24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

എയർഇന്ത്യ വീൽചെയർ നൽകിയില്ല; വിമാനത്താവളത്തിൽ മുഖമിടിച്ച് വീണ് വയോധിക

Janayugom Webdesk
ന്യൂഡൽഹി
March 8, 2025 5:59 pm

എയർ ഇന്ത്യ വീൽചെയർ നിഷേധിച്ചതിനെ തുടർന്ന് വിമാനത്താവളത്തിൽ മുഖമിടിച്ച് വീണ വയോധിക ആശുപത്രിയിൽ. ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. 82–കാരിയായ പസ്രിച രാജ് എന്ന വയോധികയ്ക്കാണ് മുൻകൂട്ടി ബുക്ക് ചെയ്ത വീൽചെയർ നിഷേധിച്ചത്. ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കായെത്തിയ ഇവർ ടെർമിനൽ 3–ലേക്ക് നടക്കുന്നതിനിടെയാണ് മുഖമിടിച്ച് വീണത്. തലച്ചോറിൽ‍ രക്തസ്രാവമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരെ തീവ്ര പരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിക്കുകയായിരുന്നു.പസ്രിച മുൻ സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയാണ് .

ഒരു മണിക്കൂറിലധികം വീൽചെയറിനായി കാത്തിരുന്നെങ്കിലും, അത് ലഭിക്കാതെ വന്നതോടെയാണു മുത്തശ്ശി നടന്ന് പോകാൻ തീരുമാനിച്ചതെന്ന് പസ്രിചയുടെ ചെറുമകള്‍ പരുള്‍ കന്‍വാര്‍ പറഞ്ഞു. അൽപസമയം നടന്നതോടെ എയർ ഇന്ത്യയുടെ പ്രീമിയം കൗണ്ടറിന് സമീപം പസ്രിച‍ മുഖമിടിച്ച് വീഴുകയായിരുന്നു. വീണു പരുക്കേറ്റിട്ട് പോലും പസ്രിചയ്ക്ക് മതിയായ ചികിത്സ നൽകാൻ വിമാനത്താവള അധികൃതർ തയാറായില്ലെന്നും പരുള്‍ എക്സിൽ കുറിച്ചു.

‘‘മനുഷ്യ ജീവനു യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്ന് മനസിലായതോടെയാണ് ഇത്തരത്തിലൊരു കുറിപ്പ് പങ്കുവയ്ക്കുന്നത്. മനുഷ്യനാണെന്നു പോലും പരിഗണിക്കാതെയാണ് എയർ ഇന്ത്യ എന്റെ മുത്തശ്ശിയോട് പെരുമാറിയത്. ലജ്ജ തോന്നുന്നു. വീണതിനു ശേഷം വീൽചെയർ കിട്ടി. മൂക്കിനും ചുണ്ടിനും പരുക്കേറ്റിട്ടും യാതൊരുവിധ വൈദ്യസഹായവും നൽകാതെയാണു വിമാനത്തിലേക്ക് കയറ്റിയത്. മുറിവിൽ വയ്ക്കാനും വേദന ശമിപ്പിക്കാനുമായി വിമാനത്തിലെ ജീവനക്കാരാണ് ഐസ് കട്ട തന്നത്. അവർ ബെംഗളൂരു വിമാനത്താവളത്തിൽ വിവരം അറിയിക്കുകയും ചെയ്തു. ലാൻഡിങ്ങിനു ശേഷം പ്രാഥമിക ശുശ്രൂഷ നൽകുകയും മുത്തശ്ശിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു’’– പരുള്‍ എക്സിൽ കുറിച്ചു.

രണ്ടു ദിവസമായി മുത്തശ്ശി ഐസിയുവിലാണെന്നും ശരീരത്തിന്റെ ഇടതുവശത്തെ ബലം കുറഞ്ഞുവരികയാണെന്നും പരുള്‍ പറഞ്ഞു. എയർ ഇന്ത്യക്കും വ്യോമയാന മന്ത്രാലയ ഡയറക്ടർക്കും കുടുംബം പരാതി നൽകി. അന്വേഷണം നടത്തുമെന്നും കുടുംബവുമായി സംസാരിക്കുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

പോസ്റ്റിൻറെ പൂർണ രൂപം

”ഡൽഹിയിൽ നിന്നും ബാംഗ്ലൂരിലേക്കുള്ള ഞങ്ങളുടെ മടക്കയാത്രയ്ക്കായി 2025 മാർച്ച് 4ന് എൻറെ 82 വയസ്സുള്ള മുത്തശ്ശിക്കായി(രാജ്യത്തിന് വേണ്ടി നിരവധി യുദ്ധങ്ങളിൽ പോരാടിയ ഒരു മുൻ സൈനികൻറെ വിധവ) ഒരു വീൽചെയർ ബുക്ക് ചെയ്യുകയും എയർ ഇന്ത്യ അത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ എയർപോർട്ടിലെത്തിപ്പോൾ ഞങ്ങൾക്ക് വീൽചെയർ ലഭിച്ചില്ല. ഏകദേശം അര മണിക്കൂറോളം ഞങ്ങൾ ശ്രമിക്കുകയും എയർ ലൈൻ ഉദ്യോഗസ്ഥർ, എയർപോർട്ട് ഹെൽപ്പ് ഡസ്ക്, ഇൻഡിഗോയിൽ നിന്നുള്ള മറ്റ് എയർലൈൻ ജീവനക്കാർ(ആ സമയം യാദൃശ്ചികമായി അവരുടെ കൈവശം സൌജന്യ വീൽചെയർ ഉണ്ടായിരുന്നിട്ട് കൂടി നൽകിയില്ല) എന്നിവരോട് സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ഒടുവിൽ ഗത്യന്തരമില്ലാതെ ഈ വൃദ്ധയായ സ്ത്രീ ഒരു കുടുംബാഗത്തിൻറെ സഹായത്തോടെ നടക്കുകയായിരുന്നു. കാൽനടയായി അവർ നടന്നിട്ട് പോലും ഒരു വീൽചെയറോ സഹായത്തിന് ആളിനെയോ ലഭിച്ചില്ല. പെട്ടെന്ന് അവരുടെ കാലുകൾ വഴുതുകയും എയർ ഇന്ത്യയുടെ എക്കോണമിക് കൌണ്ടറിലേക്ക് വീഴുകയുമായിരുന്നു. എന്നിട്ടും ഒരാൾ പോലും സഹായത്തിന് എത്തിയില്ല. കുടുംബാംഗങ്ങൾ എംഎ റൂമിൽ പോയി വൈദ്യസഹായം തേടുമെന്നായിരുന്നു എയർ ഇന്ത്യയുടെ പ്രതീക്ഷ. ഒടുവിൽ വീൽചെയർ എത്തുകയും മതിയായ ചികിത്സ പോലും ലഭിക്കാതെ രക്തം വാർന്ന ചുണ്ടും തലയുമായി അവർ വിമാനത്തിൽ കയറുകയായിരുന്നു. വിമാനത്തിലെ ജീവനക്കാർ ഐസ് പാക്ക് വയ്ക്കുകയും വൈദ്യ സഹായത്തിനായി ബാംഗ്ലൂർ എയർ പോട്ടിലേക്ക് വിളിക്കുകയും , തുടർന്ന് മുത്തശ്ശി ഒരു ഡോക്ടറിനെ കാണുകയും രണ്ട് സ്റ്റിച്ചുകൾ ഇടുകയുമായിരുന്നു. 

ഇന്ന് ഐസിയുവിൽ ഇരുന്നുകൊണ്ടാണ് ഞാനിതെഴുതുന്നത്. തലച്ചോറിൽ രക്തസ്രാവമുണ്ടാതകാൻ താല്പ്പര്യമുള്ളതിനാൽ അവർ രണ്ട് ദിവസമായി ഇവിടെ നിരീക്ഷണത്തിലാണ്. എൻറെ അച്ഛനും അമ്മയും ഡോക്ടർമാർ മുത്തശ്ശിക്ക് മരുന്നുകൾ പമ്പ് ചെയ്യുന്നത് നിരീക്ഷിക്കുകയാണ്. അവരുടെ ഇടത് വശത്തിൻറെ സ്വാധീനം നഷ്ടപ്പെട്ടിരിക്കുകയാണ്. 

ഞങ്ങൾ ഡിജിസിഎയിലും എയർഇന്ത്യയിലും പരാതി നൽകി. നടപടിക്കായി കാത്തിരിക്കുകയാണ്.”

അതേസമയം എയർഇന്ത്യ ആരോപണങ്ങൾ നിഷേധിച്ചു. നിശ്ചിത സമയം കഴിഞ്ഞാണ് യാത്രക്കാരി എത്തിയതെന്നും ഒരു മണിക്കൂറോളം കാത്തിരുന്നെന്ന വാദം തെറ്റാണെന്നും എയർ ഇന്ത്യ പ്രതികരിച്ചു. മറ്റ് ആവശ്യക്കാർ ഉണ്ടായിരുന്നതിനാൽ 15 മിനിറ്റിനകം വീൽചെയർ നൽകണമെന്ന അവരുടെ ആവശ്യം നടത്താൻ കഴിഞ്ഞില്ല. തുടർന്ന് അവർ സ്വമേധയാ നടക്കാൻ തീരുമാനിക്കുകയായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകിയിരുന്നുവെന്നും എയർഇന്ത്യ അവകാശപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.