
2024–25 സാമ്പത്തിക വര്‍ഷം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഇജിഎസ‍്) ക്ക് അധിക ബജറ്റ് തുക ലഭിക്കാത്തതിനാല്‍ വേതന വിതരണം അവതാളത്തില്‍.
തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍ കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന് വേണ്ട 4,315 കോടി മുഴുവനായി ലഭിച്ചിട്ടില്ല. എന്നാല്‍ ഫണ്ട് കൈമാറുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. മോഡി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തൊഴിലുറപ്പ് പദ്ധതിക്ക് തുരങ്കം വയ‍്ക്കുന്ന സമീപനമാണ് തുടര്‍ച്ചയായി സ്വീകരിക്കുന്നത്. പദ്ധതിവിഹിതം ഉയര്‍ത്തണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപ്പായിട്ടില്ല. എംജിഎന്‍ആര്‍ഇജിഎസ‍് വകുപ്പ് മൂന്ന് അനുസരിച്ച്, ആഴ‍്ചതോറും വേതനം വിതരണം ചെയ്യണം, അല്ലെങ്കില്‍ ജോലി പൂര്‍ത്തിയായി രണ്ടാഴ‍്ചയില്‍ അധികം വൈകരുതെന്നും വ്യവസ്ഥയുണ്ട്.
പദ്ധതിക്കുള്ള അസംസ‍്കൃത വസ‍്തു വിഹിതത്തിലും കേന്ദ്രസര്‍ക്കാരിന് 5,715 കോടിയുടെ ബാധ്യതയുണ്ട്. ഈ വകയില്‍ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനങ്ങളുമാണ് വഹിക്കുന്നത്. അസംസ‍്കൃത വസ‍്തുക്കള്‍ തുടര്‍ച്ചയായി കൃത്യസമയത്ത് ലഭിക്കാത്തത് പദ്ധതി പ്രവര്‍ത്തനങ്ങളെ ബാധിക്കും. കുടിശിക ഉള്ളതിനാല്‍ പ്രാദേശിക കച്ചവടക്കാര്‍ അസംസ‍്കൃത വസ‍്തുക്കള്‍ വിതരണം ചെയ്യാന്‍ തയ്യാറാകുന്നുമില്ല.
കഴിഞ്ഞവര്‍ഷം പദ്ധതിക്ക് അനുവദിച്ച ഫണ്ട് കുറവായത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ എന്‍ആര്‍ഇജി ആവശ്യം അടിസ്ഥാനമാക്കിയുള്ള പദ്ധതിയാണെന്നും അധിക വിഹിതം വേണ്ടപ്പോഴെല്ലാം ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. കോവിഡ് കാലത്ത് (2020–21) തൊഴിലാളികള്‍ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരികെ പോയതിനാല്‍ തൊഴിലുറപ്പ് ജോലിയുടെ ആവശ്യകത വര്‍ദ്ധിച്ചിരുന്നു, അതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന വിഹിതം 61,500 കോടി 1,11,500 കോടിയാക്കി ഉയര്‍ത്തിയിരുന്നു. ഇതാണ് ഇതുവരെ കൊടുത്ത ഏറ്റവും ഉയര്‍ന്ന വിഹിതം.
നേരത്തെ തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് 84.4 ലക്ഷം പേരെ ഒഴിവാക്കിയതായി കണക്കുകള്‍ പുറത്തുവന്നിരുന്നു. 2024 ഏപ്രിലിനും സെപ്റ്റംബറിനും ഇടയിലാണ് ഇത്രയുമധികം പേരെ ഒഴിവാക്കിയത്. തമിഴ്‌നാട്ടിലാണ് ഏറ്റവുമധികം പേർ പുറത്തായത്, 14.7 ശതമാനം. രണ്ടാം സ്ഥാനത്തുള്ള ഛത്തീസ്ഗഢിൽ 14.6 ശതമാനം പേർ പുറത്തായി. മുന്‍ വര്‍ഷങ്ങളിലും ഇതേ രീതിയില്‍ തൊഴിലാളികളെ പുറത്താക്കിയിരുന്നു. 2023 ഒക്ടോബറിൽ 14.3 കോടി സജീവ തൊഴിലാളികൾ പദ്ധതിയിലുണ്ടായിരുന്നു. എന്നാൽ, ഈ വർഷം ഒക്ടോബറിൽ എട്ട് ശതമാനം കുറഞ്ഞ് ഇത് 13.2 കോടിയായി മാറിയിട്ടുണ്ട്.
ആധാർ അധിഷ്ഠിത പ്രതിഫല സംവിധാനം (എബിപിഎസ്) കേന്ദ്രം നടപ്പാക്കിയതോടെയാണ് പലരും തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് പുറത്തുപോയതെന്ന് ലിബ്ടെക് നടത്തിയ പഠനത്തിൽ പറയുന്നു. ഈ വർഷം ജനുവരിയിലാണ് ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനം കേന്ദ്ര സർക്കാർ നിർബന്ധമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വ്യക്തികൾ ജോലി ചെയ്ത ദിവസങ്ങളിലും വലിയ കുറവ് വന്നിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി അന്യമാകുന്നതോടെ ഗ്രാമങ്ങളിൽനിന്ന് കുടിയേറ്റം വർധിക്കാൻ കാരണമാകുമെന്നും പഠനത്തിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.