21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 19, 2025
April 16, 2025
April 13, 2025
April 6, 2025
March 31, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 29, 2025

മ്യാൻമര്‍ ഭൂചലനം: മരണം 1600 കടന്നു

Janayugom Webdesk
നെയ്പിഡോ
March 30, 2025 8:44 am

മ്യാൻമറിലുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ ആയിരം കവിഞ്ഞു. മരണസംഖ്യ 1644 ആയി ഉയർന്നതായും 3408 പേർക്ക് പരിക്കേറ്റതായും മ്യാൻമറിലെ സൈനിക ഭരണകൂടമായ ജുംത പ്രസ്താവനയില്‍ അറിയിച്ചു. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. തായ്‌ലൻഡില്‍ 10 പേരും മരിച്ചു. തെക്കുകിഴക്കന്‍ ഏഷ്യയെ പിടിച്ചുകുലുക്കിയ ഭൂചലനത്തില്‍ മരണസംഖ്യ പതിനായിരം കടന്നേക്കുമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടു. മ്യാന്‍മറില്‍ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർന്നതായി ഭരണകൂടം അറിയിച്ചു. ഇത് സാധാരണക്കാരുടെ ജീവഹാനിക്കും പരിക്കുകൾക്കും കാരണമായി. ദുരിതബാധിത പ്രദേശങ്ങളിൽ നിലവിൽ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണെന്നും ജുംതയുടെ മാധ്യമവിഭാഗം അറിയിച്ചു. 

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപമുള്ള മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെയിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. ആശുപത്രികള്‍ നിറഞ്ഞതായും രക്തത്തിന് ആവശ്യക്കാര്‍ ഏറിയെന്നും റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വന്‍ നാശം വിതച്ചത്. 11 മിനിറ്റിനുശേഷം 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ തുടര്‍ചലനവും ഉണ്ടായി. ഇന്നലെ വീണ്ടും തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. രാവിലെ 11.53ന് റിക്ടര്‍ സ്കെയിലില്‍ 4.3, 2.50ന് 4.7 തീവ്രത രേഖപ്പെടുത്തി. 

അയൽരാജ്യമായ തായ്‌ലൻഡിലെ നൂറുകണക്കിന് കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തകർന്ന 33 നില ടവറിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിർമ്മാണ തൊഴിലാളികളെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം തുടരുന്നു. ബാങ്കോക്കിൽ 101 പേരെ കാണാതായെന്ന് തായ് അധികൃതർ അറിയിച്ചു.
ഭൂകമ്പം കനത്ത നാശം വിതച്ച മ്യാൻമറിലേക്ക് അന്താരാഷ്ട്ര സഹായം എത്തിത്തുടങ്ങിയിട്ടുണ്ട്. ഓപ്പറേഷൻ ബ്രഹ്മ എന്ന പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യ 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ എത്തിച്ചു. ഹിന്‍ഡണ്‍ വ്യോമസേനാ താവളത്തില്‍നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ സി130ജെ വിമാനത്തിലാണ് ടെന്റുകള്‍, പുതപ്പുകള്‍, ഭക്ഷണം, അവശ്യ മരുന്നുകള്‍ തുടങ്ങിയവ കൊണ്ടുപോയത്. കൂടുതല്‍ വിമാനങ്ങള്‍ ഉടന്‍ പുറപ്പെടും. 80 അംഗ എന്‍ഡിആര്‍എഫ് സംഘവും രക്ഷാപ്രവര്‍ത്തനത്തിന് സഹായം നല്‍കാന്‍ മ്യാന്‍മറിലേക്ക് പുറപ്പെട്ടു. തായ്‌ലന്‍ഡിലെ ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ നേരത്തെ തുറന്നിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.