
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ചൂട് പിടിച്ചതോടെ എല്ലാ രാഷ്ട്രീയ കക്ഷികളും പലവിധത്തിലുള്ള പരസ്യങ്ങളാണ് പ്രചരണത്തിനായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇത്തരം പരസ്യങ്ങള്‍ വോട്ടെടുപ്പിനെ സ്വാധീനിക്കാറില്ലെന്ന് ഐക്യൂബ‍്സ് വയര്‍ എന്ന ആഗോള ആഡ് ടെക് ഇന്‍ഫ്ലുവന്‍സ് പ്ളാറ്റ്ഫോം നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 87 ശതമാനം പേരും പറയുന്നു. സംസ്ഥാനത്തെ 1,465 പേരെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. വലിയ മുതല്‍മുടക്കുള്ള പരസ്യ കാമ്പയിനുകളുടെ ഫലപ്രാപ്തി, വ്യാപനം എന്നിവയെ കുറിച്ചും സര്‍വേ പറയുന്നു. രാഷ്ട്രീയ പരസ്യങ്ങള്‍ വോട്ടര്‍മാരില്‍ പരിമിതമായ സ്വാധീനമാണ് ചെലുത്തുന്നത്, അഞ്ച് ശതമാനം പേര്‍ മാത്രമാണ് തങ്ങളെ ഇത്തരം പരസ്യങ്ങള്‍ സ്വാധീനിച്ചെന്ന് സമ്മതിച്ചത്. ബിജെപിയാണ് ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 41 ശതമാനം പേരും അവരുടെ പരസ്യങ്ങളാണ് കണ്ടതെന്ന് അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് 35 ശതമാനം, എഎപി 24 ശതമാനം എന്നിങ്ങിനെയാണ് കണക്ക്. പരസ്യങ്ങള്‍ വിശ്വസനീയമാണെന്ന് 27 ശതമാനം മാത്രമാണ് പറഞ്ഞത്. 22 ശതമാനം ഇതെല്ലാം അവഗണിച്ചു. 52 ശതമാനം നിഷ‍്പക്ഷനിലപാടാണ് സ്വീകരിച്ചത്.
വൈദ്യുതി, കുടിവെള്ളം എന്നിവയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്ത 69 ശതമാനവും വ്യക്തമാക്കി. 20 ശതമാനം, റോഡുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കും അഞ്ച് ശതമാനം മികച്ച വായു ഗുണനിലവാരത്തിനും പ്രാധാന്യം നല്‍കി. സമൂഹമാധ്യമ പോസ്റ്റുകള്‍ വലിയ ആധിപത്യം പുലര്‍ത്തുന്നെന്ന് 88 ശതമാനം പേര്‍ പറയുന്നു. പോസ്റ്റുകള്‍ 10 ശതമാനവും വീഡിയോകള്‍ രണ്ട് ശതമാനവും ആളുകള്‍ പിന്തുടര്‍ന്നു.
എഎപി സര്‍ക്കാരിനെ കുറിച്ച് സമ്മിശ്രപ്രതികരണമാണ് സര്‍വേയിലുണ്ടായത്. 49 ശതമാനം പേരും അതൃപ്തരാണ്. 26 ശതമാനമാണ് തൃപ്തര്‍. ആളുകളുടെ ചിന്താഗതിയില്‍ വലിയ മാറ്റം വന്നെന്നാണ് സര്‍വേ സൂചിപ്പിക്കുന്നതെന്ന് ഐക്യൂബ‍്സ് വയര്‍ സിഇഒ സാഹില്‍ ചോപ്ര പറഞ്ഞു. ഇന്നത്തെ വോട്ടര്‍മാര്‍ കൂടുതല്‍ ബോധവാന്മാരാണ്, മാര്‍ക്കറ്റിങ് സ്റ്റോറികള്‍ക്ക് അവര്‍ വലിയ പ്രാധാന്യം നല്‍കുന്നില്ല.
കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ തുക സംഭാവന ലഭിച്ചത് ബിജെപിക്കാണ്. 2,244 കോടിയാണ് ഇവരുടെ അക്കൗണ്ടിലെത്തിയത്. പ്രധാനമായും കോര്‍പറേറ്റുകളാണ് പണം നല്‍കിയത്. 2022–23ല്‍ 742 കോടി കിട്ടിയപ്പോള്‍ ഇത്തവണ ബിജെപിയുടെ സംഭാവന മൂന്നിരട്ടി വര്‍ധിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഡാറ്റ പറയുന്നു. ഇലക്ടറല്‍ ബോണ്ടുവഴി ലഭിച്ച ഫണ്ടുകള്‍ കൂടാതെയാണിത്. കോണ്‍ഗ്രസിന് 288.9 കോടിയാണ് കിട്ടിയത്. അതിന് മുമ്പത്തെ വര്‍ഷം 79.9 കോടിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.