13 December 2025, Saturday

വരള്‍ച്ചയും വറുതിയും മറികടന്നേ തീരൂ

സത്യന്‍ മൊകേരി
വിശകലനം
March 19, 2025 4:30 am

കൊടും ചൂടുകാരണം ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് രാജ്യത്തെ ജനങ്ങള്‍. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ചൂട് വര്‍ധിക്കുന്ന റിപ്പോര്‍ട്ട് അനുദിനം പുറത്തുവരുന്നു. കഴിഞ്ഞ ദിവസം പാലക്കാട് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 37.6 ഡിഗ്രി സെല്‍ഷ്യസാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകള്‍ വ്യക്തമാക്കിയത് ഒഡിഷയില്‍ ബൗദ് പ്രദേശത്ത് ചൂട് 43.6ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നുവെന്നാണ്. മരുഭൂമിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് സമാനമായ കൊടുംചൂടാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. ചൂട് നമ്മുടെ സംസ്ഥാനത്തെ ജനങ്ങളെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്. താരതമ്യേന മെച്ചപ്പെട്ട കാലാവസ്ഥയെന്ന് കരുതി നാം അഭിമാനിച്ചിരുന്ന കേരളത്തില്‍ ഉയര്‍ന്നുവരുന്ന താപനില ജനങ്ങളെ ഭയത്തിലാക്കിയിട്ടുണ്ട്. സാധാരണ ജീവിതം തടസപ്പെടുത്തുന്ന തരത്തില്‍ താപനില ദിവസം ചെല്ലുന്തോറും വര്‍ധിച്ചുവരുന്നു.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ജലസ്രോതസുകള്‍ ഇതിനകം വറ്റിവരണ്ടുകഴിഞ്ഞു. കിണറുകളിലും പുഴകളിലും തടാകങ്ങളിലും മറ്റ് ജലസംഭരണികളിലും വെള്ളമില്ലാത്ത സ്ഥിതിയാണ്. കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടത്തിലാണ്. ജലസ്രോതസുകള്‍ വറ്റിവരണ്ടാല്‍ എങ്ങനെയാണ് ജലം ലഭ്യമാക്കുക എന്ന ഭീതിജനകമായ ചോദ്യം ഉയര്‍ന്നുവരുന്നു. ജലം ലഭ്യമാക്കുന്ന വാട്ടര്‍ അതോറിട്ടി പുഴകളില്‍ കിണറുകള്‍ കഴിച്ചാണ് വിതരണത്തിനാവശ്യമായ ജലം കണ്ടെത്തുന്നത്. നദി വറ്റിവരളുന്നതോടെ ജലസ്രോതസ് ഇല്ലാതാകുന്നു. 

പുഴകളും കിണറുകളും കൊണ്ട് സമ്പന്നമായ സംസ്ഥാനമായിരുന്നു കേരളം. അതെല്ലാം ഇന്ന് എവിടെയാണ്? ചിന്തിക്കേണ്ടുന്ന സമയം അതിക്രമിച്ചു. ജലം പ്രകൃതിയില്‍ നിന്നും ലഭിക്കേണ്ടതാണ്. ജീവന്റെ അടിസ്ഥാനം ജലവും മണ്ണുമാണെന്ന വസ്തുത വിസ്മരിച്ച് മുന്നോട്ടുപോകുന്നതിന്റെ അനന്തര ഫലമാണ് രാജ്യവും കേരളവും നേരിടുന്നത്. കുന്നുകളെല്ലാം ഇടിച്ചുനിരത്തുന്നു. പശ്ചിമഘട്ട പര്‍വതനിരകളിലെ ജലസ്രോതസുകള്‍ ഇല്ലാതാകുന്നു. ഭൂമിയെ സംരക്ഷിക്കുന്ന പാറകളും കല്ലുകളുമെല്ലാം ഇടിച്ചുനിരത്തുന്നു. ഗ്രാമപ്രദേശങ്ങളില്‍ പോലും വികസനത്തിന്റെ പേരില്‍ പ്രകൃതിയെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ജീവിക്കാനായി പ്രാദേശികതലത്തില്‍ ജനങ്ങളുടെ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. കാടും മരങ്ങളും സംരക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ മടികാണിക്കുന്നു. വനം കൊള്ളക്കാര്‍ മരങ്ങള്‍ മുറിച്ച് കടത്തിക്കൊണ്ടുപോകുന്നതിന്റെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവരുടെ ഉത്തരവാദിത്തം ഫലപ്രദമായി നിര്‍വഹിക്കാത്തതാണ് പ്രധാന കാരണം. 

കേരളത്തിലെ വിശാലമായ നെല്‍വയലുകള്‍ ജലസംഭരണികളായിരുന്നു. വിശാലമായ നെല്‍പ്പാടങ്ങളില്‍ തങ്ങിനില്‍ക്കുന്ന വെള്ളം ഭൂമിയുടെ അനുഗ്രഹമായിരുന്നു. തണ്ണീര്‍ത്തട സംരക്ഷണ നിയമം കേരള നിയമസഭ പാസാക്കിയതും നെല്‍വയല്‍ സംരക്ഷിക്കാനായിരുന്നു. നിയമം നിലവില്‍ വന്നിട്ടും വയലിന്റെ വിസ്തീര്‍ണം കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. വിശാലമായ നെല്‍വയലുകളും ജലസംഭരണികളും പഴങ്കഥ മാത്രമായി മാറി. കാലാവസ്ഥാ വ്യതിയാനത്തിന് കാരണം പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതാണ്. അതിന് പരിഹാരം ഉണ്ടാക്കിയാലേ നമുക്ക് ജീവിക്കാന്‍ കഴിയൂ. മണ്ണും ജലവും കൃഷിയും പരിസ്ഥിതിയും സംരക്ഷിക്കാതെ മനുഷ്യന് ജീവിക്കാനാകില്ല. ജീവിക്കാന്‍ ആവശ്യമായ കാലാവസ്ഥ മനുഷ്യന്റെ അവകാശമാണ്.
ഭക്ഷണത്തിനുള്ള അവകാശം പോലെ തന്നെ അവന്റെ മൗലിക അവകാശങ്ങളില്‍പ്പെട്ടതാണ് ജീവിക്കാന്‍ അനുകൂലമായ കാലാവസ്ഥയും. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് മാത്രമേ മനുഷ്യന് ജീവിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവുണ്ടാകണം. 

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.