
കോവിഡ് മഹാമാരി പാഠങ്ങള്‍ പകര്‍ന്നുനല്‍കിയിട്ടും ഇപ്പോഴും ലോക ജനസംഖ്യയുടെ 63 ശതമാനം പേര്‍ക്ക് കൃത്രിമ ശ്വാസം (മെഡിക്കല്‍ ഓക്സിജന്‍ ) ലഭിക്കുന്നില്ലെന്ന് ലാന്‍സെറ്റ് പഠനം. ഇന്ത്യയടക്കം ഇടത്തരം, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലാണ് സ്ഥിതിഗതികള്‍ അതീവ രൂക്ഷമെന്നും പഠനത്തില്‍ പറയുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് മെഡിക്കല്‍ ഓക്സിജന്‍ ലഭ്യമല്ലാത്തത് കാരണം രോഗികള്‍ ഏറ്റവും കൂടുതല്‍ നരകയാതന അനുഭവിക്കുന്നത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ മെഡിക്കല്‍ ഓക്സിജന്റെ അഭാവം കാരണം ഇന്ത്യയിലും സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന് ലാന്‍സെറ്റ് ജേണലില്‍ ചൂണ്ടിക്കാട്ടുന്നു.
ശസ്ത്രക്രിയകളില്‍ അത്യന്താപേക്ഷിതമായ മെഡിക്കല്‍ ഓക്സിജന്‍ വിതരണത്തിലെ അന്തരമാണ് സ്ഥിതിഗതികള്‍ വഷളാക്കുന്നത്. മെഡിക്കല്‍ ഓക്സിജന്‍ ലഭ്യതയിലെ വിടവ് നികത്താന്‍ അടിയന്തര നിക്ഷേപം ആവശ്യമാണെന്നും പഠനം നിര്‍ദേശിക്കുന്നു. ആഗോള തലത്തില്‍ പ്രതിവര്‍ഷം 374 ദശലക്ഷം രോഗികള്‍ക്ക് മെഡിക്കല്‍ ഓക്സിജന്‍ ആവശ്യമാണ്. ഇതില്‍ ഭൂരിഭാഗവും വിനിയോഗിക്കേണ്ടത് ശസ്ത്രക്രിയകള്‍ക്കാണ്. ഇതില്‍ 306 ദശലക്ഷം പേരും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് വസിക്കുന്നത്. ഇതില്‍ 30 ശതമാനം പേര്‍ക്ക് മാത്രമാണ് മെഡിക്കല്‍ ഓക്സിജന്‍ ലഭ്യമാകുന്നുള്ളൂ. ബാക്കിയുള്ള 70 ശതമാനം പേര്‍ക്കും കൃത്രിമശ്വാസം ലഭിക്കാതെ വരുകയാണ്. ഇതിന്റെ ലഭ്യതക്കുറവ് മരണത്തിലേക്ക് വരെ നയിക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നുണ്ട്.
ദക്ഷിണേഷ്യയിലെ ഇന്ത്യ അടക്കമുള്ള താഴ്ന്ന, ഇടത്തരം രാജ്യങ്ങളിലും മെഡിക്കല്‍ ഓക്സിജന്‍ ദൗര്‍ലഭ്യം ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഈ മേഖലയിലെ രാജ്യങ്ങളില്‍ 32 ദശലക്ഷം പേര്‍ക്ക് മെഡിക്കല്‍ ഓക്സിജന്‍ വേണ്ടിടത്ത് 22 ശതമാനം പേര്‍ക്ക് മാത്രമാണ് ലഭ്യമാകുന്നത്. 2021 കോവിഡ് കാലത്ത് മൊത്തം മെഡിക്കല്‍ ഓക്സിജന്‍ വിതരണത്തിന്റെ 90 ശതമാനവും കോവിഡ് രോഗികള്‍ക്കായി മാറ്റിവച്ചത് ഗുരുതര സ്ഥിതി വിശേഷം സൃഷ്ടിച്ചിരുന്നു.
പ്രകൃതി ദുരന്തം, മഹാമാരി തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിലാണ് മെഡിക്കല്‍ ഓക്സിജന്‍ വ്യാപകമായി ഉപയോഗിക്കേണ്ടി വരുന്നത്. ശ്വാസകോശ രോഗം, ഹൃദ്രോഗം എന്നിവയും ഉപഭോഗം വര്‍ധിപ്പിക്കും. 1885 മുതല്‍ ലോകവ്യാപകമായി ശസ്ത്രക്രിയയിലും വൈദ്യശാസ്ത്രത്തിലും മെഡിക്കല്‍ ഓക്സിജന്‍ ഉപയോഗിച്ചു വരുന്നുണ്ടെങ്കിലും 2017ലാണ് ലോകാരോഗ്യ സംഘടന അവശ്യമരുന്നുകളുടെ പട്ടികയില്‍ മെഡിക്കല്‍ ഓക്സിജനെ ഉള്‍പ്പെടുത്തിയത്. കൃത്രിമ ശ്വാസം നല്കി ജീവന് നിലനിര്‍ത്താനും രോഗികളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാനും സാധ്യമായ മെഡിക്കല്‍ ഓക്സിജന്റെ പ്രധാന്യം ആഫ്രിക്കന്‍— ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് ഇതുവരെ ബോധ്യമായിട്ടില്ലെന്നും ലാന്‍സെറ്റ് ഹെല്‍ത്ത് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.