
സി ഉണ്ണിരാജ വിട പറഞ്ഞിട്ട് 30 വര്‍ഷമാകുന്നു. തൃശൂർ — ചാവക്കാട് മുല്ലമംഗലത്ത് മനയ്ക്കൽ കുടുംബാംഗമായ അച്ഛൻ എം കേളൻ ഭട്ടതിരിപ്പാടിന്റെയും ചിറ്റഞ്ഞൂർ കോവിലകത്തെ തമ്പുരാട്ടിയായ അമ്മ അമ്മിണിത്തമ്പുരാട്ടിയുടെയും മകനാണ് ഉണ്ണിരാജ. ഉണ്ണിരാജയുടെ യഥാർത്ഥ പേര് അതല്ലെന്നും, രവിശർമ്മരാജയാണ് ഉണ്ണിരാജ ആയതെന്നും പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം.
ഫലം എന്തായാലും, കർമ്മം ചെയ്തുകൊണ്ടിരിക്കുക എന്ന നിഷ്കാമകർമ്മിയായിരുന്നു ഉണ്ണിരാജ. ‘ഞാൻ’, ‘എന്റേത്’ എന്നിതുകളെ പരമാവധി പരിവർജിക്കാൻ ശ്രമിച്ചുവെന്നതിന്റെ നല്ലൊരു തെളിവാണ് രവിശർമ്മരാജ എന്ന സ്വന്തം പേര് സ്വന്തക്കാർക്കിടയിലോ, സ്വന്തം മക്കൾക്കുപോലുമോ അറിയാൻ ഇടവരാതെ പോയി എന്നത്.
മരുമക്കത്തായം കൊടികുത്തി വാഴുന്ന കാലം. അനാചാരത്തിന്റെ മറക്കുടകളും നാടുവാഴിത്തത്തിന്റെ മർദനനീതിയും നാടിനെ വരിഞ്ഞുകെട്ടിയിരിക്കുന്നു. അന്ന്, ഉണ്ണിയെ പള്ളിക്കൂടത്തിൽ അയച്ചു പഠിപ്പിക്കുന്നതിനുപോലും തറവാട്ടിലെ കാരണവന്മാർ തയ്യാറായിരുന്നില്ലാ എന്നതാണ് സത്യം. തൊട്ടടുത്ത് എലമെന്ററി സ്കൂള്‍ ഉണ്ടായിട്ടും വീട്ടിൽവച്ച് പഠിച്ചാൽ അഥവാ പഠിപ്പിച്ചാൽ മതി എന്ന് ഉത്തരവിട്ടത് അമ്മയുടെ അമ്മാവൻ ആയിരുന്നു എന്ന് ഉണ്ണിരാജ ഓർത്തെടുത്തിരുന്നു. അയിത്തക്കാരായ, നാനാജാതികൾക്കും, മുസ്ലിങ്ങള്‍ക്കും ഒപ്പം സ്കൂളിൽ തൊട്ടിരുന്ന് ഉണ്ണി പഠിക്കുന്നതിനെക്കുറിച്ച് അവർക്ക് ചിന്തിക്കാനേ കഴിയുമായിരുന്നില്ലായെന്നർത്ഥം. കർക്കശമായ സാമൂഹ്യാചാരങ്ങൾ മാറാല കെട്ടിനിന്ന അന്തരീക്ഷത്തിൽ അയ്യർ മാഷ് വീട്ടിൽ വന്ന് കണക്കും, മലയാളവും ഇംഗ്ലീഷും പഠിപ്പിച്ചു. കൂട്ടത്തിൽ ‘ശ്രീരാമോദന്തം’ കാവ്യവും, അമരകോശവും പഠിപ്പിക്കുകയുണ്ടായി. കൂടാതെ മഹാഭാരതം കിളിപ്പാട്ട്, അധ്യാത്മരാമായണം തുടങ്ങിയ ഗ്രന്ഥങ്ങൾ നിത്യേന മുത്തശ്ശിയെ വായിച്ചുകേൾപ്പിക്കേണ്ട ജോലിയും ഉണ്ണിരാജയിൽ നിക്ഷിപ്തമായിരുന്നു.
പിന്നീട് സ്കൂള്‍ ഫെെനല്‍ പരീക്ഷവരെ ഗുരു വായൂരിനടുത്തുള്ള ചാവക്കാട് ഹെെസ്കൂളില്‍ ആയിരുന്നു. 1927 മുതല്‍ 1934 വരെ ഏഴുകൊല്ലം അവിടെ പഠിച്ചു. 1937ൽ കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കി. സയൻസിലും ഗണിതശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടി. പല കാരണങ്ങൾകൊണ്ട് ആ കാലം ഇന്ത്യയുടെയും കേരളത്തിന്റെയും ചരിത്രത്തിൽ സംഭവബഹുലമായിരുന്നു. നമ്പൂതിരിമാർക്കിടയിലെ അനാചാരങ്ങൾക്ക് അറുതിവരുത്തുന്നതിന് സാമൂഹ്യപരിഷ്കാര പ്രസ്ഥാനം ഉടലെടുത്തു. അതിന്റെ പ്രശ്നങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലം. സാമൂഹ്യ ഉന്നമനത്തിനായി കൊട്ടാരത്തിന്റെ മതിലുകൾ പൊളിച്ച് സമൂഹനന്മയ്ക്കായി ഇറങ്ങിത്തിരിച്ചവരിൽ പ്രധാനികളായിരുന്നു ഉണ്ണിരാജയുടെ അച്ഛന്റെ അനുജന്മാരായ എം പി ഭട്ടതിരിപ്പാടും (പ്രസിദ്ധ സിനിമാനടനായിരുന്ന പ്രേംജി) എംആർബിയും. ഇവരുടെ പ്രവർത്തനം ഉണ്ണിരാജയ്ക്കും പ്രചോദനം നൽകി.
എന്നു മുതല്‍ക്കാണ്, എന്തുകൊണ്ടാണ്, എങ്ങനെയാണ് ഉണ്ണിരാജയ്ക്ക് രാഷ്ട്രീയത്തിൽ താല്പര്യം ഉണ്ടാവാൻ തുടങ്ങിയത്. കേരള സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് 1931 നവംബർ ഒന്നിന് ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹം തുടങ്ങി. കെ കേളപ്പൻ, ടി സുബ്രഹ്മണ്യൻ തിരുമുമ്പ്, എ കെ ഗോപാലൻ, വിഷ്ണു ഭാരതീയൻ തുടങ്ങിയവരായിരുന്നു സത്യഗ്രഹത്തിന്റെ സംഘാടകരും നേതാക്കളും. നിരവധി വിദ്യാർത്ഥികളെപ്പോലെ എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനത്തിനും, ആരാധനയ്ക്കും അവകാശമുണ്ടെന്ന അഭിപ്രായക്കാരനായിരുന്നു ഉണ്ണിരാജയും. ആ സമരപ്പന്തലിൽ നിത്യസന്ദർശകനായിരുന്നു ഉണ്ണിരാജ.
ആ അവസരം നേതാക്കളുമായി പരിചയപ്പെടാനിടയായി. അവിടെനിന്നും രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിക്കാൻ തുടങ്ങി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവായ പി കൃഷ്ണപിള്ളയുമായുള്ള സൗഹൃദവും ഇഎംഎസിന്റെ ശിഷ്യത്വവും എക്കാലത്തും നെഞ്ചിലേറ്റിയിരുന്നു. അങ്ങനെ ഉദ്യോഗത്തിനൊന്നും പോകാതെ ആത്മാവിൽ ജ്വലിച്ചുനിന്ന സ്വാതന്ത്ര്യബോധം കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിൽ പങ്കാളിയായും രാജ്യത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കണം എന്ന ദൃഢനിശ്ചയത്താലും മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകനായിത്തീരുകയാണ് ഉണ്ടായത്.
ഇതൊക്കെ ഒരുവശത്ത് നടക്കുമ്പോൾ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും, നഗരങ്ങളിലും, ഗ്രാമങ്ങളിലും ദേശീയസ്വാതന്ത്ര്യത്തിന്റെയും അലകൾ അടിക്കാൻ തുടങ്ങി. പതിനായിരക്കണക്കിന് യുവതീയുവാക്കളിൽ അത് ദേശസ്നേഹത്തിന്റെയും, രാജ്യാഭിമാനത്തിന്റെയും വിളക്കായി കത്താൻ തുടങ്ങി. പലരും വിദ്യാഭ്യാസം ഉപേക്ഷിച്ച് സത്യഗ്രഹപരിപാടികളിൽ പങ്കെടുത്തു. ഉണ്ണിരാജയും അതിൽ ഭാഗഭാക്കായി. വിദേശവസ്ത്രങ്ങൾ ഉപേക്ഷിച്ച് ഖദർ ഉടുക്കാനും, തക്ലിയിൽ നൂൽ നൂറ്റുകൊണ്ട് വസ്ത്രങ്ങൾ നെയ്യാനും, അവ ധരിക്കാനും ധൈര്യം കാണിച്ചു. മാത്രവുമല്ല, കുടുമ മുറിച്ച്, പൂണൂൽ ഊരി, തലമുടി ക്രോപ്പ് ചെയ്ത് പഴമയെ വെല്ലുവിളിച്ചു. അത് പില്‍ക്കാലത്ത് ഉണ്ണിയെ തറവാട്ടിൽനിന്ന് ‘പടിയടച്ച് പിണ്ഡം വയ്ക്കുന്നതിൽ’ വരെ, കൊണ്ടെത്തിച്ചു എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഇല്ലതന്നെ.
1995 ജനുവരി 28, അന്നൊരു കറുത്ത ശനിയാഴ്ച ആയിരുന്നു. നൂറു നൂറു സഖാക്കൾക്ക് രാജനും, ആയിരമായിരം സഖാക്കൾക്ക് സഖാവും, അപൂർവം ചിലർക്ക് സാറും ആയിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ — സി ഉണ്ണിരാജ ഓർമ്മയായത് അന്നാണ്.
ഉണ്ണിരാജയുടെ മകൻ വിക്രമന്റെ ഭാര്യയായ ഞാൻ അദ്ദേഹവുമായി അടുത്ത് ഇടപഴകിയ നാൾ മുതലുള്ള ഓർമ്മകൾ ചില്ലറയല്ല. അതിന് അടുക്കുംചിട്ടയും ഉണ്ടാകാനും ഇടയില്ല. അച്ഛന്റെ ഭാഷയിൽ പറഞ്ഞാൽ ‘സൊറ പറഞ്ഞിരിക്കാൻ കിട്ടുന്ന അവസരങ്ങളിൽ ഓർമ്മകൾ പലതും അച്ഛൻ പറഞ്ഞിട്ടുള്ളത് മറക്കാവുന്നതാണോ? അതിലൊന്ന്;
അമ്മയുടെ അമ്മാവനായ കുഞ്ഞുണ്ണിരാജ നാലപ്പാട്ട് നാരായണമേനോന്റെ ഒരു സഹോദരിയെയാണ് വിവാഹം കഴിച്ചിരുന്നത്. കുഞ്ഞുണ്ണിരാജയുടെ മകളാണ് പ്രശസ്ത കവയിത്രി ബാലാമണിയമ്മ. ബാലാമണിയമ്മ ഉണ്ണിരാജയുടെ ‘മച്ചുനത്തി‘യാണെന്നർത്ഥം. രവിശർമ്മരാജയെപ്പോലെ ഈ രക്തബന്ധവും, രാഷ്ട്രീയരംഗത്തോ, സാഹിത്യരംഗത്തോ തീരെ പ്രസക്തിയുള്ള കാര്യവുമല്ലാ. അങ്ങനെ എത്രയെത്ര ഓർമ്മകൾ…
പാര്‍ലമെന്ററി വ്യാമോഹം നമുക്കിടയിൽ വർധിച്ചുവരുന്ന ഒരു കാലമാണിത്. എന്നാൽ പഴയകാലത്ത് അച്ചടക്കമുള്ള പാർട്ടിപ്രവർത്തകനാണെങ്കിൽ പാർട്ടി അനുശാസിക്കുന്ന കാര്യം ശിരസാ വഹിക്കാൻ സന്നദ്ധനായിരിക്കണം. എന്നാൽ ഒരിക്കൽ മാത്രം അത് ഉണ്ണിരാജ തെറ്റിച്ചു. അത് മറ്റൊന്നുമല്ല. പാർട്ടി തീരുമാനം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉണ്ണിരാജയെ തെരഞ്ഞെടുക്കാം എന്നതായിരുന്നു. “എന്നോട് അതുമാത്രം പറയരുത്” എന്ന് പറഞ്ഞൊഴിഞ്ഞ ആ വ്യക്തിത്വത്തെ എങ്ങനെയാണ് നമുക്ക് നിർവചിക്കാൻ കഴിയുക?
വിവിധ പ്രസിദ്ധീകരണങ്ങളിലായി സമൂഹനന്മയ്ക്കായി എഴുതിക്കൂട്ടിയ രാഷ്ട്രീയ ലേഖനങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയാൽ അദ്ദേഹം കൈവയ്ക്കാത്ത ഒരു മേഖലയും ഉണ്ടായിരുന്നില്ലായെന്നു പറയേണ്ടിവരും. മരിക്കുന്നതുവരെയും അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിന് ഒരു മടിയും കാണിച്ചിരുന്നില്ല. എന്തിനേറെ, ബ്രാഞ്ചിലെ സഖാക്കൾക്കുവരെ മാർക്സിസത്തിന്റെ ബാലപാഠങ്ങൾ അച്ഛൻ പകർന്നുനൽകിയിരുന്നു. രാഷ്ട്രീയപ്രവർത്തനം കൂടാതെ, പത്രപ്രവർത്തകൻ, ഗ്രന്ഥകാരൻ, പരിഭാഷകൻ എന്നീ നിലകളിലും ഉണ്ണിരാജയുടെ സേവനം സ്മരിക്കപ്പെടും. എല്ലാ ദിവസവും സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു ലേഖനമെങ്കിലും എഴുതുക, കഴിയുന്ന പുസ്തകം വായിക്കുക എന്നതും ഒരു ദിനചര്യയായിരുന്നു. അനാരോഗ്യംമൂലം സ്വന്തമായി എഴുതാൻ കഴിയാതെ വന്നപ്പോൾ മാത്രമാണ് അതിന് വിഘ്നം നേരിട്ടത്. സുഖദുഃഖങ്ങൾ, വേദനകൾ ഒന്നും മറ്റുള്ളവരെ അറിയിക്കാതെ പരമാവധി തന്നിലേക്ക് ഒതുങ്ങുക എന്നത് അച്ഛന്റെ പ്രത്യേകത ആയിരുന്നു. സ്വന്തം ജീവിത സൗകര്യങ്ങള്‍ ഉപേക്ഷിക്കുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സ്മരണകള്‍ എക്കാലവും ആവേശമാണ്. വേര്‍പാടിന്റെ 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.