22 December 2025, Monday

യുഎസിലെ അഴിമതി കേസ്; ഗൗതം അഡാനിക്ക് നോട്ടീസ് അയയ്ക്കാന്‍ നിയമമന്ത്രാലയത്തിന്റെ നിര്‍ദേശം

Janayugom Webdesk
ന്യൂഡല്‍ഹി
March 12, 2025 10:59 pm

യുഎസ് അഴിമതി കേസില്‍ അഡാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അഡാനിക്കെതിരെ ഇന്ത്യയില്‍ നടപടിക്ക് തുടക്കം. ഗൗതം അ‍ഡാനിക്കെതിരെ നോട്ടീസ് അയയ്ക്കാന്‍ കേന്ദ്ര നിയമ മന്ത്രാലയം അഹമ്മദാബാദ് കോടതിക്ക് നിര്‍ദേശം നല്‍കി. കോടികളുടെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മിഷന്‍ (എസ്ഇസി) രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 

സിവില്‍, വാണിജ്യ വിഷയങ്ങളില്‍ വിദേശത്തുള്ള വ്യക്തികള്‍ക്ക് ജുഡീഷ്യല്‍, എക്സ്ട്രാ ജുഡീഷ്യല്‍ രേഖകള്‍ അയയ്ക്കാന്‍ ഹേഗ് കണ്‍വെന്‍ഷന്‍ പ്രകാരമുള്ള മാനദണ്ഡമനുസരിച്ചാണ് എസ്ഇസി ഇന്ത്യന്‍ നിയമമന്ത്രാലയത്തെ സമീപിച്ചത്. ഫെബ്രുവരി 25ന് യുഎസ് അയച്ച കത്തിലെ വിവരങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് നിയമകാര്യ വിഭാഗം (ഡിഎല്‍എ) അഹമ്മദാബാദ് സെഷന്‍സ് കോടതിക്ക് നിര്‍ദേശം കൈമാറിയത്. ഇനി അഡാനിയുടെ അഹമ്മദാബാദിലെ വിലാസത്തില്‍ കോടതി നോട്ടീസ് അയയ്ക്കും. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഗൗതം അഡാനി, അനന്തരവന്‍ സാഗര്‍ അഡാനി, അഡാനി ഗ്രീന്‍ ലിമിറ്റഡിലെ മറ്റ് എക്സിക്യൂട്ടീവുകള്‍ എന്നിവര്‍ക്കെതിരെ എസ്ഇസി കേസെടുത്തത്. അഴിമതി, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതി അഡാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അഡാനിക്കും ഗ്രൂപ്പിലെ മറ്റ് ഉന്നതര്‍ക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അഡാനി ഗ്രീന്‍ എനര്‍ജിക്കും മറ്റൊരു കമ്പനിക്കും 12 ജിഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതിക്ക് കരാര്‍ ലഭിക്കാന്‍ ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 25 കോടി ഡോളര്‍ കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. ഇക്കാര്യം മറച്ചുവച്ച് അമേരിക്കയിലെ നിക്ഷേപകരെ വഞ്ചിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അഡാനി ഗ്രൂപ്പിന് എതിരെ ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതി കേസെടുത്തത്. സുരക്ഷാ തട്ടിപ്പ് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 

വിദേശ സര്‍ക്കാരുകള്‍ക്ക് കൈക്കൂലി നല്‍കിയ കേസുകളില്‍ വിചാരണ നിര്‍ത്തിവയ്ക്കാന്‍ അധികാരത്തിലേറിയതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നു. ട്രംപിന്റെ തീരുമാനം അഡാനിക്ക് ഗുണകരമായിരുന്നു. ഇതിന് പിന്നാലെ ലോകനേതാക്കളുമായുള്ള യോഗത്തില്‍ അഡാനി വിഷയം വ്യക്തിപരമാണെന്നും മോഡി പ്രതികരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.