
രാജ്യത്തെ 140 കോടി ജനങ്ങളില്‍ 100 കോടിപ്പേര്‍ക്കും വിവേചനാധികാരത്തോടെ ചെലവഴിക്കാനുള്ള വരുമാനമില്ല. 10 ശതമാനം വരുന്ന സമ്പന്നര്‍ക്ക് മാത്രമേ ആവശ്യാനുസരണം വരുമാനം ചെലവഴിക്കാന്‍ സാധിക്കുന്നുള്ളുവെന്ന് വെഞ്ച്വര്‍ കാപ്പിറ്റല്‍ കമ്പനിയായ ബ്ലൂം വെഞ്ചേഴ്സ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.2025ലെ ഇന്‍ഡസ് വാലി വാര്‍ഷിക റിപ്പോര്‍ട്ടിലാണ് രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 90 ശതമാനം പേര്‍ക്കും അത്യാവശ്യമല്ലാത്ത വസ്തുക്കള്‍ വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലെന്ന് വ്യക്തമാക്കുന്നത്. ഏകദേശം 130–140 ദശലക്ഷം ആളുകള്‍ മാത്രമാണ് ഇന്ത്യയിലെ ‘ഉപഭോക്തൃ വര്‍ഗം’ എന്ന് പഠനം കണക്കാക്കുന്നു. ഈ വ്യക്തികള്‍ക്ക് അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കപ്പുറം മറ്റ് വരുമാനമുണ്ടെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. മറ്റൊരു 30 കോടി ആളുകളെ ‘ഉയര്‍ന്നുവരുന്ന’ ഉപഭോക്താക്കളായി തരംതിരിച്ചിട്ടുണ്ട്. ഡിജിറ്റല്‍ പേയ്മെന്റുകളിലൂടെ ഈ ഗ്രൂപ്പ് കൂടുതല്‍ പണം ചെലവഴിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും അവര്‍ ജാഗ്രതയോടെ വാങ്ങുന്നവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യന്‍ ഉപഭോക്താക്കള്‍ വിപണിയെ സമീപിക്കുന്ന രീതിയിലും സമൂലമായ മാറ്റം വന്നു. ബഹുജന വിപണി പിടിച്ചടക്കുന്നതില്‍ നിന്ന് മാറി ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന നിലയിലേക്ക് പ്രീമിയം ഉല്പന്നങ്ങളിലാണ് വന്‍കിട കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള മൊബൈല്‍ ഫോണുകള്‍ കൂടുതല്‍ വിറ്റഴിക്കപ്പെടുമ്പോള്‍ അടിസ്ഥാന മോഡല്‍ വില്പന ഗണ്യമായി ഇടിയുന്നു. ആഡംബര ഭവനങ്ങളുടെയും ബ്രാന്‍ഡഡ് ഉല്പന്നങ്ങളുടെയും അവശ്യകതയില്‍ ശ്രദ്ധേയമായ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. പരീക്ഷണ ഇക്കോണമി വളര്‍ന്നു വരുന്നതായും ബ്ലൂം വെഞ്ചേഴ്സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കോള്‍ഡ്പ്ലേ, എഡ് ഷീരന് തുടങ്ങിയ ആഗോള കലാകാരന്മാരുടെ സംഗീതപരിപാടികളുടെ ടിക്കറ്റുകള്‍ അതിവേഗം വിറ്റുപോകുന്നത് എക്സ്പീരിയന്‍സ് ഇക്കോണമിയുടെ വളര്‍ച്ചയാണ് കാട്ടുന്നത്. വിശാലമായ ഒരു വികസനം രാജ്യത്ത് സാധ്യമാകുന്നില്ല. 1990ല്‍ ഏറ്റവും ഉയര്‍ന്ന സമ്പന്നവര്‍ഗം ദേശീയ വരുമാനത്തിന്റെ 34 ശതമാനം കൈവശം വച്ചിരുന്നത് 2025 ആയപ്പോഴേക്കും 57.7 ശതമാനമായി കൂടി. അതേസമയം താഴെത്തട്ടിലെ ജനങ്ങള്‍ കൈവശം വച്ചിരുന്ന ദേശീയ വരുമാനം 22.2ല്‍ നിന്ന് 15 ശതമാനമായി ഇടിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയുടെ ഉപഭോഗ വളര്‍ച്ച ലോക സമ്പദ്വ്യവസ്ഥകളെക്കാള്‍ പ്രതിശീര്‍ഷ ഉപഭോഗ ചെലവിന്റെ കാര്യത്തില്‍ മുന്നിലാണെങ്കിലും ചൈനയേക്കാള്‍ 13 വര്‍ഷം പിന്നിലാണ്. 2023ല്‍ ശരാശരി ആളോഹരി ഉപഭോഗം 1,493 ഡോളറായിരുന്നു. എന്നാല്‍ 2010ല്‍ ചൈനയുടേത് 1,597 ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാജ്യത്തെ ഭൂരിപക്ഷം പൗരന്മാരും സാമ്പത്തിക ഭാരം പേറുന്നതായും 10 ശതമാനത്തില്‍ താഴെവരുന്ന സമ്പന്നവര്‍ഗം അതിസമ്പന്നരായി മാറിയെന്നും നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.