18 June 2025, Wednesday
KSFE Galaxy Chits Banner 2

ഭീമ കൊറേഗാവ് കേസ്; ഗൗതം നവ്‌ലാഖക്ക് ജാമ്യം

Janayugom Webdesk
ന്യൂഡല്‍ഹി
May 14, 2024 8:22 pm

എല്‍ഗാര്‍ പരിഷത്ത് കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ബോംബെ ഹൈക്കോടതിയുടെ ജാജ്യ ഉത്തരവിനെതിരായ എൻഐഎയുടെ ഹര്‍ജിയാണ് ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ പരിഗണിച്ചത്. തുടര്‍ന്ന് ജാമ്യ ഉത്തരവിന്മേല്‍ ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കം ചെയ്യുകയായിരുന്നു.
മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ 2020 ഏപ്രിൽ 14നാണ് മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റുമായ നവ്‌ലാഖയെ എൻഐഐ അറസ്റ്റ് ചെയ്തത്. 2022 നവംബര്‍ മുതല്‍ ആരോഗ്യകാരണങ്ങളാല്‍ വീട്ടുതടങ്കലിലാണ്. 2017 ഡിസംബര്‍ 31ന് എല്‍ഗര്‍ പരിഷത്ത് സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയെന്നും അടുത്ത ദിവസം അത് വലിയ അക്രമത്തിന് വഴിവച്ചുമെന്നാണ് പൊലീസ് വാദം. 

2023 ഡിസംബറിലാണ് നവ്‌ലാഖയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. യുഎപിഎയുടെ 15-ാം വകുപ്പ് പ്രകാരം നവ്‌ലാഖ ഭീകരപ്രവര്‍ത്തനം നടത്തിയെന്ന് അനുമാനിക്കാന്‍ കഴിയുന്ന തെളിവുകളൊന്നുമില്ലെന്നും ബോംബെ ഹൈക്കോടതി ഉത്തരവില്‍ നിരീക്ഷിച്ചിരുന്നു. എന്നാല്‍ എന്‍ഐഎയ്ക്ക് സുപ്രീം കോടതിയെ സമീപിക്കാനായി വിധി മരവിപ്പിച്ചു.
നാല് വര്‍ഷത്തോളമായി നവ്‌ലാഖ തടവിലാണെന്ന് സുപ്രീം കോടതി പറഞ്ഞു. ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കിയതാണ്. അതില്‍ ഇനിയും സ്റ്റേ തുടരാന്‍ സാധ്യമല്ല. വിചാരണ പൂര്‍ത്തിയാവാന്‍ വര്‍ഷങ്ങളെടുക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. മുതിര്‍ന്ന അഭിഭാഷക നിത്യ രാമകൃഷ്ണന്‍, സ്തുതി റായി എന്നിവരാണ് നവ്‌ലാഖയ്ക്കായി ഹാജരായത്.
നവ്‌ലാഖയുടെ വീട്ടുതടങ്കല്‍ സുരക്ഷാ ചെലവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയും ഇതോടൊപ്പം പരിഗണിച്ചു. നേരത്തെ 1.64 കോടി രൂപ ഇതിനായി നല്‍കണമെന്നായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്. നിലവില്‍ 1.75 കോടിയായി ഈ തുക ഉയര്‍ന്നതായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയെ അറിയിച്ചു. ഇതോടെ ജാമ്യത്തിന്മേലുള്ള സ്റ്റേ നീക്കുന്നത് ചെലവ് ഉയരുന്നതിന് പരിഹാരനടപടിയാകുമെന്ന് ജസ്റ്റിസ് സുന്ദരേഷ് അഭിപ്രായപ്പെട്ടു. 20 ലക്ഷം രൂപ നവ്‌ലാഖ കെട്ടിവയ്ക്കണമെന്ന് നിര്‍ദേശിച്ച കോടതി, വീട്ടുതടങ്കല്‍ സുരക്ഷാചെലവുകളില്‍ കൂടുതല്‍ വാദം കേള്‍ക്കും.

ഭീമ കൊറേഗാവ് കേസില്‍ ജാമ്യം ലഭിക്കുന്ന ഏഴാമത്തെ വ്യക്തിയാണ് ഗൗതം നവ്‌ലാഖ. സുധ ഭരദ്വാജിന് 2021ലും ആനന്ദ് തെല്‍തുംബ്‌ഡെയ്ക്ക് 2022ലും വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവര്‍ക്ക് കഴിഞ്ഞ വര്‍ഷവും ജാമ്യം ലഭിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ വരവര റാവുവിനും കോടതി ജാമ്യം നല്‍കി. പ്രൊഫ. ഷോമ സെന്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ മാസമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. മഹേഷ് റാവത്തിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഉത്തരവുകള്‍ ഹൈക്കോടതി തന്നെ സ്റ്റേ ചെയ്യുകയും സുപ്രീം കോടതി സ്റ്റേ ഉത്തരവ് നീട്ടുകയും ചെയ്തു. മറ്റൊരു കുറ്റാരോപിതൻ ഫാ. സ്റ്റാന്‍ സ്വാമി കസ്റ്റഡിയില്‍ കഴിയവെ 2021ല്‍ ജൂലൈയില്‍ മരിച്ചിരുന്നു. 

Eng­lish Sum­ma­ry: Bhi­ma Kore­gaon Case; Bail for Gau­tam Navlakha

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.