26 December 2024, Thursday
KSFE Galaxy Chits Banner 2

വൻകിടക്കാർക്ക് ഒത്താശ ചെയ്യുന്ന ബിജെപി സർക്കാർ

Janayugom Webdesk
December 25, 2024 5:00 am

ഈ വർഷം ഫെബ്രുവരി, മേയ് മാസങ്ങളിൽ രാജ്യത്തെ സാധാരണക്കാരുടെ വായ്പാ ബാധ്യതകളെ സംബന്ധിച്ച രണ്ട് റിപ്പോർട്ടുകൾ പുറത്തുവരികയുണ്ടായി. അതിലൊന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ)യുടേതായിരുന്നു. മറ്റൊന്ന് സ്വകാര്യ ഏജൻസിയുടേതായതിനാൽ കേന്ദ്ര ബിജെപി സർക്കാർ അംഗീകരിക്കണമെന്നില്ല. രാജ്യം നേരിടുന്ന ഗുരുതരമായ പണപ്പെരുപ്പം, വിലക്കയറ്റം, തൊഴിൽ രാഹിത്യം എന്നിവയൊക്കെ കാരണം ചെലവുകൾ ഭീമമായി കൂടുകയും കുടുംബവായ്പാ ബാധ്യത വളരെയധികം വർധിക്കുകയും ചെയതുവെന്നാണ് റിപ്പോർട്ടുകളിലുണ്ടായിരുന്നത്. ആർബിഐ റിപ്പോർട്ടിലും ഇക്കാര്യമുണ്ടെന്നതിനാൽ അത് അംഗീകരിക്കാതിരിക്കുവാൻ സർക്കാരിനാകില്ല. 2023 ഡിസംബറിൽ കുടുംബങ്ങളുടെ കടം എക്കാലെത്തയും ഉയർന്ന തോതിലേക്ക് കുതിച്ചുയർന്നുവെന്നും മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ (ജിഡിപി) 40 ശതമാനം എന്ന റെക്കോഡ് നിരക്കിൽ എത്തിയതായും മോട്ടിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് റിപ്പോർട്ടിൽ പറയുന്നു. കടം വർധിച്ചതോടെ കുടുംബ സമ്പാദ്യം അഞ്ച് ശതമാനത്തിലേയ്ക്ക് താഴ്ന്നു. 2023 സെപ്റ്റംബറിൽ കുടുംബങ്ങളുടെ അറ്റസമ്പാദ്യം അഞ്ച് ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ ജിഡിപിയുടെ 5.1 ശതമാനം രേഖപ്പെടുത്തിയെന്ന് റിസർവ് ബാങ്ക് റിപ്പോർട്ടിലുമുണ്ടായിരുന്നു. 2018 മുതൽ 23 വരെയുള്ള വർഷങ്ങളിൽ കുടുംബ ചെലവ് ഗണ്യമായി വർധിച്ചു. കോവിഡ് കാലത്ത് കുടുംബ ചെലവിന്റെ തോത് 31 ലക്ഷം കോടിയായി ഉയർന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ഗണ്യമായ കുതിച്ചുചാട്ടം ഉണ്ടായത്. 2022–23ൽ കുടുംബങ്ങളുടെ കടബാധ്യത 15.8 ലക്ഷം കോടിയായി. 77 ശതമാനം കുടുംബങ്ങളും വായ്പാ തിരിച്ചടവിന്റെ ഭാരം പേറുന്നവരാണെന്നും ആർബിഐ റിപ്പോർട്ടിലുണ്ടായിരുന്നു. ഭവനത്തിനും കുട്ടികളുടെ പഠനത്തിനുമുൾപ്പെടെയുള്ള വായ്പകൾ, ഇൻഷുറൻസ് പ്രീമിയം ബാധ്യതകൾ എന്നിവ താങ്ങാനാകാതെ കുടുംബങ്ങൾ ദുരിതത്തിലാകുകയും പ്രതിദിന സ്വാഭാവിക ചെലവുകൾ വെട്ടിക്കുറയ്ക്കുവാൻ നിർബന്ധിതമാകുന്നുവെന്നും റിപ്പോർട്ടുകൾ വിശദീകരിക്കുന്നു. പ്രോവിഡന്റ് ഫണ്ട്, ലൈ ഫ് ഇൻഷുറൻസ്, ബാങ്കിതര സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പ ആശ്രയിക്കേണ്ടിവരുന്നതിനാൽ സ്ഥിരവരുമാനക്കാർപോലും വായ്പാ ബാധ്യതയുള്ളവരുടെ പട്ടികയിലാണ്. വായ്പയെ ആ ശ്രയിക്കുന്ന കർഷകർ വിളനാശം, കാലാവസ്ഥാ വ്യതിയാനം പോലുള്ള പ്രതിഭാസങ്ങളെ തുടർന്ന് വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാതെ വരികയും ബാങ്കുകളുടെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെയും നിരന്ത സമ്മർദത്തെത്തുടർന്ന് ആത്മഹത്യ ചെയ്യേണ്ടിവരുന്നതിന്റെയും വാർത്തകളും പതിവാണ്. രാജ്യത്തെ സാധാരണക്കാരുടെ ബാധ്യത സംബന്ധിച്ച ഇത്തരം പഠനങ്ങളും വാർത്തകളും നിലനിൽക്കേയാണ് കോർപറേറ്റുകളുടെ വായ്പകൾ നിരന്തരം എഴുതിത്തള്ളി സഹായിക്കുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 

വായ്പ എഴുതിത്തള്ളിയതുമായി ബന്ധപ്പെട്ട് ഇതുവരെ നൽകിയ കണക്കുകളല്ല പുതിയതായി പുറത്തുവന്നിരിക്കുന്നത്. വൻകിടക്കാരുടെ എട്ട് മുതൽ പത്ത് ലക്ഷം കോടി രൂപ വരെയുള്ള വായ്പ എഴുതിത്തള്ളിയെന്നായിരുന്നു വിവരം നൽകിയിരുന്നത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലെത്തിയതിനുശേഷമുള്ള പത്ത് വർഷത്തിനിടെ 16.11 ലക്ഷം കോടി രൂപ എഴുതിത്തള്ളിയെന്നാണ് കേന്ദ്രധനകാര്യ സഹമന്ത്രി പാർലമെന്റിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച കണക്കുകളിലുള്ളത്. അതിനർത്ഥം ഇതുവരെ കേന്ദ്ര സർക്കാർ വസ്തുതകൾ മറച്ചുവച്ചുവെന്നാണ്. 16.11 ലക്ഷം കോടിയിൽ 12 ലക്ഷം കോടിയും കോർപറേറ്റുകളുടേതാണെന്നും കണക്കുകൾ വിലയിരുത്തിയ ചില മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. കോൺഗ്രസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാരുകളുടെ കാലത്താണ് വായ്പ എഴുതിത്തള്ളൽ പ്രക്രിയക്ക് തുടക്കമിട്ടത്. കണക്ക് ശുദ്ധീകരണമെന്ന പേരിലായിരുന്നു ഇത്. ഇത് അഴിമതിയാണെന്ന് ആരോപിച്ചവരായിരുന്നു ബിജെപിക്കാർ. അവരുടെ കാലത്തും പ്രസ്തുത പ്രക്രിയ നിർബാധം തുടരുന്നുവെന്നുമാത്രമല്ല തുക എത്രയോ മടങ്ങ് വർധിക്കുകയാണ് ചെയ്തത്. എന്നുമാത്രമല്ല ഇതിന്റെ ഗുണം ഏറ്റവും കൂടുതലായി ലഭിച്ചത് അതിസമ്പന്നർക്കായിരുന്നു. സാധാരണക്കാർ തുച്ഛമായ തുക തിരിച്ചടയ്ക്കാതിരുന്നാൽ പോലും കർശനമായ നടപടികൾ നേരിടേണ്ടിവരികയും ചെയ്യുന്നു. വൻ പ്രകൃതിദുരന്തമുണ്ടായ വയനാട് ചൂരൽമലയിലെ ഉരുൾ പൊട്ടൽ ദുരന്തത്തിനിരയായവരുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടപ്പോൾ കൈമലർത്തുന്ന കേന്ദ്ര സർക്കാരാണ് കോർപറേറ്റ് വായ്പകൾ എഴുതിത്തള്ളി സഹായിക്കുന്നതെന്ന വൈരുദ്ധ്യവുമുണ്ട്. വൻകിടക്കാരുടെ വൻതുകയ്ക്കുള്ള വായ്പകൾ എഴുതിത്തള്ളുന്നതിന്റെ ഫലമായി ബാങ്കിന്റെ മൂലധനത്തിൽ കുറവ് വരുന്നതോടെ സേവന ചെലവുകൾ വര്‍ധിപ്പിക്കേണ്ട സ്ഥിതിയുണ്ടാകുന്നു. കൂടാതെ വായ്പ പരിമിതപ്പെടുത്തേണ്ടി വരികയും ചെയ്യുന്നു. ഈ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുന്നത് കുറഞ്ഞ വായ്പയെടുക്കാനെത്തുന്ന സാധാരണക്കാരായിരിക്കും. പക്ഷേ സാധാരണക്കാർ ഒരിക്കലും ബിജെപി സർക്കാരിന്റെ പരിഗണനയിലുള്ളവരായിരുന്നില്ല. അതുകൊണ്ടാണ് വയനാട് ദുരന്ത ബാധിതരെ സഹായിക്കുവാൻ തയ്യാറാകാതിരിക്കുമ്പോഴും കോർപറേറ്റുകളെ അകമഴിഞ്ഞ് സഹായിക്കുന്നത്. ഇത് സാധാരണ മനുഷ്യരോടുള്ള കടുത്ത വഞ്ചന കൂടിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.