15 December 2025, Monday

Related news

December 15, 2025
December 14, 2025
December 12, 2025
December 12, 2025
December 12, 2025
December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 9, 2025

രോഹിത് നയിക്കും; ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Janayugom Webdesk
മുംബൈ
January 18, 2025 11:02 pm

ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ ക്യാപ്റ്റനായെത്തുമ്പോള്‍ ശുഭ്മാന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണ് ടീമിലിടം ലഭിച്ചില്ല. റിഷഭ് പന്തും കെ എല്‍ രാഹുലുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. വിരാട് കോലി സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, ബാക്ക് അപ്പ് ഓപ്പണറായി യശസ്വി ജയ്‌സ്വാള്‍ ഇടം കണ്ടെത്തി. 15 അംഗ ടീമിനെയാണ് രോഹിത് ശർമ്മയും ബിസിസിഐ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

മലയാളി താരം സഞ്ജു സാംസണ്‍ രണ്ടു വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായി ഇന്ത്യന്‍ ടീമില്‍ ഇടം നേടുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും തഴയപ്പെട്ടു. ഏകദിനത്തില്‍ വളരെ മികച്ച റെക്കോഡുണ്ടായിട്ടും വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി സഞ്ജു കളിച്ചിരുന്നില്ല. ഈ കാരണത്താലാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒഴിവാക്കപ്പെട്ടതെന്നാണ് സൂചനകള്‍. വിജയ് ഹസാരെ ട്രോഫിയിൽ ഗംഭീര പ്രകടനം നടത്തിയ മലയാളി താരം കരുൺ നായരെയും ടീമിലേക്കു പരിഗണിച്ചില്ല. അതേസമയം പരിക്കിനെ തുടര്‍ന്ന് ഏറെക്കാലമായി ടീമിന് പുറത്തായിരുന്ന ഷമി തിരിച്ചെത്തി. ബുംറയുടെ പരിക്ക് പൂര്‍ണമായി ഭേദമാകാത്തതിനാല്‍ ഹര്‍ഷിത് റാണ പകരക്കാരനായി. ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, തുടങ്ങിയവരെല്ലാം ടീമിന്റെ ഭാഗമാണ്. പരിക്കില്‍ നിന്ന് മോചിതനായ കു­ല്‍ദീപ് യാദവ് ടീമില്‍ തിരിച്ചെത്തി.

പാകിസ്ഥാനിലും യുഎഇയിലുമായാണ് ചാമ്പ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ നടക്കുക. ഫെബ്രുവരി 19 മുതലാണ് പോരാട്ടം. എട്ട് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യയുടെ എല്ലാ മത്സരങ്ങള്‍ക്കും യുഎഇയാണ് വേദിയാകുന്നത്. ഫെബ്രുവരി 23നാണ് ക്രിക്കറ്റ് ലോകം കാത്തിരുന്ന ബ്ലോക്ക്ബസ്റ്ററായ ഇന്ത്യ‑പാകിസ്ഥാന്‍ പോരാട്ടം. 12 ലീഗ് മത്സരങ്ങള്‍ക്കു ശേഷമാണ് നോക്കൗട്ട്. ദുബായിലാണ് ഇന്ത്യ‑പാക് പോരാട്ടം. ഇന്ത്യ ഫൈനലിലെത്തിയാല്‍ ദുബായ് തന്നെ ഗ്രാന്‍ഡ് ഫിനാലെയ്ക്കും വേദിയാകും. ഗ്രൂപ്പ് എയിലാണ് ഇന്ത്യയുള്ളത്. നിലവിലെ ചാമ്പ്യന്‍മാരായ പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. അതേസമയം, ഫെബ്രുവരി ആറിനാണ് ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.