1 January 2025, Wednesday
KSFE Galaxy Chits Banner 2

നീലക്കുയിൽ സിനിമയുടെ നാടകാവിഷ്കാരം

Janayugom Webdesk
December 29, 2024 2:21 am

ചന്ദ്രതാരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി കെ പരീക്കുട്ടി നിർമ്മിച്ച് പി ഭാസ്ക്കരനും രാമുകാര്യാട്ടും ചേർന്ന് സംവിധാനം ചെയ്ത് 1954‑ൽ റിലീസായ ‘നീലക്കുയിൽ’ സിനിമയുടെ നാടകാവിഷ്ക്കാരം ഇന്ന് തിരുവനന്തപുരത്ത് ടാഗോർ തീയേറ്ററിൽ വൈകുന്നേരം 5.30 മണിക്ക് അരങ്ങേറുന്നു. സിനിമയുടെ എഴുപതാം വർഷത്തിലും ഒപ്പം ഭാസ്ക്കരൻ മാഷിന്റെ ജന്മശതാബ്ദി വർഷത്തിലുമാണ് സിനിമ, നാടകമായി അരങ്ങിലെത്തുന്നത്.
ഉറൂബിന്റെ രചനയിൽ മാറ്റത്തിന്റെ ശംഖൊലി മുഴക്കിയെത്തിയ ചിത്രത്തിൽ ശ്രീധരൻ മാഷായി സത്യനും നീലിയായി മിസ് കുമാരിയുമാണ് അഭിനയിച്ചത്. മികച്ച മലയാള ചിത്രത്തിനുള്ള രാഷ്ട്രപ്രതിയുടെ അവാർഡ് നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ സിനിമയാണ് നീലക്കുയിൽ. തിയേട്രോൺ ടുഡേയുടെ ബാനറിൽ ആർ എസ് മധുവിന്റെ രചനയിൽ ചലച്ചിത്ര സംവിധായകൻ സി വി പ്രേംകുമാറാണ് നാടകം സംവിധാനം ചെയ്യുന്നത്. തിയേട്രോൺ ടുഡേ തിരുവനന്തപുരം ആസ്ഥാനമായി വളരെ വർഷങ്ങളായി പ്രവർത്തിക്കുന്ന നാടകകൂട്ടായ്മയാണ്. ഡോക്ടർ അംബി എന്ന് പരക്കെ അറിയപ്പെടുന്ന അംബികാത്മജൻ നായരാണ് തിയേട്രോൺ ടുഡേയുടെ അമരക്കാരൻ. 

ആർ എസ് മധു നാടകത്തിന്റെ സമസ്ത മേഖലകളെക്കുറിച്ചു വ്യക്തമായ ജ്ഞാനവും കാഴ്ച്ചപ്പാടുമുള്ള കലാകാരനാണ്. അദ്ദേഹം മുൻ അധ്യാപകനും കവിയുമാണ്. മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് ജേതാവു കൂടിയാണ് ആർ എസ് മധു.
ചലച്ചിത്ര സീരിയൽ നാടക സംവിധായകനും തിരക്കഥാകൃത്തുമാണ് നീലക്കുയിൽ സംവിധാനം ചെയ്യുന്ന സിവി പ്രേംകുമാർ. വർഷങ്ങൾക്കു മുമ്പ് ദൂരദർശനു വേണ്ടി അവസ്ഥാന്തരം എന്ന സീരിയൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. കെപിഎസി ലളിതയെയും സിപി മേവടയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ കർഷകൻ എന്ന ടെലിഫിലിം പ്രേക്ഷകശ്രദ്ധ നേടിയെടുത്തിരുന്നു. നന്ദു, മായാ വിശ്വനാഥ്, സുധീർ കരമന, രാഘവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച ആൾരൂപങ്ങൾ സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചത് സി വി പ്രേംകുമാറായിരുന്നു. നല്ലൊരു നടൻ കൂടിയായ പ്രേംകുമാർ തിരുവനന്തപുരം എയർപോർട്ട് അതോറിറ്റി മുന്‍ ജീവനക്കാരനാണ്. ശ്രീധരൻ മാഷിനെ ഫോട്ടോ ജേർണലിസ്റ്റ് ജിതേഷ് ദാമോദറും നീലിയെ നർത്തകി സിതാര ബാലകൃഷ്ണനും അവതരിപ്പിക്കുമ്പോൾ മറ്റു കഥാപാത്രങ്ങളെ വഞ്ചിയൂർ പ്രവീൺകുമാർ, സജനചന്ദ്രൻ, മൻജിത്ത്, രജുല മോഹൻ, ശ്രീലക്ഷ്മി, ശങ്കരൻകുട്ടി നായർ, മാസ്റ്റർ കാശിനാഥൻ എന്നിവരും അവതരിപ്പിക്കുന്നു. 

കേരളകൗമുദി പത്രത്തിൽ ഫോട്ടോ ജേർണലിസ്റ്റായിരുന്ന ജിതേഷ് ചലച്ചിത്രങ്ങളിലും ഷോർട്ട് ഫിലിമുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ജയസൂര്യ നായകനായ വെള്ളം, വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ രണ്ട് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ ജിതേഷ് അവതരിപ്പിച്ചിട്ടുണ്ട്.
സിതാര ബാലകൃഷ്ണൻ അറിയപ്പെടുന്ന നർത്തകിയാണ്. കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ കലാതിലകപ്പട്ടമണിഞ്ഞിട്ടുള്ള സിതാര അമ്പതോളം ടെലിവിഷൻ പരമ്പരകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അറിയപ്പെടുന്ന നൃത്താധ്യാപിക കൂടിയാണ് സിതാര.
ചലച്ചിത്ര സീരിയൽ നടനും പ്രശസ്ത കാഥികനുമായ വഞ്ചിയൂർ പ്രവീൺകുമാർ നാടകത്തിൽ, താമരമുറ്റം തറവാട് കാരണവരുടെ വേഷമാണ് അവതരിപ്പിക്കുന്നത്. നീലക്കുയിൽ സിനിമയിൽ പി ഭാസ്കരൻ അവതരിപ്പിച്ച ശങ്കരൻനായർ എന്ന പോസ്റ്റ്മാന്റെ വേഷമാണ് തിരുവനന്തപുരം എയർപോർട്ട് അതോറിറ്റി എയർ ട്രാഫിക്ക് കൺട്രോളിലെ ഉയർന്ന ഉദ്യേഗസ്ഥനായ സജനചന്ദ്രൻ അവതരിപ്പിക്കുന്നത്. അദ്ദേഹം പ്രശസ്തനായ സീരിയൽ നടൻ കൂടിയാണ്. 

ചലച്ചിത്ര സീരിയൽ നടനായ മഞ്ജിത്ത്, കാരണവരുടെ നിഷേധിയായ മകൻ കുട്ടനെയും നാടക നടിയും മുൻ അധ്യാപികയുമായ രജുല മോഹൻ താമരമുറ്റത്തെ ലക്ഷ്മിയമ്മയെയും അധ്യാപികയായ ശ്രീലക്ഷ്മി, ലക്ഷ്മിയേടത്തിയുടെ മകളും ശ്രീധരൻ മാഷിന്റെ ഭാര്യയുമായ നളിനിയെയും റിട്ട. സബ് ഇൻസ്പെക്ടർ ശങ്കരൻകുട്ടി നായർ, ചായകടക്കാരൻ നാണു നായരെയും മൂന്നാം ക്ളാസ് വിദ്യാർത്ഥി കാശിനാഥൻ, മോഹൻ എന്ന ബാലനെയും അവതരിപ്പിക്കുന്നു. പ്രശസ്ത ചലച്ചിത്ര കാമറാമാനും സംവിധായകനുമായ വിപിൻ മോഹനാണ് സിനിമയിൽ ബാലന്റെവേഷം അവതരിപ്പിച്ചത്. ചലച്ചിത്ര പിആർഒ അജയ് തുണ്ടത്തിലാണ് നാടകത്തിന്റെ പിആർഒ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.