19 December 2025, Friday

Related news

December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025
June 18, 2025

വയോജന സുരക്ഷയ്ക്കുള്ള സുപ്രധാന ചുവടുവയ്പ്

Janayugom Webdesk
March 21, 2025 5:00 am

കേരളത്തിന്റെ ജനസംഖ്യാപരമായ പ്രത്യേകതകൾ പരിശോധിച്ചാൽ 60 വയസിനുമേൽ പ്രായമുള്ളവരുടെ നിരക്ക് കൂടിക്കൊണ്ടിരിക്കുന്നുവെന്ന് കാണാനാകും. കഴിഞ്ഞ മാസം സംസ്ഥാന നിയമസഭയിൽ സമർപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം 2011ലെ ജനസംഖ്യയനുസരിച്ച് 12.7 ശതമാനമായിരിക്കുന്നു വയോജനങ്ങളുടെ എണ്ണം. 1961ൽ അഞ്ച് ശതമാനം മാത്രമായിരുന്നതാണ് ഇത്രയും കൂടിയത്. 2011ന് ശേഷം കാനേഷുമാരി നടന്നിട്ടില്ലാത്തതിനാൽ പിന്നീടുള്ള 14 വർഷത്തെ വർധനകൂടി കണക്കിലെടുത്താൽ 12.55 ശതമാനമായിട്ടുണ്ടാകുമെന്നാണ് നിഗമനം. ഇതേനിരക്കിലാണ് വർധനയുണ്ടാകുന്നതെങ്കിൽ 2036ഓടെ 23 ശതമാനമാകുമെന്ന മറ്റൊരു പഠനവും പുറത്തുവന്നിട്ടുണ്ട്. ദേശീയ ശരാശരിയനുസരിച്ച് എട്ടു ശതമാനം മാത്രമാണിത്. സംസ്ഥാന സർക്കാർ നൽകുന്ന സാമൂഹ്യ സുരക്ഷാ പെൻഷന്റെ എണ്ണം ഈ വർധനയുടെ പ്രതിഫലനം കൂടിയാണ്. 50 ലക്ഷത്തിലധികം പേർക്കാണ് ഇവിടെ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകേണ്ടിവരുന്നത്.

ആരോഗ്യപരിപാലനരംഗത്തിന്റെയും സാമൂഹ്യസാഹചര്യങ്ങളുടെയും മെച്ചമാണ് മുതിർന്ന പൗരന്മാരുടെ എണ്ണത്തിലെ വർധനയ്ക്ക് കാരണമെങ്കിലും 60 വയസിന് മുകളിലുള്ളവരുടെ വർധിച്ചുവരുന്ന അനുപാതം സർക്കാരിന് ഉയർന്ന സാമൂഹ്യ സുരക്ഷാ ബാധ്യതകൾ ഉണ്ടാക്കുമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്. എങ്കിലും വയോജനങ്ങളുടെ ക്ഷേമകാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനങ്ങളാണ് ഇപ്പോൾ സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്. അതിന്റെ പുതിയ ഘട്ടമെന്ന നിലയിലാണ് രാജ്യത്താദ്യമായി വയോജന കമ്മിഷൻ രൂപീകരിക്കുന്നതിനുള്ള രാജ്യത്ത് ആദ്യത്തെ നിയമനിർമ്മാണത്തിന് സംസ്ഥാന നിയമസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരിക്കുന്നത്. സാമൂഹ്യമായ ഒറ്റപ്പെടലും മാനസിക പ്രയാസങ്ങളും പ്രായാധിക്യം കാരണമുള്ള രോഗങ്ങളുമാണ് വയോജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. മികച്ച ആരോഗ്യ പരിപാലനസംവിധാനങ്ങൾ നിലവിലുള്ളതിനാൽ രോഗചികിത്സയ്ക്ക് മതിയായ സൗകര്യങ്ങൾ ലഭ്യമാണെങ്കിലും അണുകുടുംബ വ്യവസ്ഥ വ്യാപകമായ പശ്ചാത്തലത്തിൽ നേരിടുന്ന ഒറ്റപ്പെടലും നിയമപരിരക്ഷയും വലിയ വെല്ലുവിളിയാണ്. അതിന് പരിഹാരമായി നിരവധി പദ്ധതികൾ സംസ്ഥാന സർക്കാർ തനിച്ചും കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയും നടപ്പിലാക്കിവരുന്നുണ്ട്. ഒറ്റപ്പെട്ട് കഴിയുന്ന മുതിർന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനായി സർക്കാർ തലത്തിൽ 17 (789 അന്തേവാസികൾ), സർക്കാർ സാമ്പത്തിക സഹായത്തോടെ എൻജിഒകളുടെ നേതൃത്വത്തിൽ 199 വൃ­ദ്ധസദനങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നു. ഇതിൽ കിടപ്പുരോഗികൾക്കുള്ള ഭവനവും ഡിമെൻഷ്യ ബാധിച്ചവർക്കുള്ള സ്ഥാപനവും ഉൾപ്പെടുന്നു.

രണ്ട് ജില്ലകളിൽ ഹോംകെയർ സെന്ററുകൾ ആ­രംഭിക്കുന്നതിനുള്ള നടപടികളുമായി. ഇതോടൊപ്പംതന്നെ റിട്ടയർമെന്റ് ഹോമുകൾ, ഓർമ്മത്തോണി, വയോമിത്രം, എൻജിഒകളുമായി സഹകരിച്ചുള്ള വയോസാന്ത്വനം എന്നിങ്ങനെ നിരവധി പദ്ധതികൾ നിലവിലുണ്ട്. ഇത്തരം സംവിധാനങ്ങളും സഹായപദ്ധതികളും എല്ലാമുള്ളപ്പോൾത്തന്നെയാണ് പ്രായമായവരുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം, നിയമപരിരക്ഷ എന്നിവ ഉറപ്പാക്കാനും ഉല്പാദനക്ഷമതയും, മൗലികവും നൂതനവുമായ ആശയങ്ങളും പരിഹാരങ്ങൾ ഉണ്ടാക്കാനുള്ള പ്രാപ്തിയും സമൂഹത്തിന് ഉപയോഗപ്പെടുത്താനുമായി വയോജന കമ്മിഷൻ നിലവിൽ വരുന്നത്. അർധ ജുഡീഷ്യൽ അധികാരങ്ങളോടെയാണ് കമ്മിഷൻ രൂപീകരിക്കപ്പെടുക. വയോജന ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ നൽകാൻ കമ്മിഷന് ചുമതലയുണ്ടാവും. ഒരു ചെയർപേഴ്സണും നാലിൽ കവിയാത്ത എണ്ണം അംഗങ്ങളും ഉണ്ടായിരിക്കുമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്ന കമ്മിഷന്റെ സെക്രട്ടറി സർക്കാർ അഡീഷണൽ സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരാളായിരിക്കും. വയോജന ക്ഷേമത്തിനും സംരക്ഷണത്തിനുമായി കമ്മിഷൻ മാർഗനിർദേശങ്ങൾ നൽകുകയും സഹായിക്കുകയും ചെയ്യും. പുനരധിവാസം ആവശ്യമുള്ളിടത്ത് സർക്കാരുമായി സഹകരിച്ച് അത് സാധ്യമാക്കുന്നതിനും ഏതെങ്കിലും തരത്തിലുളള നിയമസഹായം ആവശ്യമുളളിടത്ത് ആയത് ലഭ്യമാക്കുന്നതിനും കമ്മിഷന് അധികാരമുണ്ടാകും. വയോജനങ്ങളുടെ കഴിവുകൾ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതും സർക്കാർ കാലാകാലങ്ങളിൽ ഏല്പിക്കുന്ന അത്തരം ചുമതലകൾ നിർവഹിക്കുന്നതും കമ്മിഷന്റെ കർത്തവ്യമായിരിക്കും.

കമ്മിഷന്റെ തീരുമാനങ്ങൾ അതിന്റെ ശുപാർശ സഹിതം ഉചിതമായ നടപടിക്കായോ അല്ലെങ്കിൽ തർക്കത്തിലേർപ്പെട്ട കക്ഷികൾക്ക് പരിഹാരത്തിനായോ സർക്കാരിലേക്ക് അയയ്ക്കാം. നമ്മുടെ നീതിപീഠങ്ങൾ വയോജന സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന നിരവധി വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രായമായവരെ സംരക്ഷിച്ചില്ലെങ്കിൽ മക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ എഴുതി നൽകിയ ഇഷ്ടദാന ആധാരം റദ്ദാക്കാമെന്ന് മദ്രാസ് ഹൈക്കോടതി വിധിയുണ്ടായത്. പ്രായാധിക്യം കാരണം പ്രയാസപ്പെടുമ്പോൾ ഇത്തരം പരിരക്ഷ സ്വായത്തമാക്കുന്നതിന് വയോജന കമ്മിഷൻ രൂപീകരണം സഹായകമാകുമെന്നതിൽ സംശയമില്ല. സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞതുപോലെ കേരളത്തിന്റെ സാമൂഹ്യ‑സാമ്പത്തിക വികസനത്തെ ഗണ്യമായി സ്വാധീനിക്കുന്ന ഒന്നായി കമ്മിഷൻ മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.