലെങ്കിൽ അതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടായിരിക്കുകയും ചെയ്യും. ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യാനിടയുള്ളതും ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന കാഴ്ചപ്പാടിനെ തന്നെ പരാജയപ്പെടുത്തുന്നതുമാണ്. അതിനെല്ലാമപ്പുറം ഈ വിധത്തിൽ ഏതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് വൈകിയാണ് നടക്കുന്നതെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കാലാവധി തീരുന്നതുവരെയേ അവയ്ക്കും കാലാവധി ഉണ്ടായിരിക്കുകയുള്ളൂ എന്ന് അനുച്ഛേദം 82എ(ആറ്) പ്രകാരം വ്യവസ്ഥ ചെയ്തിരിക്കുന്നു. ഇതിലൂടെ വീണ്ടും സംസ്ഥാന നിയമസഭകളുടെയും ഭരണത്തിന്റെയും കാലാവധി അഞ്ചുവർഷത്തേക്ക് എന്ന ക്രമം ലംഘിക്കപ്പെടുന്നു.
കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് സർക്കാരുകൾ വീഴുകയും ഇടക്കാല തെരഞ്ഞെടുപ്പ് വേണ്ടിവരികയും ചെയ്യുകയാണെങ്കിൽ പുതിയ സഭയുടെ കാലാവധി നിലവിലുള്ള ലോക്‌സഭയുടേതിന് തുല്യമായിരിക്കുമെന്നും വ്യവസ്ഥയുണ്ട്. അങ്ങനെ വരുമ്പോൾ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന സഭയ്ക്ക് അഞ്ചുവർഷമെന്ന കാലയളവ് ലഭിക്കാതെ പോകുന്നു. ഒരു തെരഞ്ഞെടുപ്പ് അധികമായി വരികയും ചെയ്യുന്നു. ഇതെല്ലാം ദുരുപയോഗത്തിനും അധിക ചെലവിനും ഇടയാക്കുന്നതാണ്.
ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന നിർദിഷ്ട നിയമനിർമ്മാണത്തിലൂടെ സംസ്ഥാനങ്ങളുടെയും ജനാധിപത്യത്തിന്റെയും ഫെഡറൽ സ്വയംഭരണത്തെ ബാധിക്കുന്ന നിരവധി അപകടങ്ങൾ വേറെയുമുണ്ട്. സമ്പന്നതയ്ക്കും ദേശീയ രാഷ്ട്രീയ പാർട്ടികൾക്കും അനുഗുണമായ നിർദേശമാണിത്. അതുകൊണ്ടുതന്നെ ദരിദ്ര — പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങൾ തടയിടപ്പെടും. അതിലൂടെ പ്രാദേശിക വികസനത്തെയും ജനാധിപത്യത്തെയും ബാധിക്കുകയും ചെയ്യും. ഇത് രാഷ്ട്രീയ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും അമിത കേന്ദ്രീകരണത്തിനും സംസ്ഥാന നിയമസഭകളുടെയും സർക്കാരുകളുടെയും അധികാരം കുറയ്ക്കുന്നതിനും കാരണമാകുകയും ചെയ്യും. ദേശീയ, പ്രാദേശിക രാഷ്ട്രീയ വിഷയങ്ങൾ സംബന്ധിച്ച് സമ്മതിദായകർക്കിടയിൽ ആശയക്കുഴപ്പത്തിനുമിടയാക്കും. ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഭരണപരമായും സാമ്പത്തികമായും വലിയ ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്യും. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ഏറ്റവും ആവശ്യമായ എല്ലാവരെയും ഉൾക്കൊള്ളുകയെന്ന കാഴ്ചപ്പാട് നടപ്പിലാക്കുന്നതിലും ബുദ്ധിമുട്ടുണ്ടാകും. സാമ്പത്തിക ബാധ്യത കുറയ്ക്കാനെന്ന പേരിലാണ് ഇത് നടപ്പിലാക്കുന്നതെങ്കിലും പുതിയ വ്യവസ്ഥകൾ സാമ്പത്തികവും ഭരണപരവുമായ ഭാരം വർധിപ്പിക്കുന്നതിനാണ് ഇടയാക്കുകയെന്നതിലും സംശയമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.