
കുടുംബാംഗങ്ങളെയും പെണ്‍സുഹൃത്തിനെയുമടക്കം അഞ്ചുപേരെ നിഷ്ഠുരമായി ചുറ്റികയ്ക്ക് അടിച്ചുകൊന്ന വെഞ്ഞാറമൂട് പേരുമല ആര്‍ച്ച് ജങ്ഷൻ സല്‍മാസില്‍ അഫാൻ നരാധമനായി മാറിയതിന് പിന്നിലെ കാരണം ദുരൂഹമായി തുടരുന്നു. ആഡംബര ജീവിതത്തിന് പണം നല്‍കാത്തതിനാലാണെന്ന് പറയുന്നുണ്ടെങ്കിലും ഇത് സാധൂകരിക്കുന്ന മൊഴികളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.
കൊലപാതകങ്ങള്‍ക്ക് ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ അഫാൻ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ആറ്റിങ്ങല്‍ ഡിവൈഎസ്‍പി മഞ്ജുലാല്‍ മെഡിക്കല്‍ കോളജിലെത്തി അഫാനുമായി സംസാരിച്ചെങ്കിലും സാമ്പത്തിക ബാധ്യതയാണെന്ന് മാത്രമാണ് പ്രതി പറഞ്ഞത്. അഫാന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഐജി ശ്യാം സുന്ദർ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ മാത്രമേ നിഗമനത്തില്‍ എത്താനാവൂ എന്നും അദ്ദേഹം അറിയിച്ചു.
ഫോറൻസിക് സംഘവും പരിശോധന നടത്തുകയാണ്. അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ, കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്താലേ കൊലയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാകൂവെന്ന് പൊലീസ് പറഞ്ഞു. ലഹരി ഉപയോഗിച്ചെന്നതിലും വ്യക്തത വന്നിട്ടില്ല. രക്തപരിശോധനാഫലം വന്നശേഷമേ അക്കാര്യം ഉറപ്പിക്കാനാവൂ. പ്രതിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുമെന്നും ഐജി വ്യക്തമാക്കി. അഫാന്റെ ഫോൺ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുമാണ് പ്രധാന അന്വേഷണം. കല്ലറ പാങ്ങോടുള്ള പിതൃമാതാവിന്റെ വീട്ടിലേക്ക് അഫാൻ സംഭവദിവസം ഉച്ചയ്ക്ക് 12.30ന് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
കുടുംബത്തിലെ നാലുപേരെയും പെൺസുഹൃത്തിനെയും അഫാൻ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് മനസിലായിട്ടുണ്ട്. ആറ് മണിക്കൂറിനുള്ളില്‍ അഞ്ച് കൊലപാതകങ്ങള്‍ നടത്തിയ പ്രതിയുടെ മാനസികനില പൊലീസിനെ പോലും അമ്പരപ്പിക്കുന്നതാണ്. സംഭവ ദിവസം രാവിലെ പത്തോടെ പണം ആവശ്യപ്പെട്ട് അമ്മ ഷെമിയുമായി അഫാൻ തർക്കിച്ചിരുന്നു. പണം നൽകാൻ തയ്യാറാകാതിരുന്ന അമ്മയെ ആക്രമിച്ചു. ആക്രമണത്തില്‍ അവര്‍ ബോധരഹിതയായി. തുടര്‍ന്ന് ഇവിടെ നിന്നുപോയ അഫാൻ വെഞ്ഞാറമൂട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് പണം കടമായി വാങ്ങി. ഈ പണം കൊണ്ടാണ് വെഞ്ഞാറമൂട്ടിൽ നിന്ന് ചുറ്റിക വാങ്ങിയത്.
ഉച്ചയ്ക്ക് 1.15ന് കല്ലറ പാങ്ങോടുള്ള വീട്ടിലെത്തി ഒറ്റയ്ക്കു താമസിക്കുന്ന പിതൃമാതാവ് സൽമാബീവിയെ കൊലപ്പെടുത്തി. കൊലയ്ക്കുശേഷം സല്‍മയുടെ കഴുത്തിലുണ്ടായിരുന്ന നാലുപവന്റെ മാല കൈക്കലാക്കി മടങ്ങി. മുമ്പ് പലവട്ടം പണത്തിനായി മാല അഫാൻ ആവശ്യപ്പെട്ടിരുന്നു. അപ്പോഴൊന്നും സല്‍മാബീവി നൽകിയിരുന്നില്ല. ഇതും വൈരാഗ്യത്തിന് കാരണമായെന്നാണ് കരുതുന്നത്.
സ്വർണവുമായി വെഞ്ഞാറമൂട് എത്തിയപ്പോൾ പിതാവിന്റെ സഹോദരനും റിട്ട. സിആർപിഎഫ് ഉദ്യോഗസ്ഥനുമായ അബ്ദുള്‍ ലത്തീഫ്, അഫാനെ ഫോണിൽ വിളിച്ചു. മുത്തശ്ശിയെ കൊലപ്പെടുത്തി സ്വർണവുമായി കടന്ന വിവരം ലത്തീഫ് അറിഞ്ഞുവെന്ന ധാരണയിലാണ് അദ്ദേഹത്തെ കൊല്ലാൻ തീരുമാനിച്ചത്. മൂന്ന് മണിയോടെ പുല്ലമ്പാറ എസ്എൻ പുരത്തെത്തി ലത്തീഫിനെയും ഭാര്യ സജിതാ ബീവിയെയും കൊലപ്പെടുത്തുകയായിരുന്നു.
തിരിച്ചെത്തിയ ശേഷമാണ് പെൺസുഹൃത്ത് ഫർസാനയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നതും കൊലപ്പെടുത്തിയതും. ഏറ്റവും ഒടുവിലാണ് എട്ടാം ക്ലാസുകാരനായ സഹോദരന്‍ അഫ്‍സാനെ കൊന്നത്. മാരകമായി പരിക്കേറ്റ് മാതാവ് ഷെമി ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതകങ്ങള്‍ക്ക് ശേഷം കുളിച്ച് വസ്ത്രം മാറി വൈകിട്ട് ആറോടെയാണ് വെഞ്ഞാറമൂട് സ്റ്റേഷനിലെത്തി കൊലപാതക വിവരം അറിയിച്ചത്. പരിചയക്കാരന്റെ ഓട്ടോറിക്ഷയിലാണ് സ്റ്റേഷനിലെത്തിയത്.
കൊല്ലപ്പെട്ട അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ ഇന്നലെ സംസ്കരിച്ചു. സല്‍മാബീവി, അബ്ദുല്‍ ലത്തീഫ്, സജിതാ ബീവി, അഫ്സാൻ എന്നിവരുടെ മൃതദേഹങ്ങള്‍ താഴെ പാങ്ങോട് ഖബര്‍സ്ഥാനിലും ഫര്‍സാനയുടേത് ചിറയിൻകീഴ് കാട്ടുമുറാക്കല്‍ ഖബര്‍സ്ഥാനിലുമാണ് സംസ്കരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.