4 January 2025, Saturday
KSFE Galaxy Chits Banner 2

Related news

December 29, 2024
December 28, 2024
December 15, 2024
December 9, 2024
December 4, 2024
November 28, 2024
November 27, 2024
November 26, 2024
November 20, 2024
November 20, 2024

ഡല്‍ഹി സര്‍വകലാശാല പാഠ്യപദ്ധതിയില്‍ ഭഗവദ് ഗീത; എതിര്‍പ്പുമായി വിദഗ്ധര്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 29, 2024 10:23 pm

ഭഗവദ് ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡല്‍ഹി സര്‍വകലാശാല. കൗണ്‍സില്‍ അംഗങ്ങളായ അധ്യാപകരുടെ ശക്തമായ വിയോജിപ്പ് മറികടന്നാണ്, കഴിഞ്ഞ ദിവസം വൈസ് ചാന്‍സിലര്‍ യോഗേഷ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അക്കാദമിക് കൗണ്‍സില്‍ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഗീതയിലൂടെ സമ്പൂര്‍ണ ജീവിതം, ഗീതയിലുടെ നേതൃപാടവം, സുസ്ഥിര പ്രപഞ്ചം, ഗീത വികസിത് ഭാരതിലേക്ക് — കാഴ്ചപ്പാടും വെല്ലുവിളികളും തുടങ്ങിയവയാണ് പാഠ്യപദ്ധതിയുടെ ഭാഗമാകുക. പിഎച്ച്ഡി പ്രോഗ്രാം ഇന്‍ ഹിന്ദു സ്റ്റഡീസിലാണ് ഭഗവദ് ഗീത ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സ്ഥിരംപല്ലവിയായ വികസിത് ഭാരതവും പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുള്ള തീരുമാനത്തിനെതിരെ അക്കാദമിക് കൗണ്‍സില്‍ അംഗങ്ങളായ മായാ ജോണ്‍, മനോമി സിന്‍ഹ, മിഥുരാജ് ദുഷ്യ, ബിശ്വജിത് മൊഹന്തി എന്നിവര്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയെങ്കിലും ഇതൊന്നും വകവയ്ക്കാതെ പാഠ്യപദ്ധതി അംഗീകരിക്കുയായിരുന്നു. 

മതപരമായ സദാചാരം അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനാണ് കൗണ്‍സിലിന്റേതെന്ന് മായാ ജോണ്‍ പ്രതികരിച്ചു. ഭരണഘടനയുടെ അനുച്ഛേദം 51 എ (എച്ച് ) പ്രകാരം ശാസ്ത്രവാബോധം, മനുഷ്യത്വം, അന്വേഷണം, നവീകരണം തുടങ്ങിയ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന വ്യവസ്ഥ ലംഘിച്ചാണ് അക്കാദമിക് കൗണ്‍സില്‍ ഗീത പാഠ്യവിഷയമാക്കിയത്. സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാനും വിദ്യാര്‍ത്ഥികളില്‍ അപരമത വിദ്വേഷം, സങ്കുചിത ചിന്ത എന്നിവ പ്രോത്സാഹിപ്പിക്കാനും ‌ലക്ഷ്യമിട്ടുള്ള പരിഷ്കാരമാണ് നടപ്പിലാക്കിയിരിക്കുന്നതെന്ന് മായാ ജോണ്‍ വിയോജനക്കുറിപ്പില്‍ രേഖപ്പെടുത്തി. 

മതേതര തത്വങ്ങള്‍ക്ക് പകരം മതപരമായ വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്ന് മനോമി സിന്‍ഹ ചൂണ്ടിക്കാട്ടി. പൗരണിക പഠനം മതവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കും. ഇത് സങ്കുചിത ചിന്തയിലേക്കും കടുത്ത ദേശീയ വാദത്തിലേക്കും വിദ്യാര്‍ത്ഥി മനസുകളെ മാറ്റിയെടുക്കുമെന്നും സിന്‍ഹ പറഞ്ഞു. വ്യക്തിപരമായും മതപരമായ വിഷയങ്ങളിലും ഭഗവദ് ഗീതയെ ആശ്രയിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ പിഎച്ച്ഡി പോലുള്ള ഗവേഷണ വിഷയങ്ങളില്‍ ഗീത ഉള്‍പ്പെടുത്തിയത് അംഗീകരിക്കനാവില്ലെന്നും സിന്‍ഹ രേഖാമൂലം കൗണ്‍സിലിനെ അറിയിച്ചു. കടുത്ത ആര്‍എസ്എസ് അനുഭാവിയായ യോഗേഷ് സിങ് വൈസ് ചാന്‍സിലറായി നിയമിതനായതിന് പിന്നാലെ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന പല തീരുമാനങ്ങളും സര്‍വകലാശാലയില്‍ ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം വേദ ഗണിതം സിലബസില്‍ ഉള്‍പ്പെടുത്താന്‍ അക്കാദമിക് കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ വിദ്യാര്‍ത്ഥികളും അധ്യാപകരും രംഗത്ത് വന്നുവെങ്കിലും മര്‍ക്കട മുഷ്ടി ഉപയോഗിച്ച് നടപ്പിലാക്കി. തൊട്ടുപിന്നാലെയാണ് ഭഗവദ് ഗീതയും പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുള്ള വിവാദ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.