
യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി വനിതാ നേതാവ് ഉന്നയിച്ച ചികിത്സാ പിരിവ് വിവാദം അന്വേഷിക്കാൻ മൂന്നംഗ കമ്മിഷനെ നിയോഗിച്ച് സംഘടന.
സംഘടനയുടെ പ്രതിച്ഛായയെ മൊത്തത്തിൽ ബാധിച്ച ഈ പ്രശ്നം യൂത്ത് കോണ്‍ഗ്രസിന് തലവേദനയായി മാറിയിരുന്നു. ഇത് സംബന്ധിച്ച് വനിതാ നേതാക്കളുടെ തുറന്നപോര് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. നിരവധി ട്രോളുകൾ പോസ്റ്റുകളിൽ നിറഞ്ഞതോടെയാണ് നേതൃത്വം ഇടപെടാൻ തീരുമാനിച്ചത്.
സംസ്ഥാന ഭാരവാഹികളായ വി കെ ഷിബിന, ലിന്റോ ജോൺ, അഡ്വ. നിഹാൽ എന്നിവരടങ്ങിയ സമിതിയെയാണ് അന്വേഷിക്കാൻ ചുമതലപ്പെടുത്തിരിക്കുന്നത്. ലാത്തിച്ചാർജിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്തിന്റെ ചികിത്സയ്ക്കായി എട്ട് ലക്ഷത്തോളം രൂപ പിരിച്ച് നൽകിയെന്ന സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. സഹായം നൽകിയത് സംബന്ധിച്ച് അരിതാ ബാബുവിന്റെ വിശദമായ കുറിപ്പിന് താഴെ തുക കിട്ടിയില്ലെന്ന മേഘയുടെ പ്രതികരണമാണ് ചർച്ചയ്ക്ക് കാരണമായി. വിഷയത്തിൽ യൂത്ത് കോൺഗ്രസുകാർ ചേരിതിരിഞ്ഞ് ഭിന്നാഭിപ്രായങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതാണ് അന്വേഷണ കമ്മിഷനെ നിയോഗിക്കാൻ പ്രേരിപ്പിച്ചത്.
അതേസമയം, മേഘയ്ക്കെതിരെ പ്രതികൂലമായ പ്രതികരണങ്ങളാണ് കമ്മിഷന് മുന്നിലെത്തിയതെന്നാണ് സൂചന. എതിരാളികൾക്ക് ആയുധം നൽകുന്ന തരത്തിലുള്ള പ്രതികരണമാണ് മേഘയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് നിരവധി പേർ മൊഴി നൽകി. എല്ലാ ഇടപാടുകളും മേഘയുടെ അക്കൗണ്ട് വഴി മാത്രമാണ് നടന്നതെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും സംശയത്തിന്റെ പുകമറ സൃഷ്ടിച്ചത് ശരിയായില്ലെന്ന വാദമാണ് പലരും അവതരിപ്പിച്ചത്. എന്നാൽ, ജില്ലാ സെക്രട്ടറിക്ക് നൽകിയ ചികിത്സാ സഹായം സംബന്ധിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട സംസ്ഥാന ഭാരവാഹിയുടെ നടപടി ശരിയായില്ലെന്ന വാദവും ചിലർ ഉയർത്തി.
പാർട്ടി ഫോറത്തിൽ വിശദീകരിക്കേണ്ട വിഷയം സമൂഹ മാധ്യമത്തിൽ ചർച്ചയാക്കിയതിലൂടെ പാർട്ടിയെ വെട്ടിലാക്കിയത് സംസ്ഥാന ഭാരവാഹിയാണെന്ന വാദവും ചിലർ ഉന്നയിച്ചു. പ്രതികൂലിച്ചും അനുകൂലിച്ചും പാർട്ടി പ്രവർത്തകർ രണ്ട് തട്ടിലായതോടെ വിഷയം പരിഹരിക്കാൻ അന്വേഷണ കമ്മിഷൻ കെപിസിസിയുടെ ഉപദേശം തേടാനാണ് സാധ്യത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.