21 April 2025, Monday
KSFE Galaxy Chits Banner 2

ആദര്‍ശിനും അഭിലാഷിനും സംഗീതമാണ് ലഹരി

കൃഷ്ണവേണി
March 30, 2025 7:12 pm

ളരെ ചുരുങ്ങിയ കാലയളവിൽ തമിഴ് സംഗീത ലോകത്തെ യുവ സംഗീതജ്ഞരുടെ ഇടയിൽ കയ്യൊപ്പ് ചാർത്തിയ യുവ പ്രതിഭകളാണ് ആദർശ് കൃഷ്ണൻ എൻ- ഉം അഭിലാഷ് ബ്രിട്ടോയും. ഇരുവർക്കും ഇങ്ങനെ ഒരു ആമുഖം കൊടുക്കുന്നതിനു പകരം ‘നെഞ്ചിൻ എഴുത് ’ എന്ന് തമിഴ് ആൽബത്തിന്റെ ഉസ്താദുമാരാണ് എന്ന് ഓർമ്മിപ്പിക്കുന്നതാവും കൂടുതലഭികാമ്യം. ഇതിനോടകം തന്നെ ആദർശും അഭിലാഷും തങ്ങളുടെ സംഗീതത്തിലൂടെ ജനഹൃദയങ്ങളിൽ കയറിക്കഴിഞ്ഞു. ലഹരിയുടെ അന്ധകാരത്തിലേക്ക് ആഴ്ന്ന് പോകുന്ന പുതുതലമുറയ്ക്ക് സംഗീതത്തെ, കലയെ തങ്ങളുടെ ജീവിതത്തിലെ ലഹരിയാക്കി മാറ്റിയ ഈ യുവാക്കൾ വലിയ പ്രചോദനമാണ്. 

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട
***********************************
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന പഴമൊഴിയെ അന്വത്ഥമാകുന്നത് ആദർശിന്റെയും അഭിലാഷിന്റെയും കൂട്ടുകെട്ടിലൂടെ നാം കാണുന്നു. അഞ്ചാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെ രാമൻകുളങ്ങര സെൻമേരിസ് സ്കൂളിൽ ഒന്നിച്ചു പഠിച്ചവരാണ് ഇവർ. അന്നുമുതൽ സംഗീതത്തോടും സംഗീത രചനയോടും ഉള്ള താല്പര്യം ഇവര്‍ വളര്‍ത്തിയെടുത്തു. പിന്നീടുള്ള സ്കൂൾ കാലങ്ങളിലും കോളജ് കാലഘട്ടത്തിലും തങ്ങളുടെ സൗഹൃദവും സംഗീതവും ഒന്നിച്ച് കൊണ്ടുപോയി. അഭിലാഷിന്റെ സംഗീത നൈപുണ്യത്തെ തിരിച്ചറിഞ്ഞത് ആദർശാണ്. ആദർശിന് തന്റെ സർഗാത്മകശേഷിയെ അതിരുകൾക്കപ്പുറം പിന്തുടരാൻ സഹായിച്ചത് കൊല്ലം പള്ളിമണ്‍ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിലെ പഠനമാണ്. 

പ്രചോദനം
************
കലാപാരമ്പര്യമുള്ള കുടുംബമാണ് ആദർശിന്റെത്. വയലിനിസ്റ്റും സംഗീതജ്ഞനുമായ ആദർശ് സ്കൂളിലെ കലാ പ്രതിഭയായിരുന്നു. അച്ഛനും മുത്തച്ഛനുമാണ് സംഗീതത്തിൽ ആദര്‍ശിന്റെ ഗുരുക്കൾ. സംഗീതം ശാസ്ത്രീയമായി പഠിച്ചില്ലെങ്കിലും അഭിലാഷ് സംഗീതത്തെയും അതിലെ വരികളെയും സ്നേഹിച്ചു. എ ആർ റഹ്മാൻ, അനിരുദ്ധ തുടങ്ങിയ സംഗീതജ്ഞരുടെ ആരാധകരാണ് ഇരുവരും. ‘ഹിപ്പോ തമിഴ’ എന്ന തമിഴ് ബാൻഡാണ് ഗാന രചനയിലേക്ക് ഇവര്‍ക്ക് പ്രചോദനമായത്. ആദർശ് സംഗീതം ചിട്ടപ്പെടുത്തിയാൽ അതിനൊത്ത് അഭിലാഷ് വരികൾ കുറിക്കും. 

നെഞ്ചിൻ എഴുത്
****************
യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ 2022ൽ ഇടം നേടിയതും രണ്ടു കോടിയിലേറെ ആരാധകരെ സൃഷ്ടിച്ചതുമായ തമിഴ് ആൽബം ആണ് ‘നെഞ്ചിൻ എഴുത്’ എന്ന എന്ന ഗാനം. ഇരുവരുടെയും സംഗീത ജീവിതത്തിലെ മികച്ച ഒരു വഴിത്തിരിവായിരുന്നു ഇത്. അവിചാരിതമായി മനസിൽ വന്ന ഒരു ഈണത്തെ ആദർശ് സംഗീതമാക്കിയപ്പോൾ അതിനൊത്ത് അഭിലാഷ് തമിഴിൽ വരികൾ എഴുതി. ഇരുവരുടെയും സുഹൃത്തും ഗായികയുമായ വിദ്യാലക്ഷ്മി ഗാനമാലപിക്കുകയും ചെയ്തു. ആദർശ് കൃഷ്ണൻ എൻ യൂട്യൂബ് ചാനലിലൂടെയാണ് ഈ ഗാനം ആദ്യം അപ്‌ലോഡ് ചെയ്തത്. പാട്ടിനെ 10 ലക്ഷം ആരാധകർ ഏറ്റെടുത്തപ്പോൾ പ്രശസ്ത സംഗീത കമ്പനിയായ സോണി മ്യൂസിക് ഈ ഗാനം വാങ്ങുകയായിരുന്നു. 

തമിഴിനെ പ്രണയിച്ചവർ
************************
മലയാളി സുഹൃത്തുക്കൾ എങ്ങനെ തമിഴിലേക്ക് എത്തി എന്ന് ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ തമിഴ് ഗാനങ്ങളുടെ ജനപ്രീതി. കൊല്ലം രാമൻകുളങ്ങര സ്വദേശി ആണെങ്കിലും ആദർശിന്റെ കുടുംബത്തിന്റെ വേരുകള്‍ തമിഴ് നാട്ടിലാണ്. അഭിലാഷിന് തമിഴ് നാടുമായി ബന്ധം ഒന്നുമില്ലെങ്കിലും തമിഴ് സംഗീതത്തിനോടും സിനിമകളോടും ഉള്ള ഇഷ്ടം വളരെ വലുതാണ്. മലയാള ഗാനങ്ങളേക്കാൾ തമിഴ് ഗാനങ്ങൾക്ക് ദക്ഷിണേന്ത്യയിൽ ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. ഇത് കണക്കിലെടുത്താണ് ഇവര്‍ തമിഴ് ഗാനങ്ങൾ ചിട്ടപ്പെടുത്താൻ തുടങ്ങിയത്. 

സംഗീതം ഇതുവരെ
*******************
പഠനകാലത്ത് ഇരുവരും മ്യൂസിക് വർക്കുകൾ ആരംഭിച്ചിരുന്നു. വരികൾ ഇല്ലാതെ പശ്ചാത്തല സംഗീതം മാത്രം ഉപയോഗിക്കുന്ന ഇഡിഎം പാട്ടുകളിലൂടെയായിരുന്നു തുടക്കം. പിന്നീട് വരികൾ ചേര്‍ത്തു. 2018 മുതൽ ആദർശും അഭിലാഷും മ്യൂസിക് ട്രാക്കുകൾ ചെയ്തു തുടങ്ങി. 2022ൽ ഇറങ്ങിയ നെഞ്ചിൻ എഴുതിന് ശേഷം, 2023 ൽ എൻ ഇരവേ, 2024 ൽ പോർ മുഖം, രതിയെ തുടങ്ങിയ ഗാനങ്ങൾ ഇരുവരും ചേർന്ന് ഒരുക്കി. ലേഡി എന്ന മലയാള ഹൃസ്വ ചലച്ചിത്രത്തിലെ മലയാളം റാപ്പ് സോങ് ആണ് പോർ മുഖം. മെലഡികൾ മാത്രം ഇഷ്ടപ്പെട്ടിരുന്ന ആദർശിനെ റാപ്പ് ഗാനങ്ങൾ ചെയ്യുവാൻ പ്രചോദനമായത് സംഗീത ലോകത്തിലെ കൂട്ടുകാരാണ്. 2023ൽ നടന്ന കേരള രാജ്യാന്തര ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക ജൂറി അംഗീകാരം ലഭിച്ച ‘മണ്ണ്’ എന്ന ഡോക്യുമെന്ററിക്ക് പശ്ചാത്തലം ഒരുക്കിയത് ആദർശ് ആയിരുന്നു. സംഗീതത്തിന് വരികൾ എഴുതുന്നതിനോടൊപ്പം തന്നെ അഭിലാഷ് രണ്ട് തെലുങ്ക് ചിത്രങ്ങൾക്ക് തമിഴ് മൊഴി മാറ്റവും നൽകിയിട്ടുണ്ട്. നിലവിൽ സംഗീത രചനയോടൊപ്പം എകെഎബി എന്ന സ്വന്തം മ്യൂസിക് ബാൻഡിലൂടെ മ്യൂസിക്കൽ പരിപാടികളും ചെയുന്നു. 

ഭാവിയിലെ സംഗീതം
********************
സോണി മ്യൂസിക്ക് കമ്പനിക്കു ചെയ്ത ‘നെഞ്ചിൻ എഴുത്’, ‘രതിയെ’, എന്നീ തമിഴ് മ്യൂസിക്കൽ ആൽബങ്ങൾ ഇതിനോടകം സംഗീതാസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. അത് ഇരുവര്‍ക്കും കൂടുതൽ ആവേശം പകരുന്നു. ‘ആദർശ് കൃഷ്ണൻ എൻ’ എന്ന യൂട്യൂബ് ചാനലിൽ സ്വന്തമായി ഗാനങ്ങൾ ചിട്ടപ്പെടുത്താനാണ് ഇരുവരുടെയും തീരുമാനം. അതോടൊപ്പം സോണി മ്യൂസിക് കമ്പനി പോലെ ഇന്ത്യയിലെ മറ്റ് പ്രശസ്തമായ മ്യൂസിക് കമ്പനികൾക്കും വേണ്ടി മ്യൂസിക് ട്രാക്കുകൾ കമ്പോസ് ചെയ്യുന്നതിനും ആലോചനയുണ്ട്. 

സൗഹൃദവും സംഗീതവും നിറഞ്ഞ കുടുംബം
*****************************************
ആദർശന്റെയും അഭിലാഷിന്റെയും വിജയത്തിൽ കുടുംബം നൽകുന്ന പിന്തുണ ചെറുതല്ല. മുത്തച്ഛനും അച്ഛനുമാണ് ആദർശിന്റെ സംഗീതത്തിലെ ഗുരുക്കന്മാർ. മുത്തച്ഛൻ പ്രശസ്തനായ വയലിനിസ്റ്റ് കളർകോട് കൃഷ്ണ സ്വാമി, അച്ഛൻ സോപാനസംഗീതജ്ഞനും വയലനിസ്റ്റുമായ നാരായണസ്വാമി. അമ്മ യോഗ അധ്യാപികയായ ഉഷ നാരായണസ്വാമി. എംഎസ്‌ സി ബിരുദധാരിയായ ആദർശ് സംഗീത സംവിധാനത്തിനോടൊപ്പം ബിഎഡിന് പഠിക്കുന്നു. ബ്രിട്ടോ പീറ്ററും ആഗ്നസ് ബ്രിട്ടോയും ആണ് മരുത്തടി സ്വദേശിയായ അഭിലാഷിന്റെ മാതാപിതാക്കൾ. ബി കോം ബിരുദധാരിയായ അഭിലാഷ് പാർട്ട് ടൈം ജോലിയോടൊപ്പം സംഗീത സംവിധാനവും നിർവഹിക്കുന്നു. ഇരുവരുടെയും സംഗീതത്തിനും പഠനത്തിനും ഒരുപോലെ കുടുംബം പിന്തുണ നൽകുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.