
പാലക്കാട് കഞ്ചിക്കോട് എഥനോൾ നിർമ്മാണ പ്ലാന്റ് തുടങ്ങാൻ മധ്യപ്രദേശിലെ ഇൻഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒയാസിസ് കമേർഷ്യൽ പ്രൈവറ്റ് ലിമിറ്റഡിന് പ്രാരംഭാനുമതി നൽകി എക്സൈസ് വകുപ്പ് ഉത്തരവിറക്കി. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ വൻ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
600 കോടി മുതല്‍ മുടക്കില്‍ 500 കിലോലിറ്റര്‍ ഉല്പാദന ശേഷിയുള്ള എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമ്മിത വിദേശമദ്യ ബോട്ടിലിങ് യൂണിറ്റ്, ബ്രൂവറി, മാൾട്ട് സ്പിരിറ്റ് പ്ലാന്റ് ബ്രാൻഡി/വൈനറി പ്ലാന്റ് എന്നിവയടങ്ങുന്ന സംയോജിത യൂണിറ്റാണ് സ്ഥാപിക്കുന്നത്. നാലുഘട്ടമായാണ് പദ്ധതി പൂര്‍ത്തിയാക്കുക.
ഈ രീതിയിലുള്ള മൾട്ടിഫീഡ് പ്രോജക്ട് തെക്കേ ഇന്ത്യയിലെ തന്നെ ആദ്യത്തെ സംരംഭമാണ്. അരി (ഉപയോഗ ശൂന്യമായത് ഉൾപ്പെടെ), ചോളം, വെജിറ്റബിൾ വേസ്റ്റ്, മരച്ചീനി സ്റ്റാർച്ച്, ഗോതമ്പ്, മധുരകിഴങ്ങ് എന്നീ കാർഷിക വിളകൾ അസംസ്കൃത വസ്തുക്കളായി ഉപയോഗിച്ച് വർഷത്തിൽ 330 ദിവസം പ്രവർത്തിക്കാൻ സാധിക്കുന്ന തരത്തിലുള്ള മൾട്ടി ഫീഡ് പ്ലാന്റാണ് സ്ഥാപിക്കുക. അസംസ്കൃത വസ്തുവായി അരി ഉപയോഗിക്കുമ്പോൾ ബ്രോക്കണ്‍ റൈസ് മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂവെന്നും വ്യവസ്ഥയുണ്ട്.
കേന്ദ്ര സർക്കാരിന് കീഴിലുള്ള ഓയിൽ കമ്പനികൾ വിളിച്ച ടെൻഡറിൽ എഥനോൾ ഉല്പാദനത്തിന് ഒയാസിസ് കമ്പനി മാത്രമാണ് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ എഥനോള്‍ ഉല്പാദന ഫാക്ടറി സ്ഥാപിച്ച പരിചയസമ്പത്തും തുണയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.