
ആദിവാസികള്‍ക്ക് അവശ്യ സേവനങ്ങള്‍ നല്‍കുന്നതിനുള്ള 24,000 കോടിയുടെ പദ്ധതി നടത്തിപ്പിലെ അനാസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തി പാര്‍ലമെന്ററി സമിതി.
പ്രധാനമന്ത്രി ജന്‍ജതി ആദിവാസി ന്യായ മഹാ അഭിയാന് (പിഎം-ജന്മന്) 2023 നവംബറിലാണ് ആരംഭിച്ചത്. 2025–26ല്‍ 29,000 ആദിവാസി ഗ്രാമങ്ങളില്‍ എല്ലാ അവശ്യ സേവനങ്ങളും എത്തിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 4,288 ഗ്രാമങ്ങളില്‍ മാത്രമേ പദ്ധതി ലക്ഷ്യം കൈവരിച്ചിട്ടുള്ളൂ എന്ന് ബിജെപി എംപി മോഹന്‍ അധ്യക്ഷനായ സാമൂഹ്യനീതി-ശാക്തീകരണ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതി അവസാനിക്കാന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കെ ഉപയോഗിക്കാതെ കിടക്കുന്ന ഫണ്ടുകളെ കുറിച്ചും റിപ്പോര്‍ട്ടില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
കുടിവെള്ള വിതരണം, ഫോര്‍ ജി നെറ്റ്വര്‍ക്ക് കണക്ടിവിറ്റി, ഗ്രാമവികസനം, ടെലികമ്മ്യൂണിക്കേഷന്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ ഒമ്പത് മന്ത്രാലയങ്ങളുടെ കേന്ദ്രപദ്ധതികളുടെ സംയോജനത്തിലൂടെ വികസനം നടപ്പാക്കുന്നതായിരുന്നു പിഎം ജന്മന് പദ്ധതി. 24,000 കോടിയില്‍ 15,000 കോടി കേന്ദ്രം ചെലവഴിക്കും. ബാക്കി തുക മൂന്ന് വര്‍ഷംകൊണ്ട് സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കും.
2024–25 ബജറ്റില്‍ പദ്ധതിയുടെ നടത്തിപ്പിനായി ഗോത്രകാര്യ മന്ത്രാലയത്തിന് 240 കോടി അനുവദിച്ചെങ്കിലും പിന്നീട് തുക 150 കോടിയായി വെട്ടിക്കുറച്ചു. ഇതില്‍ 19.25 കോടി മാത്രമേ ചെലവഴിച്ചിട്ടുള്ളൂ. വിദ്യാഭ്യാസം, ഗ്രാമവികസനം എന്നിവയുള്‍പ്പെടെ എട്ട് മന്ത്രാലയങ്ങള്‍ 2023–24ല്‍ ദൗത്യത്തിനായി 1,387. 30 കോടി ചെലവഴിച്ചു. പദ്ധതി നിര്‍വഹണം മന്ദഗതിയിലാണെന്നും സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കുന്നതിന് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു. പദ്ധതി വിനിയോഗം കാര്യക്ഷമമാക്കുന്നതിന് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ശുപാര്‍ശ ചെയ്തു.
സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ ഗോത്ര നേതാക്കള്‍ നല്കിയ സംഭാവനകള്‍ അംഗീകരിക്കുന്നതിന് മ്യൂസിയങ്ങള്‍ സ്ഥാപിക്കാനുള്ള പദ്ധതി 2016ല്‍ മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഗുജറാത്ത്, ഝാര്‍ഖണ്ഡ്, ഗോവ, മധ്യപ്രദേശ്, തെലങ്കാന എന്നിവയുള്‍പ്പെടെ 10 സംസ്ഥാനങ്ങളിലായി 11 മ്യൂസിയങ്ങള്‍ സ്ഥാപിക്കുന്നതിന് ആദിവാസി കാര്യമന്ത്രാലയം അനുമതി നല്കി. ഇതുവരെ ഇതില്‍ മൂന്നെണ്ണം മാത്രമാണ് പ്രവര്‍ത്തന സജ്ജമായത്. മറ്റുള്ളവയുടെ നിര്‍മ്മാണം മന്ദഗതിയിലാണെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.