12 June 2024, Wednesday

കാത്തിരിക്കുന്നത് ഗൗരവമുള്ള നായക വേഷത്തിന്

പി ആർ സുമേരൻ 
April 28, 2024 4:03 am

നാളുകൾക്ക് മുമ്പ് സാജു നവോദയ ഒരു മിമിക്രി കലാകാരനായിരുന്നു. ഇപ്പോൾ മലയാളസിനിമയിലെ തിരക്കേറിയ താരങ്ങളിലൊരാളാണ്. പല വേഷപ്പകർച്ചകൾ ഈ കലാകാരനുണ്ട്. ജീവിക്കാൻ വേണ്ടി ചെയ്യാത്ത ജോലികൾ ഒന്നുമില്ല. പക്ഷേ, ജീവിക്കാനുള്ള പെടാപ്പാടുകൾക്കിടയിലും കലയോടുള്ള ഇഷ്ടം മാത്രം കൈവിട്ടില്ല. പട്ടിണിയും പരിവട്ടവുമായി അലഞ്ഞു നടന്നപ്പോഴും കലാബോധമാണ് ആ ചെറുപ്പക്കാരനെ മുന്നോട്ട് നയിച്ചത്. ഒടുവിൽ മോഹിച്ചതെല്ലാം നേടിയെടുത്തു. വിട്ടുവീഴ്ചയില്ലാതെ ജീവിതവുമായി മല്ലിട്ടത്തിന്റെ വിജയഗാഥ കൂടിയാണ് പാഷാണം ഷാജി എന്ന ഈ കലാകാരന്റെ ഇപ്പോഴത്തെ സംതൃപ്ത ജീവിതം. താൻ കടന്നുവന്ന ജീവിത വഴികളിലേക്ക് സാജു നവോദയ വീണ്ടും തിരിഞ്ഞുനടക്കുന്നു…

വീടെന്ന സ്വര്‍ഗം

കുറച്ചുകാലങ്ങളായി സാജുവിന് കൈനിറയെ സിനിമയാണ്. തിരക്കോടു തിരക്ക്. അല്പം വിശ്രമിക്കാൻ പോലും സമയം കിട്ടാറില്ല. എറണാകുളം ജില്ലയുടെ തെക്കേ അതിർത്തി പ്രദേശമായ പനങ്ങാടാണ് സാജുവും ഭാര്യ രശ്മിയും ഇപ്പോൾ താമസിക്കുന്ന ‘ശ്രീവിനായകം’.
‘ദേ, ഇതാണെൻറെ ശ്രീവിനായകം. ശരിക്കും പറഞ്ഞാൽ എന്റെ സ്വപ്നം.’ വീടിനെ ചൂണ്ടി സാജു പറഞ്ഞു. പണ്ടുമുതലേ മനസിലുള്ള ആഗ്രഹമായിരുന്നു മനസിനിണങ്ങിയ ഒരു വീട് വയ്ക്കുക. വീട് വലിയൊരു ആഗ്രഹം തന്നെയായിരുന്നു. കുറെ നാളുകൾ വാടകവീടുകളിൽ താമസിച്ചിട്ടുണ്ട്. അങ്ങനെ ഏറെ നാളത്തെ ആഗ്രഹമാണ് ഈ വീടിന്റെ പൂർത്തീകരണത്തിലൂടെ സാധിച്ചെടുത്തത്. എന്റെ മാത്രം അധ്വാനത്തിലൂടെയാണ് ഈ വീട് പൂർത്തീകരിക്കാനായത്. മിമിക്രിയിലൂടെയും സ്റ്റേജ് ഷോയിലൂടെയും ഇപ്പോൾ സിനിമയിലൂടെയും കിട്ടിയ സമ്പാദ്യമാണ് വീട് വയ്ക്കാൻ കഴിഞ്ഞത്. വിനായകനാണ് എന്റെ ഇഷ്ട ദൈവം. അതുകൊണ്ടാണ് വീടിന് ശ്രീവിനായകം എന്ന് പേര് ഇട്ടത്.

കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതം

വളരെയധികം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു എന്റെ ജീവിതം. അച്ഛനും അമ്മയും കർഷകത്തൊഴിലാളികളായിരുന്നു. ഉദയംപേരൂർ നടക്കാവിനടുത്താണ് വീട്. ഞങ്ങൾ പത്ത് മക്കളായിരുന്നു. അച്ഛനും അമ്മയ്ക്കും കൂലിപ്പണിയാകുമ്പോൾ പത്ത് മക്കളെ വളർത്താനുള്ള ബുദ്ധിമുട്ട് ഊഹിക്കാവുന്നല്ലേയുള്ളൂ. പറഞ്ഞാൽ തീരില്ല അത്രമാത്രം ദുരിതമായിരുന്നു അച്ഛനും അമ്മയും അനുഭവിച്ചത്. പക്ഷേ ബുദ്ധിമുട്ടുകൾ സഹിച്ചാണെങ്കിലും മക്കളെയെല്ലാവരെയും നല്ല രീതിയിൽ തന്നെയാണ് വളർത്തിയത്. അത്യാവശ്യം എല്ലാവർക്കും നല്ല വിദ്യാഭ്യാസം നൽകി. എല്ലാവരും പരസ്പരം സ്നേഹത്തോടെ കഴിയാനും പഠിപ്പിച്ചു. ഒന്നോർത്തു നോക്കൂ. പത്ത് മക്കളുണ്ടെങ്കിലും ഞങ്ങളൊരിക്കലും ഒരു കാര്യത്തിനും വഴക്ക് കൂടിയിട്ടില്ല. കുട്ടിക്കാലത്തെ സ്നേഹവും ബഹുമാനവും ഇന്നും ഞങ്ങൾക്കുണ്ട്.

 

മൂത്ത ചേട്ടന് അച്ഛന്റെ സ്ഥാനമായിരുന്നു. ഞങ്ങളെയെല്ലാം നോക്കി വളർത്തുന്നത് ചേട്ടനായിരുന്നു. ഞങ്ങൾക്ക് സമയത്തിന് പോയിട്ട് വിശപ്പിനുപോലും പലപ്പോഴും ആഹാരം ഉണ്ടായിട്ടില്ല. പട്ടിണിയും വിശപ്പുമെല്ലാം അറിഞ്ഞ് തന്നെയാണ് ഞങ്ങളെ അച്ഛനും അമ്മയും വളർത്തിയത്. അതുകൊണ്ടുതന്നെ മറ്റുള്ളവരെ സഹായിക്കാൻ കിട്ടുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താറുണ്ട്.

പഠനവും കലാപ്രവര്‍ത്തനവും

അച്ഛൻ എല്ലാവരെയും സഹായിക്കുന്ന മനസുള്ളയാളായിരുന്നു. വീടിനടുത്തുള്ളവർക്ക് നല്ല സഹായിയായിരുന്നു. പത്ത് മക്കളുള്ളതുകൊണ്ട് അച്ഛനെ അഞ്ഞൂറാൻ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. ഞങ്ങളെയെല്ലാവരും ‘അഞ്ഞുറാന്റെ മക്കളേ’ എന്നാണ് തമാശയ്ക്ക് വിളിക്കുന്നത്. ഇവിടെയാണ് ഞാൻ ജനിച്ചുവളർന്നത്. ഇവിടം മുഴുവനും ചതുപ്പ് നിലമായിരുന്നു. പുഴയും തോടുമെല്ലാമുണ്ടായിരുന്നു. ഈ കാണുന്ന ചെറിയ പറമ്പ് അച്ഛനും അമ്മയും അധ്വാനിച്ചുണ്ടാക്കിയതാണ്. ഞാൻ പഠിച്ചത് നടക്കാവിലെ ജൂനിയർ ബേസിക് സ്കൂൾ. അവിടെ ഒന്നുമുതൽ നാല് വരെ പഠിച്ചു. അഞ്ച് മുതൽ പത്ത് വരെ പഠിച്ചത് തൊട്ടടുത്തുള്ള ഉദയംപേരൂർ എസ്എൻഡിപി എച്ച്എസ്എസിലാണ്. ശരിക്കും പറഞ്ഞാൽ എന്നെ കലാരംഗത്തേക്ക് പിടിച്ചുയർത്തുന്നതിൽ രണ്ട് സ്കൂളുകളും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അധ്യാപകരെല്ലാം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഈ സ്കൂൾ എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഇവിടെ പഠിക്കുമ്പോൾ നാടകത്തിനും മിമിക്രിക്കുമെല്ലാം ഞാൻ മുന്നിലുണ്ടാവും. കലാരംഗത്തേക്ക് കൈപിടിച്ചുയർത്താൻ ഈ സ്കൂളും അധ്യാപകരും ഒട്ടേറെ സഹായിച്ചിട്ടുണ്ട്. വീടിനടുത്തുള്ള സ്കൂളായതുകൊണ്ട് എനിക്ക് പ്രത്യേക പരിഗണനയായിരുന്നു. എല്ലാവരെയും നല്ല പരിചയം. കൂടാതെ ചേട്ടന്മാരും ചേച്ചിമാരും സ്കൂളിൽ കൂടെയുണ്ട്. അതിന്റെയൊരു ഗമയും ധൈര്യവും കൂടിയുണ്ട്. പിന്നെ കൂട്ടുകാരുമായുള്ള അടിപിടിയും കശപിശയും എന്നുമുണ്ടാകും.

തിലോത്തമ ചേച്ചിയും രശ്മിയും

സ്കൂളിനടുത്ത് ഒരു ചേച്ചിയുണ്ട്. തിലോത്തമ ചേച്ചി. ആ ചേച്ചിയെ പരിചയപ്പെട്ടില്ലെങ്കിൽ എൻറെ കഥ പൂർത്തിയാകില്ല. എന്നെക്കണ്ടാൽ ആദ്യം ഒറ്റയടി തരും. എന്നിട്ടാണ് ചേച്ചി വിശേഷം ചോദിക്കുന്നത്. തൊട്ടടുത്തുള്ള നൃത്തവിദ്യാലയം ചൂണ്ടിക്കാണിച്ച് സാജു പറഞ്ഞു. അവിടെ വെച്ചാണ് ഞാൻ ആദ്യമായി രശ്മിയെ പരിചയപ്പെടുത്തത്. പരിചയം പിന്നീട് പ്രണയവും വിവാഹവുമായി മാറി. ഞങ്ങളെ ഒന്നിപ്പിക്കുന്നതിൽ ഈ ചേച്ചി ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്. വിഷമിച്ച നാളുകളിൽ സാന്ത്വനവും സ്നേഹവും നൽകി സഹായിച്ചു. സ്വന്തമായി ഒരു ജോലിയുമില്ലാതെ മിമിക്രിയുമായി നടന്ന സമയത്തായിരുന്നു വിവാഹം. രശ്മിയുടെ വീട്ടുകാർക്ക് ചെറിയ എതിർപ്പുണ്ടായിരുന്നു. പക്ഷേ അതിനെയെല്ലാം അവഗണിച്ചുകൊണ്ട് അവൾ എന്റെ കൂടെക്കൂടി. സത്യത്തിൽ ഒരുപാട് ജീവിതക്ലേശങ്ങൾ ഞങ്ങൾ അനുഭവിച്ചിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് തന്നെയായിരുന്നു പ്രധാനം. വല്ലപ്പോഴും എനിക്ക് കിട്ടുന്ന സ്റ്റേജ് പ്രോഗ്രാമിൽ നിന്നുള്ള വരുമാനമായിരുന്നു ഏക ആശ്രയം. അതിനിടെ ഞങ്ങൾ രണ്ടുപേരും ചേർന്ന് പല ജോലികൾ ചെയ്തിട്ടുണ്ട്. മുയലിനെ വളർത്തൽ, നായ്ക്കുട്ടികളെ വളർത്തുക അങ്ങനെ പലതും. ഇതിനിടെ പല വീടുകൾ വാടകയ്ക്ക് അന്വേഷിച്ചെങ്കിലും ഒന്നും കിട്ടിയില്ല. ഒടുവിൽ ഒറ്റമുറി മാത്രമുള്ള ഒരു വീട്ടിൽ വർഷങ്ങളോളം ഞങ്ങൾ താമസിച്ചു. ഞാൻ പ്രോഗ്രാമിന് പോകുമ്പോൾ അവൾ തനിച്ചായിരിക്കും. അന്നെല്ലാം ഈ ദുരിതങ്ങൾ മാറും എന്ന പ്രതീക്ഷയോടെ ജീവിച്ചു. ആ ഒറ്റമുറി വീട്ടിൽനിന്ന് ഇന്ന് നല്ലയൊരു വീട് സ്വന്തമാക്കുവാൻ സാധിച്ചു. അതിൽ ഈശ്വരനോട് നന്ദി പറയുന്നു.

ചാരിറ്റി പ്രവർത്തനം

ചെറിയ രീതിയിൽ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. ഒന്നുമുണ്ടായിട്ടല്ല എങ്കിലും കൈയ്യിൽ കിട്ടുന്നതിൽനിന്ന് ഒരു പങ്ക് അർഹിക്കുന്നവർക്ക് കൊടുക്കുന്നു. അത്രമാത്രം. അങ്ങനെയൊരു സന്മനസ് കാണിച്ചതുകൊണ്ടാണ് ഓട്ടിസം ബാധിച്ച കീർത്തി കിഷോർ എന്ന അഞ്ചുവയസുകാരിയെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരാൻ കഴിഞ്ഞത്. ഞാൻ നേതൃത്വം നൽകിയ സ്റ്റേജ് പ്രോഗ്രാമിലൂടെ പത്ത് ലക്ഷം രൂപയോളം ആ കുട്ടിക്ക് നൽകാൻ കഴിഞ്ഞു.

സിനിമയിലേക്ക്

സിനിമയിലേക്കും വളരെ യാദൃച്ഛികമായിട്ടാണ് ഞാൻ വരുന്നത്. സ്റ്റേജ് പ്രോഗ്രാമുകളും ചാനൽ ഷോകളുമായിരുന്നു എനിക്ക് കൂടുതലായും ഉണ്ടായിരുന്നത്. അതിനിടെയായിരുന്നു സിനിമയിലേക്കുള്ള പ്രവേശനം. ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങയാണ് എന്റെ സിനിമ കരിയറിനെ മാറ്റിമറിച്ച ചിത്രം. മിമിക്രിക്കാരെ ആരെയും ഈ സിനിമയിലെടുക്കരുതെന്ന് ജിബു ചേട്ടന് നിർബന്ധമായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഭാര്യ ടി വി ഷോയിലൂടെ എന്നെ കണ്ടിട്ടുണ്ട്. അങ്ങനെ ജിബു ചേട്ടന്റെ ഭാര്യയാണ് എന്നെ ആ സിനിമയിലേക്ക് പരിചയപ്പെടുത്തിയത്. അതിനുമുമ്പ് ഒന്നുരണ്ട് സിനിമകളിൽ അഭിനയിച്ചിരുന്നെങ്കിലും ഒന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. വെള്ളിമൂങ്ങയിൽ എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ആ ചിത്രം ഹിറ്റായതോടെ ധാരാളം സിനിമകളിൽ നിന്ന് ഓഫറുകൾ വന്നു. മമ്മൂക്കയുടെ കൂടെ പത്തേമാരി, തോപ്പിൽ ജോപ്പൻ അങ്ങനെ കുറെ സിനിമകളിൽ അഭിനയിച്ചു.

ഗൗരവമുള്ള നായകവേഷം ചെയ്യാന്‍ ആഗ്രഹം

തമാശ കഥാപാത്രങ്ങളാണ് പലതുമെങ്കിലും ശ്രദ്ധിക്കപ്പെടുന്ന സിനിമകൾ ഇനിയും ചെയ്യണമെന്നുണ്ട്. അല്പം ഗൗരവമുള്ള നായകവേഷം ചെയ്യാനാണ് ആഗ്രഹം. സിനിമയിലെ ബഹളങ്ങളിലൊന്നും ഞാൻ പങ്കാളിയാകാറില്ല. ഏൽപ്പിക്കുന്ന ജോലി കഴിയുംവിധം നന്നായി ചെയ്യുന്നു, അത്രമാത്രം. ആരുമായും പരിധിക്കപ്പുറം കവിഞ്ഞ ഒരു ബന്ധവുമില്ല. തൊട്ടതിനും പിടിച്ചതിനുമൊന്നും അഭിപ്രായം പറയാൻ ഞാൻ തയ്യാറല്ല. ഞാൻ എന്റെ ഐഡൻറിറ്റി വെളിപ്പെടുത്തി തന്നെയാണ് മുന്നോട്ട് പോകുന്നത്. ഒന്നും മറച്ചുവെയ്ക്കാറില്ല. അഭിപ്രായം പറയേണ്ട സന്ദർഭങ്ങളിൽ കൃത്യമായി തുറന്നു പറയും. ആരെയും മോശമാക്കാനോ കുറ്റപ്പെടുത്താനോ ഞാൻ ശ്രമിക്കാറില്ല. എനിക്ക് എന്റെ പരിമിതികളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. പലരും പലതും പറഞ്ഞേക്കാം. എല്ലാത്തിനും മറുപടി പറയാൻ ഞാൻ തയ്യാറല്ല. അതുകൊണ്ടൊക്കെയാവാം സിനിമയിൽ നിന്ന് മോശം അനുഭവങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. സിനിമയിൽ എല്ലാവരുമായി നല്ല പരിചയവും ബന്ധവുമുണ്ട്. പക്ഷേ ആ ബന്ധം കൂടുതൽ ദൃഢമാക്കാനെന്ന രീതിയിൽ എപ്പോഴും അവരുമായി ബന്ധപ്പെടാനൊന്നും ഞാൻ ശ്രമിക്കാറില്ല. അതായിരിക്കാം നല്ലയൊരു സൗഹൃദബന്ധം എല്ലാവരുമായി തുടരാന്‍ കഴിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.