വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഐസിസി ടൂര്‍ണമെന്റിന് വേദിയായിട്ടും ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പാകിസ്ഥാന് പടിയിറങ്ങേണ്ടി വന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെ ന്യൂസിലന്‍ഡ് പരാജയപ്പെടുത്തിയതോടെയാണ് പാകിസ്ഥാന്‍ പുറത്തായത്. ഇതോടെ സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള പ്രശ്നങ്ങളിലേക്കാണ് പാകിസ്ഥാന്‍ ടീമെത്തുക.
സാമ്പത്തിക തിരിച്ചടിയും സ്‌പോണ്‍സര്‍മാരെ കിട്ടാത്ത അവസ്ഥയുമാണ് ടീമിനെ കാത്തിരിക്കുന്ന പ്രതിസന്ധികള്‍ എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ടൂര്‍ണമെന്റിലെ മോശം പ്രകടനത്തിനു പിന്നാലെ ടീമിനായി ഇനി സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതു പോലും ബോര്‍ഡിന് വലിയ വെല്ലുവിളിയാകും. ഇന്ത്യയ്ക്കെതിരായുള്ള മത്സരത്തിന്റെ തലേദിവസം നടന്ന ഇംഗ്ലണ്ട് — ഓസ്‌ട്രേലിയ മത്സരത്തിനായി ഗദ്ദാഫി സ്റ്റേഡിയത്തിലെത്തിയ ജനക്കൂട്ടത്തെ കണ്ട് പിസിബി ഉദ്യോഗസ്ഥര്‍ ആശ്ചര്യപ്പെട്ടിരുന്നു. പാകിസ്ഥാന്‍ ഉള്‍പ്പെടാത്ത ഒരു മത്സരത്തിന് ഇത്രയധികം ആളുകള്‍ എത്തിയത് നല്ല അനുഭവമായിരുന്നുവെന്നും ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പാകിസ്ഥാനില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് കാണികള്‍ എത്തുമെന്ന് ഉറപ്പാക്കുക എന്നതാണ് ബോര്‍ഡ് നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്‍ സെമി കളിക്കാത്തത് പിസിബിക്ക് വലിയ ക്ഷീണമുണ്ടാക്കും. തുടക്കത്തില്‍ തന്നെ ടീം പുറത്താകുന്നത് ടിക്കറ്റ് വില്പന, ഗ്രൗണ്ട് വരുമാനങ്ങളെ ബാധിക്കും. ടീമിന്റെ ബ്രാന്‍ഡ് മ്യൂല്യത്തിലും ഇടിവുണ്ടാക്കും. ഭാവിയില്‍ പാകിസ്ഥാനില്‍ ക്രിക്കറ്റ് ആവേശം കുറയ്ക്കാന്‍ വരെ നിലവിലെ അവസ്ഥ കാരണമാകുമെന്ന വിലയിരുത്തലുകളുമുണ്ട്. ടീമിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച റിപ്പോര്‍ട്ടുകളും വരുന്നത്. ടൂർണമെന്റിൽനിന്ന് പുറത്തായതിനേക്കാളേറെ, അത് ബദ്ധവൈരികളായ ഇന്ത്യയോടേറ്റ തോൽവിയോടെ ആയതും പാകിസ്ഥാൻ ടീമിന് തിരിച്ചടിയായി. ഇത്തവണ ചാമ്പ്യൻസ് ട്രോഫി നേടിയാൽ മാത്രം പോരാ, ദുബായിൽ ഇന്ത്യയെ തോൽപ്പിക്കുകയും വേണമെന്ന് ടൂർണമെന്റിനു മുമ്പെ പാക് ടീമിനോട് ആവശ്യപ്പെട്ടത് പ്രധാനമന്ത്രി ഷഹബാസ് ഷരീഫാണ്. ടൂർണമെന്റിനായി ഒരുക്കിയ ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിന്റെ ഉദ്ഘാടന വേളയിലാണ്, ഇന്ത്യയെ തോല്പിക്കണമെന്ന് പാക് പ്രധാനമന്ത്രി ടീമിനോട് പരസ്യമായി ആവശ്യപ്പെട്ടത്. ഒടുവില്‍ ഇന്ത്യയെ തോല്പിക്കാനുമായില്ല, ആറാം ദിനം തന്നെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താകുകയും ചെയ്തു.
ടൂര്‍ണമെന്റിനായി സ്റ്റേഡിയങ്ങള്‍ നവീകരിക്കാന്‍ 180 കോടി രൂപയാണ് പിസിബി ചെലവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇത് പാകിസ്ഥാന്‍ ക്രിക്കറ്റിനെ ഭാവിയില്‍ സഹായിക്കുമെങ്കിലും ഇത്തരമൊരു ടീമിനെ ഇനി ആരാധകരുമായി അടുപ്പിക്കുക എന്നതാണ് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട വലിയ വെല്ലുവിളി. സ്‌പോണ്‍സര്‍ഷിപ്പുകള്‍, പരസ്യങ്ങള്‍ എന്നിവയ്ക്കായി പാകിസ്ഥാന്റെ മൊത്തം ബജറ്റ് ഇപ്പോൾ തന്നെ പരിമിതമാണ്. 1996ലെ ലോകകപ്പിന് ആതിഥേയത്വം വഹിച്ച ശേഷം 29 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാകിസ്ഥാന്‍ ഒരു ഐസിസി ടൂര്‍ണമെന്റിന് വേദിയായത്. അതേസമയം പാകിസ്ഥാനെ തോല്പിച്ച് ഇന്ത്യ ഇതിനോടകം സെമിഫൈനലില്‍ കടന്നു. പാകിസ്ഥാനെ കൂടാതെ ബംഗ്ലാദേശും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.