6 January 2025, Monday
KSFE Galaxy Chits Banner 2

പുരുഷന്മാരുടെ മാറുമറയ്ക്കല്‍ അവകാശം: സച്ചിദാനന്ദ സ്വാമി തുറന്നുവിട്ട സംവാദത്തിന് ചൂടുപിടിക്കുന്നു

പി ആര്‍ റിസിയ
തൃശൂര്‍
January 1, 2025 9:39 pm

ക്ഷേത്രങ്ങളിൽ സ്‌ത്രീകൾക്ക് മാറുമറയ്ക്കാൻ അവകാശമില്ലാത്ത കാലം മാറിയെങ്കിലും പുരുഷന്മാരുടെ കാര്യത്തിൽ ഇന്നും തുടരുന്ന അനാചാരം ധര്‍മ്മസംഘം ട്രസ്റ്റ് അധ്യക്ഷന്‍ സച്ചിദാനന്ദ സ്വാമിയുടെ പ്രതികരണത്തോടെ ചൂടുള്ള ചര്‍ച്ചാ വിഷയമായി. പണ്ടുകാലത്ത് സവര്‍ണ സ്ത്രീകള്‍ക്കുപോലും ക്ഷേത്രങ്ങള്‍ക്കുള്ളില്‍ മാറുമറയ്ക്കാന്‍ അനുവാദമുണ്ടായിരുന്നില്ലെന്ന സാഹചര്യം മാറിയെങ്കിലും പല ക്ഷേത്രങ്ങളിലും ഇപ്പോഴും പുരുഷന്മാര്‍ക്ക് മാറുമറയ്ക്കാന്‍ അനുവാദമില്ല.
പഴയകാലത്ത് പൂണൂൽ കണ്ട് സവര്‍ണനാണെന്നുറപ്പിക്കുന്നതിന് വേണ്ടിയാണ് ഈ സമ്പ്രദായം തുടങ്ങിയത്. എന്നാല്‍ പല ക്ഷേത്രങ്ങളിലും ഈ നിബന്ധന തുടരുന്നു. ഈ പശ്ചാത്തലത്തിലാണ് മേൽവസ്ത്രം അഴിച്ച് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കണമെന്നത് അനാചാരമാണെന്ന സച്ചിദാനന്ദ സ്വാമിയുടെ പ്രതികരണത്തോടെ വിഷയം വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.

1969 ൽ അന്നത്തെ ശിവഗിരി മഠാധിപതി ശങ്കരാനന്ദ സ്വാമികൾ ശ്രീനാരായണ ഗുരുദേവനാൽ പ്രതിഷ്‌ഠിതമായ ക്ഷേത്രങ്ങളിൽ എല്ലാവർക്കും മേൽ വസ്ത്രം ധരിച്ച് പ്രവേശിക്കാം എന്ന പ്രഖ്യാപനം നടത്തിയിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് എസ്എൻഡിപി യോഗവും തീരുമാനത്തെ അനുകൂലിച്ച് രംഗത്തെത്തി. എന്നാല്‍ ദേവസ്വം ബോർഡ് ഭരിക്കുന്ന ക്ഷേത്രങ്ങളോടൊപ്പം ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ പല പ്രമുഖ ക്ഷേത്രങ്ങളിലും ഇന്നും പുരുഷന് മേൽവസ്ത്ര നിരോധനം തുടരുകയാണ്. 

2022ല്‍ എസ്എന്‍ഡിപി യോഗം പ്രഖ്യാപനത്തെ തുടര്‍ന്ന് തൃശൂര്‍ കൂര്‍ക്കഞ്ചേരി ക്ഷേത്രത്തില്‍ ഷര്‍ട്ടിട്ട് ദര്‍ശനം നടത്തിയ ഭക്തനെതിരെയും ഫോട്ടോ പ്രചരിപ്പിച്ചെന്ന പേരില്‍ എസ്എൻ ട്രസ്റ്റ് കൗണ്‍സിലര്‍ക്കെതിരെയും പ്രാദേശിക നേതൃത്വം നടപടി സ്വീകരിച്ചിരുന്നു. അംഗത്വത്തില്‍ നിന്നും പുറത്താക്കിയ കൗണ്‍സിലറെ ഇതുവരെയും തിരിച്ചെടുത്തിട്ടുമില്ല. ഗുരുദേവന്‍ എടുത്തുകളഞ്ഞ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരികെവന്നുകൊണ്ടിരിക്കുന്ന പരിതസ്ഥിതിയില്‍ ശ്രീനാരായണീയ സമൂഹം പലതിലും ഭാഗമാക്കുകയും പലതിലും കയ്യുംകെട്ടി നോക്കിനില്‍ക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമുണ്ട്. ഇതിനെതിരെ സച്ചിദാനന്ദ സ്വാമി നടത്തിയ പ്രതികരണമാണ് ചര്‍ച്ചാ വിഷയമായിരിക്കുന്നത്. 

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.