23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 5, 2024
November 23, 2024
November 8, 2024
October 26, 2024
October 15, 2024
October 15, 2024
September 13, 2024
September 11, 2024
September 5, 2024

മൂന്നര മാസം കൊണ്ട് രണ്ട് കോടിയിലധികം രൂപയുടെ കാന്‍സര്‍ മരുന്നുകള്‍

*ചരിത്ര മുന്നേറ്റം നടത്തി കാരുണ്യ സ്പര്‍ശം
*കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍
Janayugom Webdesk
തിരുവനന്തപുരം
December 22, 2024 10:02 pm

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘കാരുണ്യ സ്പര്‍ശം — സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്‌സ്’ പദ്ധതി വഴി 2.01 കോടി രൂപയുടെ മരുന്നുകള്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അതില്‍ 1.34 കോടി രൂപ കുറച്ചാണ് കാരുണ്യ സ്പര്‍ശം കൗണ്ടറുകള്‍ വഴി വിതരണം ചെയ്തത്. തികച്ചും ലാഭരഹിതമായാണ് മരുന്നുകൾ നൽകുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 29നാണ് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. കേവലം മൂന്നര മാസം കൊണ്ട് നിരവധി പേര്‍ക്കാണ് പദ്ധതി സഹായകമായതെന്നും മന്ത്രി വ്യക്തമാക്കി.

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ കാരുണ്യ ഫാര്‍മസികളിലെ ‘കാരുണ്യ സ്പര്‍ശം — സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്‌സ്’ പ്രത്യേക കൗണ്ടര്‍ വഴിയാണ് കാന്‍സര്‍ മരുന്നുകള്‍ വിതരണം ചെയ്ത് വരുന്നത്. വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ ജനങ്ങള്‍ക്ക് പരമാവധി വില കുറച്ച് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രി വീണാ ജോര്‍ജ് മുന്‍കൈയ്യെടുത്ത് പദ്ധതി ആരംഭിച്ചത്. 40,000 രൂപ വിലവരുന്ന മരുന്നുകള്‍ കേവലം 6,000 രൂപ മാത്രം ഈടാക്കി ഈ കൗണ്ടര്‍ വഴി വില്പന നടത്തി വരുന്നു.

കാന്‍സര്‍ ചികിത്സയ്ക്കുള്ള ബഹുഭൂരിപക്ഷം മരുന്നുകളും സീറോ പ്രോഫിറ്റായി ലഭ്യമാക്കുന്നു. ആരംഭത്തില്‍ 247 ബ്രാന്‍ഡഡ് ഓങ്കോളജി മരുന്നുകളാണ് ലാഭമില്ലാതെ പ്രത്യേക കൗണ്ടര്‍ വഴി ലഭ്യമാക്കിയത്. ഇപ്പോഴത് 252 മരുന്നുകളാക്കി. കാരുണ്യ സ്പര്‍ശം കൗണ്ടറുകളില്‍ പ്രത്യേകം ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് 74 കാരുണ്യ ഫാര്‍മസികളാണ് ഉള്ളത്. ഇന്ത്യയിലെ വിവിധ ബ്രാന്‍ഡഡ് കമ്പനികളുടെ 7,000ത്തോളം മരുന്നുകളാണ് ഏറ്റവും വിലകുറച്ച് കാരുണ്യ ഫാര്‍മസികള്‍ വഴി നല്‍കുന്നത്. ഇത് കൂടാതെയാണ് കാന്‍സറിനുള്ള മരുന്നുകള്‍ പൂര്‍ണമായും ലാഭം ഒഴിവാക്കി നല്‍കുന്നു. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും തെരഞ്ഞെടുത്ത 14 കാരുണ്യ ഫാര്‍മസികളിലെ കാരുണ്യ സ്പര്‍ശം കൗണ്ടറുകള്‍ വഴിയാണ് ഉയര്‍ന്ന വിലയുള്ള ആന്റി കാന്‍സര്‍ മരുന്നുകള്‍ ലഭ്യമാക്കിയിട്ടുള്ളത്. കൂടുതല്‍ കൗണ്ടറുകള്‍ സ്ഥാപിക്കാനാണ് ആരോഗ്യ വകുപ്പിന്റെ ശ്രമം.

(ബോക്സ്)
മരുന്നുകള്‍ ലഭിക്കുന്ന കാരുണ്യ ഫാര്‍മസികള്‍
* തിരുവനന്തപുരം മെഡിക്കല്‍ കോളജ്
* ഗവ. കൊല്ലം വിക്ടോറിയ ആശുപത്രി
* പത്തനംതിട്ട ജനറല്‍ ആശുപത്രി
* ആലപ്പുഴ മെഡിക്കല്‍ കോളജ്
* കോട്ടയം മെഡിക്കല്‍ കോളജ്
* ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി
* എറണാകുളം മെഡിക്കല്‍ കോളജ്
* തൃശൂര്‍ മെഡിക്കല്‍ കോളജ്
* പാലക്കാട് ജില്ലാ ആശുപത്രി
* മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി
* കോഴിക്കോട് മെഡിക്കല്‍ കോളജ്
* മാനന്തവാടി ജില്ലാ ആശുപത്രി
* കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ്
* കാസര്‍‍കോട് ജനറല്‍ ആശുപത്രി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.