15 January 2026, Thursday

പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇനിയില്ല

നിഖില്‍ എസ് ബാലകൃഷ്ണന്‍
കൊച്ചി
March 1, 2025 10:41 pm

ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ പത്താം സീസണില്‍ പ്ലേ ഓഫ് കാണാതെ ബ്ലാസ്റ്റേഴ്‌സ് പുറത്തായി. ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ ജംഷഡ്പൂരിനെതിരെ സമനില വഴങ്ങിയതോടെയാണ് ബ്ലാസ്റ്റേഴ്‌സ് അവസാന പ്രതീക്ഷകളും വച്ചു കീഴടങ്ങിയത്. 86-ാം മിനിറ്റുവരെ ഒരു ഗോളിന്റെ മുന്‍തൂക്കത്തില്‍ വിജയിത്തിലേക്ക് കുതിച്ച ബ്ലാസ്റ്റേഴ്‌സിനെ പ്രതിരോധനിരതാരം മിലോസ് ഡ്രിന്‍സിച്ചിന്റെ സെല്‍ഫ് ഗോളാണ് സമനിലയില്‍ തളച്ചത്. ഒരു പോയിന്റ് നേടി അക്കൗണ്ടില്‍ 25 പോയിന്റാക്കിയെങ്കിലും പ്ലേ ഓഫ് യോഗ്യതയ്ക്ക് അത് മതിയാകുമായിരുന്നില്ല. 

35-ാം മിനിറ്റില്‍ കോറോ സിങ്ങിലൂടെ മുന്നിലെത്തിയെങ്കിലും അവസാന നിമിഷം വഴങ്ങി­യ സമനില ഗോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ വാതിലുകള്‍ ഒന്നാകെ അടച്ചു. ഇനി രണ്ട് കളികള്‍ കൂടി ബ്ലാസ്റ്റേഴ്‌സിന് അവശേഷിക്കുന്നുണ്ടെങ്കിലും പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചതോടെ മത്സരഫലം അപ്രസക്തമായിരിക്കുകയാണ്. പരിക്കേറ്റ ജീസസ് ജിമിനെസ്, നോവ സദോയി അടക്കമുള്ള താരങ്ങളെ പുറത്തിരുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് നിര്‍ണായക പോരാട്ടത്തിന് ഇറങ്ങിയത്. ഗോള്‍ ബാറിന് കീഴിലാണ് മറ്റൊരു നിര്‍ണായക മാറ്റം ബ്ലാസ്റ്റേഴ്‌സ് വരുത്തിയത്. കഴിഞ്ഞ കളിയില്‍ ഗോള്‍വല കാത്ത കമല്‍ജിത് സിങ്ങിനെ മാറ്റി നോറ ഫെര്‍ണാണ്ടസ് എന്ന യുവ ഗോള്‍ക്കീപ്പര്‍ക്കും ബ്ലാസ്റ്റേഴ്‌സ് അവസരം നല്‍കി. ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഐമാനും ടീമിലേക്ക് മടങ്ങിയെത്തി.
തേറ്റാല്‍ ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ജീവശ്വാസം നഷ്ടമാകുമെന്ന തിരിച്ചറിവില്‍ ആക്രമണ ഫുട്‌ബോളാണ് സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്‌സ് കാഴ്ചവച്ചത്. സ്‌ക്വാഡിലേയ്ക്ക് മടങ്ങിയെത്തിയ ഐമന്റെ ചില മിന്നല്‍ നീക്കങ്ങളാണ് ആദ്യ മിനിറ്റില്‍ മത്സരം ചൂടുപിടിപ്പിച്ചത്. ബോക്‌സിന് വെളിയില്‍ നിന്ന് മത്സരത്തിന്റെ തുടക്കത്തില്‍ അനുവദിച്ച് കിട്ടിയ രണ്ട് ഫ്രീകിക്കുകളും മുതലാക്കാന്‍ മഞ്ഞപ്പടയ്ക്ക് സാധിച്ചില്ല. സ്റ്റീഫന്‍ എസെ എന്ന വിദേശതാരം നേതൃത്വം നല്‍കുന്ന പ്രതിരോധനിരയാണ് ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങള്‍ പൊളിച്ചത്. ക്വാമി പെപ്രയ്ക്ക് ജംഷഡ്പൂര്‍ ബോക്‌സില്‍ സ്വൈരവിഹാരം നടത്തുന്നതില്‍ നിന്ന് പലപ്പോഴും സ്റ്റീഫന്‍ എസെയാണ് പെപ്രയെ തടഞ്ഞത്. എന്നാല്‍ 35 -ാം മിനിറ്റില്‍ ജംഷഡ്പൂര്‍ പ്രതിരോധം കീറിമുറിച്ച് കോറോ സിങ് ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. പ്രതിരോധ നിരയില്‍ നിന്ന് ലഗോറ്റര്‍ തലവച്ച് ഉയര്‍ത്തി നല്‍കിയ പന്ത് മധ്യഭാഗത്ത് കാലില്‍ കോറോ സ്വീകരിക്കുമ്പോള്‍ ജംഷഡ്പൂര്‍ താരങ്ങള്‍ അപകടം തിരിച്ചറിഞ്ഞിരുന്നില്ല. പൊടുന്നനെ മിന്നല്‍ വേഗതയില്‍ മുന്നോട്ടുകുതിച്ച കോറോ മറ്റ് താരങ്ങള്‍ക്കായി കാത്ത് നില്‍ക്കാതെ ജംഷഡ്പൂര്‍ ബോക്‌സിലേക്ക് ഉന്നംവച്ചു. മിന്നല്‍വേഗത്തില്‍ എത്തിയ വലംകാല്‍ അടി തടയുന്നതില്‍ ജംഷഡ്പൂര്‍ ഗോളി അല്‍ബിനോ ഗോമസ് പരാജയപ്പെട്ടു. സീസണില്‍ ഏറ്റവും അധികം രക്ഷപ്പെടുത്തലുകള്‍ നടത്തിയ ഗോളിയെന്ന ഖ്യാതിയാണ് കോറോ സിങ്ങിന് മുന്നില്‍ അല്‍ബിനോ അടിയറവ് വച്ചത്. ഇടവേളയ്ക്ക് തൊട്ടുമുമ്പ് ലൂണ ‑ഐമന്‍ കോമ്പേ മെനഞ്ഞെടുത്ത ആക്രമണം ഗോള്‍ അവസരം സൃഷ്ടിച്ചതാണ്. എന്നാല്‍ മികച്ച ക്രോസ് മുതലാക്കാന്‍ ബോക്‌സിലുണ്ടായിരുന്ന നവോച്ച സിങിന് സാധിച്ചില്ല. 

ഒരു ഗോളിന്റെ മുന്‍തൂക്കം നിലനിര്‍ത്തി വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കുവാനാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിക്ക് ഇറങ്ങിയത്. ജംഷഡ്പൂര്‍ പോസ്റ്റ് ലക്ഷ്യമാക്കി ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണയുടെ മികച്ച ഷോട്ടോടെ രണ്ടാം പകുതി തുടങ്ങി. ഒരു ഗോള്‍ കൂടി സ്വന്തമാക്കി മത്സരം പൂര്‍ണമായും കൈപിടിയിലാക്കുവാനുള്ള നീക്കമാണ് ബ്ലാസ്റ്റേഴ്‌സില്‍ നിന്നുണ്ടായത്. മറുവശത്ത് കന്നി ഐഎസ്എല്‍ മത്സരമാണെന്ന പരിഭ്രമമില്ലാതെ ആതിഥേയരുടെ ഗോള്‍ വല കാത്ത നോറ ഫെര്‍ണാണ്ടസിന്റെ ഇടപെടലുകളാണ് വലിയ അപകടങ്ങള്‍ ഒഴിവാക്കിയത്. ഇതിനിടയില്‍ ഗോള്‍ നോട്ടം ബ്ലാസ്റ്റേഴ്‌സ് രണ്ടാക്കി ഉയര്‍ത്തിയതാണ്. ഡാനിഷ് ഫറൂഖിലൂടെ ജംഷഡ്പൂര്‍ വല മഞ്ഞപ്പട കുലുക്കിയെങ്കിലും റഫറി വിധിച്ചത് ഓഫ്‌സൈഡ്. നേരിയ വ്യത്യാസത്തിലാണ് ഓഫ് സൈഡ് കെണിയില്‍ ബ്ലാസ്റ്റേഴ്‌സ് കുടുങ്ങിയത്. തൊട്ടുപിന്നാലെ സമനില ഗോള്‍ നേടി ജംഷഡ്പൂര്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു. ഇടതേ പാര്‍ശ്വത്തില്‍ നിന്ന് വന്ന പന്ത് തട്ടിയകറ്റുന്നതില്‍ മിലോസിന് പിഴച്ചു. അപകട രഹിതമായ പന്ത് തട്ടി പുറത്തേയ്ക്ക് കളയാനുള്ള ഡ്രിന്‍സിച്ചിന്റെ ശ്രമം സ്വന്തം പോസ്റ്റില്‍ ഗോളായി പരിണമിച്ചു. സെല്‍ഫ് ഗോള്‍ ബ്ലാസ്റ്റേഴ്‌സിനെ ചതിച്ചുവെന്ന് പറയാം. 

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.