ഭീമാ കൊറേഗാവ് കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ റോണ വില്‍സണും മഹാരാഷ്ട്രയിലെ സാമൂഹിക പ്രവര്‍ത്തകൻ സുധീര്‍ ധാവ്‌ലെയ്ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറു വര്‍ഷത്തിലധികം നീണ്ട ജയില്‍വാസത്തിന് ശേഷമാണ് ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, കമാല്‍ ഖട്ട എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്. 2018ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നും 300ല്‍ അധികം സാക്ഷികളെ വിസ്തരിക്കാനുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിന് പുറമെ എല്ലാ തിങ്കളാഴ്ചയും എന്‍ഐഎ ഓഫിസില്‍ ഹാജരാവണമെന്നും വ്യവസ്ഥയുണ്ട്.
2018ല്‍ ഭീമാ കൊറേഗാവ് സംഘര്‍ഷത്തിന് വഴിയൊരുക്കിയ എല്‍ഗാര്‍ പരിഷത്ത് സമ്മേളനത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് ഇവരുള്‍പ്പെടെ 16 സാമൂഹ്യ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ ബ്രാഹ്മണരെ ദളിതുകള്‍ യുദ്ധത്തില്‍ തോല്‍പ്പിച്ചതിന്റെ 200-ാം വാര്‍ഷിക ആഘോഷമായിരുന്ന ഈ പരിപാടി തടയാന്‍ മറാത്ത‑ബ്രാഹ്മണ സംഘടനകള്‍ രംഗത്തെത്തിയതോടെ സംഘര്‍ഷമുണ്ടായി.
സംഭാജി ബ്രിഗേഡ് പോലുള്ള സംഘടനകളാണ് അക്രമണത്തിന് നേതൃത്വം നല്‍കിയത്. പക്ഷേ, കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് സാമൂഹിക പ്രവര്‍ത്തകരെ പ്രതികളാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൊല്ലാന്‍ ആസൂത്രണം ചെയ്തു എന്ന ആരോപണവും കേസിലുണ്ട്. ഇവരില്‍ മൂന്ന് പേര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട തെളിവുകള്‍ റോണ വില്‍സണിന്റെയും മറ്റും ലാപ്‌ടോപ്പുകളില്‍നിന്നും കണ്ടെത്തിയതായി പൊലീസ് അവകാശപ്പെടുന്നു. എന്നാല്‍ ഇവ ഹാക്കിങ്ങിലൂടെ കമ്പ്യൂട്ടറുകളില്‍ സ്ഥാപിച്ചതാണെന്ന് 2021ല്‍ അമേരിക്കന്‍ ഡിജിറ്റല്‍ ഫോറന്‍സിക് സ്ഥാപനമായ ആഴ്സണല്‍ കണ്‍സല്‍ട്ടിങ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. കേസിലെ മറ്റൊരു പ്രതിയായ മഹേഷ് റൗട്ടിന് പ്രത്യേക എന്‍ഐഎ കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഈ മാസം 30ന് നടക്കുന്ന നിയമപരീക്ഷയില്‍ പങ്കെടുക്കുന്നതിനാണ് ജാമ്യം അനുവദിച്ചത്. പരീക്ഷ അവസാനിച്ച ഉടന്‍ ജയിലില്‍ തിരിച്ചെത്തണമെന്നും നിര്‍ദേശം നല്‍കി. തെലുങ്ക് കവി വരവര റാവു, ദളിത് ബുദ്ധിജീവി ആനന്ദ് തെല്‍തുംബ്ഡെ, മലയാളിയായ അധ്യാപകന്‍ ഹാനി ബാബു, ഷോമ സെന്‍ തുടങ്ങിയവര്‍ പ്രതിപ്പട്ടികയിലുണ്ട്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഫാ. സ്റ്റാന്‍ സ്വാമി ജയില്‍വാസത്തിനിടെ മരണമടഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.