23 January 2026, Friday

കേന്ദ്രമന്ത്രി നിത്യാനന്ദറായിയുടെ സഹോദരി പുത്രന്മാര്‍ പരസ്പരം വെടിയുതിര്‍ത്തു;ഒരാള്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ന്യൂഡല്‍ഹി
March 20, 2025 3:16 pm

കേന്ദ്രമന്ത്രി നിത്യാനന്ദ റായിയുടെ സഹോദരീ പുത്രന്മാർ പരസ്പരം വെടിയുതിർക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ന് രാവിലെ ബിഹാറിലെ ജഗത്പുരിലായിരുന്നു സംഭവം. നിത്യാനന്ദ റായിയുടെ അനന്തരവൻമാരായ വിശ്വജീതും ജ​യജീതും തമ്മിൽ കുടിവെള്ള ടാപ്പിനെ ചൊല്ലി തർക്കമുണ്ടാകുകയും ഇതിനിടിയിൽ പരസ്പരം വെടിയുതിർക്കുകയുമായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

വിശ്വജീത്താണ് മരിച്ചത്.മന്ത്രിയുടെ സഹോദരിക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.രാവിലെ 7.30 ഓടെയാണ് രണ്ടു സഹോദരൻമാർ പരസ്പരം വെടിയുതിർത്തതായ വിവരം ലഭിച്ചത്.കുടിവെള്ള ടാപ്പിനെ ചൊല്ലിയുണ്ടായ തർക്കം മൂർച്ഛിച്ച് പരസ്പരം വെടിയുതിർക്കുന്നതിൽ കലാശിച്ചുവെന്നാണ് പ്രാഥമിക നി​ഗമനം. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതായും എസ്പി പ്രേർണ കുമാറിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

തർക്കം രൂക്ഷമായപ്പോൾ, സഹോദരന്മാരില്‍ ഒരാള്‍ മറ്റേയാള്‍ക്ക് നേരെ വെടിയുതിര്‍ത്തു. പിന്നാലെ പരിക്കേറ്റ സഹോദരൻ തോക്ക് തട്ടിയെടുത്ത് മറ്റേ സഹോദരന് നേരെ വെടിയുതിർത്തു. ഇരുവരെയും ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിശ്വജീത് മരണപ്പെടുകയായിരുന്നു. ജയ്ജീതിന്റെ നില ​ഗുരുതരമാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.