
ഡൽഹി നിയമസഭാ ഫലം വന്നതോടെ പട്നയില്‍ രാഷ്ട്രീയം ചൂടുപിടിക്കുകയാണ്. സംസ്ഥാനത്തെ നിരവധി ദേശീയ ജനാധിപത്യ സഖ്യ (എൻഡിഎ) നേതാക്കളും ദേശീയനേതാക്കളും ബിഹാറാണ് തങ്ങള്‍ സർക്കാർ രൂപീകരിക്കുന്ന അടുത്ത സംസ്ഥാനം എന്ന് ആത്മവിശ്വാസത്തോടെ അവകാശപ്പെടുന്നു. കേന്ദ്രമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്യുലർ) സ്ഥാപകനുമായ ജിതൻ റാം മാഞ്ജി സമൂഹമാധ്യമമായ എക്സിൽ ഒരു സന്ദേശം പോസ്റ്റ് ചെയ്തിരുന്നു,
‘ഡൽഹി ട്രെയിലറാണെന്നും ബിഹാർ വരാനിരിക്കുന്നതേയുള്ളൂവെന്നും’ അവകാശപ്പെട്ടുകൊണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും വികസന പ്രവർത്തനങ്ങൾ ബിഹാറിൽ എൻഡിഎയ്ക്ക് 200ലധികം സീറ്റുകൾ ലഭിക്കുന്നതിന് സഹായകമാകുമെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി അവകാശപ്പെട്ടു. മറുവശത്ത്, ബിജെപിയുടെ അവകാശവാദങ്ങളെ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് ലാലു പ്രസാദ് യാദവ് പൂര്‍ണമായും നിഷേധിച്ചു. ലാലു പറഞ്ഞു: “ബിഹാറിൽ ഒരു സ്വാധീനവും ഉണ്ടാകില്ല, അവരെ ജനം പുറത്താക്കും”.
കോൺഗ്രസാകട്ടെ നിയമസഭാ വോട്ടെടുപ്പിന് മുന്നോടിയായി മുസ്ലിങ്ങളിലും ദളിതരിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് പ്രാദേശിക യൂണിറ്റുകള്‍ ശക്തിപ്പെടുത്തുന്നതിനാണ് അവന്‍ ശ്രദ്ധചെലുത്തുന്നത്. ലാലു പ്രസാദ് യാദവുമായി അടുപ്പമുള്ള അഖിലേഷ് സിങ്ങിനെ 2022ലാണ് പിസിസി പ്രസിഡന്റായി ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിയമിച്ചത്. അതിനിടെ രാജ്യസഭാ എംപിയായ അഖിലേഷിനെ മാറ്റി ദളിത് അല്ലെങ്കിൽ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള ഒരാളെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് നിരവധി സംസ്ഥാന നേതാക്കൾ എഐസിസി നേതൃത്വത്തില്‍ സമ്മർദം ചെലുത്തുന്നുണ്ട്. എന്നാല്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുള്ള രാഹുൽ ഗാന്ധിയുടെ ഉൾക്കൊള്ളല്‍ രാഷ്ട്രീയം മുസ്ലിം, ദളിത് വോട്ടർമാരുടെ മനസില്‍ ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്ന് കോൺഗ്രസ് കരുതുന്നു. അവർ അദ്ദേഹത്തെ തങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്നതിൽ ഏറ്റവും കൂടുതൽ കരുത്തനായ നേതാവായി കാണുന്നുണ്ടെന്നും നേതൃത്വം വിശ്വസിക്കുന്നു.
2023ലെ ജാതി സർവേ പ്രകാരം, സംസ്ഥാന ജനസംഖ്യയുടെ 17.7 ശതമാനവും മുസ്ലിങ്ങളാണ്. അതുകൊണ്ട് സംസ്ഥാനത്തെ മുസ്ലിങ്ങളെ ആകർഷിക്കാൻ ഒരു മുസ്ലിം അധ്യക്ഷനാവണമെന്ന് സംസ്ഥാന കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നു. അടുത്തിടെ, കോൺഗ്രസ് നേതാവും പാർട്ടിയുടെ ഉപാധ്യക്ഷനുമായ ഷാനവാസ് ആലം സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചാൽ ഒരു മുസ്ലിം ഉൾപ്പെടെ രണ്ട് ഉപമുഖ്യമന്ത്രിമാർ വേണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.
ജനുവരി 28ന്, ജനതാദളില്‍(യുണൈറ്റഡ്) നിന്നുള്ള മുൻ രാജ്യസഭാ എംപിയും ഓൾ ഇന്ത്യ പസ്മാണ്ട മുസ്ലിം മഹസിന്റെ നേതാവുമായ അലി അൻവർ അൻസാരിയെ കോൺഗ്രസ് തങ്ങളുടെ കൂട്ടത്തിലേക്ക് സ്വാഗതം ചെയ്തു. കൂടാതെ, മുതിര്‍ന്ന രാഷ്ട്രീയനേതാവായ ദശരഥ് മാഞ്ജിയുടെ മകന്‍ ഭഗീരഥ് മാഞ്ജിയും മറ്റ് പ്രമുഖ വ്യക്തികളും കോൺഗ്രസിൽ ചേർന്നിരുന്നു. പാര്‍ട്ടിയുടെ നഷ്ടപ്പെട്ട അടിത്തറ വീണ്ടെടുക്കാൻ പ്രാപ്തനായ അടിസ്ഥാന ബന്ധങ്ങളുള്ള ഒരു നേതാവായി അൻസാരിയെ അവര്‍ കാണുന്നു. പ്രത്യേകിച്ച് ബിഹാറിലെ മുസ്ലിം ജനസംഖ്യയുടെ 80 ശതമാനത്തോളം വരുന്ന പസ്മാണ്ടകൾക്കിടയിൽ. എന്നിരുന്നാലും, ബിഹാറിലെ പാർശ്വവൽക്കൃതരും തെരഞ്ഞെടുപ്പിൽ പ്രാധാനശക്തിയുമായ മുസ്ലിം സമുദായങ്ങൾക്കിടയിൽ തങ്ങളുടെ സ്വാധീനമുറപ്പിക്കാനുള്ള പരമാവധി ശ്രമം നടത്തുകയാണ് കോൺഗ്രസ്.
മഹാരാഷ്ട്രയില്‍ തിരിച്ചാണ് കാര്യങ്ങള്‍. ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ എൻസിപി(എസ്) മേധാവി ശരദ് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ ആദരിച്ചതിനെത്തുടർന്ന് സംസ്ഥാനത്തെ രാഷ്ട്രീയ ബന്ധങ്ങള്‍ കലങ്ങുകയാണ്. ഈ നീക്കം ശിവസേനയെ (യുബിടി) പ്രകോപിപ്പിച്ചു. ഷിൻഡെയെ ആദരിച്ചതിന് പാർട്ടിയുടെ മുതിർന്ന നേതാവ് സഞ്ജയ് റൗട്ട് പവാറിനെ ശക്തമായി വിമർശിച്ചത് പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയിലെ ഭിന്നത രൂക്ഷമാക്കി. ശിവസേനയെ പിളർത്തി 2022ൽ ഉദ്ധവ് സർക്കാരിനെ താഴെയിറക്കാൻ ബിജെപിയുമായി സഖ്യമുണ്ടാക്കിയ ഷിൻഡെയ്ക്ക് ഡൽഹിയിൽ മഹാദ്ജി ഷിൻഡെ രാഷ്ട്രീയ ഗൗരവ് അവാർഡ് നൽകിയ പവാർ, അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു. പവാറും ഷിൻഡെയും തമ്മിലുള്ള സൗഹൃദം ഉദ്ധവ് താക്കറെയെയും ചൊടിപ്പിച്ചു.
ബംഗാളിലാകട്ടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ വോട്ടെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന് ടിഎംസി സൂചന നല്‍കുന്നു. കോൺഗ്രസുമായി സഖ്യത്തിനുള്ള സാധ്യത പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് സൂചിപ്പിച്ചത്. പിന്നീട്, കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ തയ്യാറാണെന്ന് ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പ്രഖ്യാപിച്ചു. “ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി തുടരുമെന്ന് ഞങ്ങൾ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സീറ്റ് വിഭജന ക്രമീകരണം ശരിയായ രീതിയില്‍ പരിഗണിക്കാൻ കോൺഗ്രസ് തയ്യാറല്ലെങ്കിൽ, ഞങ്ങൾ സ്വന്തം നിബന്ധനകളോടെ മത്സരിക്കും. ഒറ്റയ്ക്ക് തെരഞ്ഞെടുപ്പുകളിൽ പോരാടിയിട്ടും ഇവിടെ ഞങ്ങൾ പരാജയപ്പെട്ടിട്ടില്ല” അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിലെ ഭരണകക്ഷിയുടെ അനുരഞ്ജന ശ്രമമായി അഭിഷേക് ബാനർജിയുടെ പ്രസ്താവന വിലയിരുത്തപ്പെടുന്നു. ടിഎംസി, കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നിവ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെങ്കിലും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുപക്ഷവും ടിഎംസിക്കെതിരെ പോരാടി. സംസ്ഥാനത്ത് ആകെയുള്ള 42 ലോക്‌സഭാ സീറ്റുകളിൽ 29 എണ്ണവും ടിഎംസി നേടിയപ്പോൾ ഒരു സീറ്റ് കോൺഗ്രസിന് ലഭിച്ചു.
(ഐപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.