22 December 2024, Sunday
KSFE Galaxy Chits Banner 2

നിലയ്ക്കാത്ത താളവൈവിധ്യങ്ങള്‍

സൂര്‍ദാസ് രാമകൃഷ്മന്‍
December 22, 2024 8:15 am

ഓരോ സംഗീതോപകരണത്തിനും ജീവനുണ്ടെന്നും വൈകാരികമായി പ്രതികരിക്കുന്ന ആത്മാവുണ്ടെന്നും വിശ്വസിച്ചിരുന്ന ഉസ്താദ് സക്കീര്‍ ഹുസൈന്റെ ഭൗതിക സാന്നിധ്യം ഇനി നമുക്കൊരു ഓര്‍മ്മ മാത്രമാണ്. പക്ഷേ, ആ മഹാപ്രതിഭയുടെ മാന്ത്രികമായ കൈവിരലുകളുടെ ദ്രുതസ്പര്‍ശങ്ങള്‍ തബലയില്‍ തീര്‍ത്ത താളവൈവിധ്യങ്ങളുടെ ത്രസിപ്പിക്കുന്ന അനുഭൂതി പ്രവാഹങ്ങള്‍ ഒരിക്കലും നിലയ്ക്കില്ല. അത് വീണ്ടും വീണ്ടും നമ്മളിലേക്ക് പല വേഗങ്ങളില്‍ പ്രവഹിച്ചുകൊണ്ടിരിക്കും. വൈകാരിക വിക്ഷോഭങ്ങള്‍ കൊണ്ട് കുഴഞ്ഞുമറിയുന്ന മനസിന്റെ താളങ്ങള്‍ വീണ്ടെടുക്കുന്ന ദിവ്യമായൊരു സുഖചികിത്സപോലെ സക്കീറിന്റെ തബലവാദനം നമ്മുടെ ഹൃല്‍സ്പന്ദങ്ങളില്‍ ലയിക്കും.
സക്കീര്‍‍ ഹുസൈന്റെ അനുഗ്രഹിക്കപ്പെട്ട വിരലുകള്‍ തബലയെ സ്പര്‍ശിക്കുമ്പോള്‍, തേന്‍നുകരുന്ന ശലഭങ്ങളുടെ ചിറടിപോലെ ആ വിരലുകള്‍ ദ്രുതഗതിയില്‍ ചലിക്കുന്നു. ആയിരം വിരലുകള്‍ ചടുല നൃത്തമാടുന്നതായി അപ്പോള്‍ കാഴ്ചക്കാരന്‍ ഭ്രമിച്ചുപോകന്നു. ആ വിരലുകളുടെ വിസ്മയകരമായ ചലനങ്ങള്‍ തബലയുടെ കറുത്തവലയത്തില്‍ നിന്നും കൂട്ടത്തോടെ ചിറകടിച്ചുയരുന്ന മാടപ്രാവുകളെ സൂക്ഷിക്കുന്നു. ചിലപ്പോള്‍, മരച്ചില്ലയില്‍ കാറ്റുപിടിക്കുമ്പോള്‍ പിറക്കുന്ന ദലമര്‍മ്മങ്ങളുടെ സൗമ്യതാളംകൊണ്ട് ഹൃദയങ്ങളെ ശാന്തമാക്കുന്നു. നിനച്ചിരിക്കാത്ത നേരത്ത് ആര്‍ത്തുയര്‍ന്നു വരുന്ന തിരമാലപോലെ സാക്കിറിന്റെ വാദനം നമ്മെ ആവേശത്തിന്റെ പരകോടിയിലെത്തിക്കുന്നു. 

ശിവന്റെ ഡമരുവിന്റെ അഭൗമമായ ചടുലതാളലാവണ്യം തബലയില്‍ സക്കീര്‍ പുനഃസൃഷ്ടിച്ചത് അത്ഭുതത്തോടെ നമ്മള്‍ കേട്ടിരുന്നു. അപ്പോള്‍ അദ്ദേഹം വിരലുകളാല്‍ വായിച്ചുകൊണ്ടിരിക്കുന്നത് തബലയാണോ എന്ന് സന്ദേഹിച്ചുപോകും. കണ്ണടച്ചിരുന്നാലോ ഡമരുവിന്റെ ചടുലതാളത്തില്‍ താണ്ഡവമാടുന്ന ശിവനെ നമുക്ക് സങ്കല്പത്തിന്റെ മൂന്നാം കണ്ണ് തുറന്ന് കാണാനാകും. ചടുലമായ താളവിന്യാസങ്ങള്‍ക്കിടയില്‍ ഞൊടിനേരം ആ വിരലുകള്‍ ചലനരഹിതമാകുമ്പോള്‍ നിശബ്ദതയുടെ ആഴമെന്താണെന്ന് നമ്മള്‍ അനുഭവിച്ചറിയുന്നു. അങ്ങനെ താളാനുഭൂതിയുടെ എത്രയെത്ര ആവിഷ്കാര വൈവിധ്യങ്ങള്‍! തബല എന്ന താളവാദ്യത്തില്‍ മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത, താരതമ്യങ്ങളില്ലാത്ത എത്രയെത്ര കൊട്ടിക്കയറലുകള്‍!

കൈക്കുഞ്ഞായിരുന്നപ്പോള്‍, പിതാവും തബലവാദകനുമായിരുന്ന അല്ലാരഖാ സക്കീറിന്റെ ചെവിയില്‍ ഓതിക്കൊടുത്തത് മതവിശ്വാസമനുസരിച്ചുള്ള ദൈവിക സൂക്തങ്ങളായിരുന്നില്ല. തബലയുടെ പ്രാഥമിക താളങ്ങളായിരുന്നു. പിതാവിന്റെ ആ വായ്ത്താരി കുഞ്ഞുസക്കീറിന്റെ ജന്മവാസനകളെ സ്പര്‍ശിച്ചിട്ടുണ്ടാവണം. പന്ത്രണ്ടാം വയസു മുതല്‍ തബലയുടെ ആത്മാവിനെ വിരലുകളാല്‍ ഉണര്‍ത്തിത്തുടങ്ങിയ സക്കീറിന് താളവാദ്യകല തന്നെയായിരുന്നു മതവും ജീവിതവും ആത്മചൈതന്യവും. അദ്ദേഹം തന്നെ പലപ്പോഴും അത് പറഞ്ഞിട്ടുണ്ട്. 

പ‍ക്കമേളത്തിന്റെ ഭാഗമായിരുന്ന തബല എന്ന വിശിഷ്ടമായ വാദ്യത്തെ, അതിന്റെ അതിരുകളില്ലാത്ത താളസാധ്യതകള്‍ സൂക്ഷ്മമായി കണ്ടെത്തി ആവിഷ്കരിച്ച സക്കീറിനെ പോലെ മറ്റൊരു വാദകന്‍ നമ്മുടെ കാലഘട്ടത്തിലില്ല. തബലവാദനത്തിന്റെ പാരമ്പര്യശൈലികളെ പൂര്‍ണമായും നിഷേധിക്കാതെ തന്നെ അദ്ദേഹം പുതിയ താളവിസ്മയങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. പാശ്ചാത്യം-പൗരസ്ത്യം, ഹിന്ദുസ്ഥാനി-കര്‍ണാടകം, ഫോക്-ക്ലാസിക്ക് എന്നിങ്ങനെ ശൈലീവൈവിധ്യങ്ങളായി വേര്‍തിരിക്കപ്പെട്ടിട്ടുള്ള സംഗീതകലയുടെ സകല അതിര്‍വരമ്പുകളെയും അതിക്രമിച്ചു സാക്കീര്‍ കെട്ടിക്കയറി. ഹിന്ദുസ്ഥാനി സംഗീതത്തിലെ പക്കവാദ്യം മാത്രമായിരുന്ന തബലയെ ലോകസംഗീത കലയുടെ നെറുകയിലേക്ക് എടുത്തുയര്‍ത്തിക്കൊണ്ട് നൂതനവും വിപ്ലവകരവുമായ ഒരു തബലവാദന സംസ്കാരം അദ്ദേഹം സൃഷ്ടിച്ചു. മിക്കിഹാര്‍ട്ട്, ജോണ്‍ മക്‌ലൂഹന്‍, ഡേവിഡ് ട്രാസോഫ് തുടങ്ങിയ പാശ്ചാത്യ സംഗീതജ്ഞരുമായി ചേര്‍ന്ന് സാക്കീര്‍ സൃഷ്ടിച്ച അനുഭൂതി ലോകങ്ങള്‍ സംഗീതത്തിന്റെ ദേശഭേദങ്ങളെയും പാരമ്പര്യവാദികളുടെ തൊട്ടുകൂടായ്മകളെയും ധിക്കരിച്ച സൗന്ദര്യ കലാപങ്ങളായിരുന്നു. മക്‌ലൂഹനുമായി ചേര്‍ന്ന് സൃഷ്ടിച്ച ‘ശക്തി’ എന്ന ഒറ്റ ആല്‍ബം മാത്രം മതിയാകും സാക്കീറിന്റെ പ്രതിഭയുടെ അതിരുകളില്ലാത്ത സംഗീത സൗഹൃദത്തിന്റെ ആത്മാവ് തൊട്ടറിയാന്‍. ഭാരതത്തിലേക്ക് വന്നാല്‍ ഹരിപ്രസാദ് ചൗരസ്യ, അംജത് അലിഖാന്‍, സുല്‍ത്താന്‍ ഖാന്‍, പണ്ഡിറ്റ് രവിശങ്കര്‍ തുടങ്ങിയ ഹിന്ദുസ്ഥാനി സംഗീത പ്രതിഭകളുമായി ചേര്‍ന്നും കുന്നൈക്കുടി വൈദ്യനാഥന്‍, എല്‍ ശങ്കര്‍, വിക്കി വിനായകറാം തുടങ്ങിയ കര്‍ണാടക സംഗീതജ്ഞരുമായി ചേര്‍ന്നും സക്കീര്‍‍ കേള്‍വിയുടെ അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. 

ദേശകാലങ്ങളുടെ അതിരുകളെ ഭേദിച്ച വിശ്വകലാകാരനാണ് ഉസ്താദ് സക്കീര്‍ ഹുസൈന്‍. ഉസ്താദ് എന്ന വിളിപ്പേര് അദ്ദേഹം ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. താന്‍ എന്നും വിനീതനായ ഒരു സംഗീത വിദ്യാര്‍ത്ഥി മാത്രമാണെന്ന് അദ്ദേഹം പറയാറുണ്ട്. ‘ഗുരു’ എന്ന വിശേഷണവും ആ മഹാപ്രതിഭ ആഗ്രഹിച്ചിരുന്നില്ല. തന്റെ തലയില്‍ ആമഗ്നനായി പുതിയ പുതിയ താളാനുഭൂതികള്‍ കണ്ടെത്തി മനുഷ്യരിലേക്ക് നിര്‍ലോഭം പകരുക; അങ്ങനെ മനുഷ്യരുടെയെല്ലാം ഹൃദയതാളങ്ങളെ ഏകാത്മകമായ ആനന്ദാനുഭൂതിയില്‍ ലയിപ്പിക്കുക; അത് മാത്രമായിരുന്നു അമരനായ സക്കീര്‍ ഹുസൈന്‍ ആഗ്രഹിച്ച ജീവിതസാഫല്യം. അതിന്റെ പൂര്‍ണതയെ പ്രാപിച്ചുകൊണ്ടാണ് അദ്ദേഹം വിട പറഞ്ഞത്.
സക്കീര്‍, അങ്ങ് ഇപ്പോഴും ജീവിക്കുന്നു. മുടിയുലച്ചും നിഷ്കളങ്കമായി ചിരിച്ചും തബലയുടെ ആത്മാവിനെ വിരല്‍വേഗങ്ങളാല്‍ സ്പര്‍ശിച്ചുണര്‍ത്തിയും നീ ഞങ്ങളുടെ ഹൃദയങ്ങളില്‍ നിത്യസാന്നിധ്യമായി നിറഞ്ഞുകവിയുന്നു.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.