10 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 5, 2025
April 3, 2025
April 3, 2025
April 1, 2025
March 30, 2025
March 25, 2025
March 22, 2025
March 9, 2025
January 27, 2025
January 24, 2025

ലാറ്റിനമേരിക്കയില്‍ ബ്രസീലിന് സംഭവിക്കുന്നതെന്ത്?

പന്ന്യന്‍ രവീന്ദ്രന്‍
കളിയെഴുത്ത്
March 30, 2025 10:13 pm

ലാറ്റിനമേരിക്കൻ ബലാബലം നേരിൽ കണ്ട വികാരാവേശത്തിന്റെ മഹാപ്രകടനത്തിൽ ചാമ്പ്യന്മാർ തന്നെയാണ് വിജയക്കൊടി നാട്ടിയത്. ലാറ്റിനമേരിക്കയിൽ നിന്നും ലോകകപ്പിനെത്തുന്ന ആദ്യ ടീമും ചാമ്പ്യന്മാരായ അർജന്റീന തന്നെയെന്ന് വിധിയെഴുതപ്പെട്ടു. പ്രവചനാതീതമായ മത്സരമാണ് ബ്രസീലും അർജന്റീനയും തമ്മിൽ നടന്നത്. കാരണം , ചിരകാല വൈരികളായ ടീമുകൾ കളിയരങ്ങിലും വൈരം ആവർത്തിക്കുകയാണ് പതിവ്. മത്സരം കഴിഞ്ഞപ്പോൾ 10 കളിക്കാർ മഞ്ഞക്കാർഡ് നേടിയെടുത്തത് കാൽപന്ത് കളിയിലല്ല, മൈതാനത്തെ ശക്തി പരീക്ഷയിലാണ്. അതിൽ തന്നെ രണ്ടുടീമുകളും തുല്യമായി മഞ്ഞകാർഡുകൾ ഭാഗിച്ചെടുക്കുകയായിരുന്നു. ഫുട്‌ബോൾ കളിയിലെ വാശിയും വഴക്കും കളിയവസാനിക്കുമ്പോൾ തീരുകയാണ് പതിവ്. ഇവിടെ അർജന്റീന ടീം കെട്ടുറപ്പുള്ളതാണെന്ന് ഈ മത്സരം വിളിച്ചു പറഞ്ഞു. ബ്രസീലിന്റെ ഏറ്റവും വലിയ കുഴപ്പം വിശ്വസ്ഥമല്ലാത്ത ഡിഫൻസ് തന്നെയാണ്. ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു ടീമായി ബ്രസീൽ മാറിപ്പോയതെന്താണെന്ന് ബന്ധപ്പെട്ടവർ പരിശോധിക്കുമായിരിക്കും. പൊട്ടിയ പട്ടം പോലെയാണ് ടീമിന്റെ അവസ്ഥ. കളിയിൽ ജയവും തോൽവിയും സ്വാഭാവികമാണ്. സാക്ഷാൽ പെലെയുടെ പ്രഭാവകാലത്ത് പോലും തോറ്റിരുന്നു. സ്വന്തം രാജ്യത്ത് വച്ചു ഏഴു ഗോൾ വാങ്ങിയതും ചരിത്ര രേഖയാണ്.

കളിക്കാരുടെ മനസിൽ വരാവുന്ന ആത്മവിശ്വാസമാണ് കളിയിൽ പ്രതിഫലിക്കുന്നത്. അയാളെ വിശ്വാസത്തിന്റെ ഭാഗമാക്കാൻ ടീമിന് കഴിയണം. അതിൽ മുഖ്യം കളിക്കാർ തമ്മിലുള്ള പരസ്പരധാരണയും പരിശീലകൻ നൽകുന്ന മനക്കരുത്തുമാണ്. ലോകകപ്പിൽ നെയ്മർക്കുണ്ടായ പരിക്ക് ടീമിന്റെ മാനസിക നില തകർത്തു. നെയ്മറിന്റെ അഭാവം അവരുടെ ടീമിനുണ്ടാക്കിയ മാനസിക തളർച്ചയിൽ നിന്നും കരകയറുവാൻ ഇതുവരെ അവർക്കായില്ല. വിനീഷ്യസിനെപ്പോലെ ശക്തനായ ഒരു ഷൂട്ടറുണ്ടായിട്ടും മുന്നേറ്റനിരയിൽ കാര്യമായ ചലനമുണ്ടാക്കാൻ ടീമിന് കഴിഞ്ഞില്ല. കാരണം ടീമിന്റെ ഘടനതന്നെയാണ്. മെസിയുടെ അഭാവത്തിലും പകരം സംവിധാനം പ്രവർത്തന ക്ഷമമാക്കാൻ അർജന്റീന കാണിക്കുന്ന ജാഗ്രത ബ്രസീലിന് നടക്കാതെ പോകുന്നു. ബ്രസീൽ ലോകഫുട്ബോളിൽ ഒന്നാം സ്ഥാനക്കാരായിരുന്നു. ഇപ്പോൾ ബ്രസീൽ അഞ്ചാം സ്ഥാനത്ത് താണുപോയി. അഞ്ച് തവണ ലോകകപ്പും പലവട്ടം ഒളിമ്പിക്സും സ്വന്തമാക്കിയ മഞ്ഞപ്പടയ്ക്ക് ഇത്രയും വ­ലിയ പുറകോട്ടടിയുണ്ടായിട്ടും എന്താണ് പുനർ ചിന്തനത്തിന് മുതിരാത്തത്. സാംബനൃത്ത ചുവടുമായി ലോകത്തെതന്നെ ചുറ്റിനിർത്തിയ ബ്രസീലിന്റെ തകർച്ച ലോകം മുഴുവനുമുള്ള ബ്രസീലിന്റെ ആരാധകരെ വല്ലാതെ വിഷമവൃത്തത്തിലാക്കും. പുതിയ കോച്ചിന് വേണ്ടി അവർ അന്വേഷണം ആരംഭിച്ചുവെന്നാണ് വാർത്ത. ആഞ്ചലോട്ടിയെ ബന്ധപ്പെട്ടുവെന്നും വാർത്തയുണ്ട്. അഞ്ച് തവണ ലോകകപ്പ് നേടി, ലോകത്തിലെ ഒന്നാം നമ്പർ ഫുട്‌ബോൾ കളിക്കാരുടെ ജന്മഭൂമി ഇതിനെല്ലാം പരിഹാരം കാണുമെന്ന് പ്രത്യാശിക്കാം.

ബ്രസീലിയൻ ജനത ഫുട്‌ബോളിന്റെ നാട്ടുകാരാണെന്നാണ് വിശ്വസിക്കുന്നത്. വൈദേശിക മേധാവിത്വം കറുത്ത മനുഷ്യരെ അരിഞ്ഞുവീഴ്ത്തി. രാജ്യം കൊള്ളയടിച്ചപ്പോൾ ഉയർത്തെഴുന്നേല്പിന്റെ ഉണർത്തു പാട്ടായി മാറിയത് കറുത്ത മനുഷ്യരുടെ ഫുട്‌ബോൾ പ്രാവീണ്യമാണെന്ന് ബ്രസീലിയൻ ജനത വിശ്വസിക്കുന്നു. ബ്രസീലിന്റെ ഭരണകൂടവും രാഷ്ട്രീയവും കാൽപന്ത് കളിയുമായി ചേർന്നതാണ്. ഫുട്‌ബോൾ രാജാവായ പെലെ ഒരിക്കൽ അവിടുത്തെ കായിക മന്ത്രിയായിരുന്നു. അർജന്റീനയും ബ്രസീലും നിതാന്ത വൈരികളായിരുന്നുവെങ്കിലും. ലോകഫുട്ബാളിന്റെ കൂട്ടായ്മയിൽ തുടക്കം മുതലുണ്ടായിരുന്ന ലാറ്റിനമേരിക്കൻ നാട്ടുകാരാണ്. എന്നാൽ ആദ്യം ഫിഫ കപ്പ് നേടിയ ബഹുമതി ഉറുഗ്വേയ്ക്കാണ്. അർജന്റീന വീണ്ടും ലോകകപ്പ് സ്വന്തമാക്കാൻ കാര്യമായ തയ്യാറെടെപ്പുകൾ നടത്തുമ്പോൾ മെസിയുടെ സാന്നിധ്യം അവരെ കൂടുതൽ കരുത്തരാക്കും. ഇപ്പോൾ ലാറ്റിനമേരിക്കയിൽ നിന്നും അർജന്റീന യോഗ്യത ഉറപ്പാക്കി. ഇനിയും അഞ്ച് ടീമുകൾ വരും. അതിൽ ബ്രസീലും, ഉറുഗ്വേയും, ഉൾപ്പെടെ എത്തിച്ചേരും. മത്സരരംഗം കൊഴുക്കുമ്പോൾ പ്രവചനങ്ങൾ മാറി മറിയും. ബ്രസീൽ തകിർതിയായി കോച്ചിനെ ഒഴിവാക്കി, ആരാണ് പകരക്കാരനെന്ന് തീരുമാനമായില്ല.

ഇന്ത്യക്ക് ഗോള്‍വരള്‍ച്ച

ഏഷ്യൻ കപ്പിന്റെ യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് വീണ്ടും ഗോൾ വരൾച്ചയായിരിക്കുന്നു. സുനിൽ ഛേത്രി ഉൾപ്പെടെ കളിച്ചിട്ടും ഗോളടിക്കാൻ കഴിയാതിരുന്നത് തിരിച്ചടിയായി. കളിജയിക്കുവാൻ ഗോളടിക്കണം. ഇതാണല്ലോ പഠിക്കേണ്ടത്. പെനാൽറ്റി ഷൂട്ടൗട്ട് പരിശീലിച്ചാണ് മിക്കകളിക്കാരും വരുന്നത്. അസോസിയേഷൻ കളിക്കാർക്ക് നല്ല പരിശീലനവും വ്യത്യസ്ത രാജ്യ ടീമുകളുമായുള്ള സൗഹൃദമത്സരവും പ്ലാൻ ചെയ്യണം.

വിഘ്നേഷ് പ്രതീക്ഷ

ക്രിക്കറ്റ് പ്രേമികൾക്ക് ഹരം പിടിപ്പിക്കുന്ന ഐപിഎൽ മത്സരങ്ങൾക്ക് തുടക്കത്തിൽ തന്നെ ആവേശം കത്തിപടർന്നു. ഓരോ ടീമും ഒരു ജോഡി മത്സരങ്ങൾ വീതം കഴിയുമ്പോൾ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു മുന്നിൽ നിൽകുകയാണ്. കേരളീയർ വികാരപരമായ കാരണങ്ങളാൽ പിന്തണയ്ക്കുന്ന ടീമാണ് രാജസ്ഥാൻ റോയൽസ്. കാരണം സഞ്ജു സാംസന്റെ നായക പദവിയിലാണ് ടീം. മാത്രമല്ല സഞ്ജുവിനെ തഴയുന്നതിൽ കേരളീയ പ്രതിഷേധവും ചേർന്നാണ് സഞ്ജുവിനെ പിന്തുണയ്ക്കുന്നത്. ഇതുവരെയായി ക്യാപ്റ്റൻ പദവി ഏറ്റെടുക്കാൻ പറ്റാതെ വന്നുവെങ്കിലും കന്നിയിറക്കത്തിൽ നന്നായി കളിച്ചു. മറ്റൊരു പ്രത്യേകത കെസിഎൽ മത്സരത്തിൽ ആലപ്പുഴയ്ക്കായി നന്നായി കളിച്ച ഇടംകയ്യൻ ബൗളർ ചിന്താവിഷയമായതാണ്. പുതിയ താരങ്ങളുടെ ഇടയിൽ സഞ്ജുവിന്റെ കാര്യക്ഷമത വലിയ മുതൽകൂട്ടാണ്. രാജസ്ഥാന്റെ ഇത്തവണത്ത പ്രകടനം പ്രതീക്ഷ നൽകുന്നില്ല. എല്ലാടീമുകളും ഇന്ത്യൻ കളിക്കാരെയും വിദേശകളിക്കാരെയും ഒന്നിപ്പിച്ച് കളിവിരുന്ന് നൽകുന്ന പഴയ സ്ഥിതിമാറുകയണോയെന്ന് തോന്നുന്നതാണ് പുതിയ നില. കൃത്യമായ വിശകലനത്തിന് സമയമായില്ല. എന്നാൽ നമുക്ക് സന്തോഷം പകർന്നത് വിഘ്നേഷ് പുത്തൂർ എന്ന ചെറുപ്പക്കാരൻ നടത്തിയ മഹത്തരമായ പ്രകടനം കണ്ടപ്പോൾ പ്രതീക്ഷ വാനോളമുയർന്നു. കളിയോടുള്ള ആവേശം ഹൃദയത്തിൽ കയറിയപ്പോൾ ത്യാഗം സഹിച്ച് എങ്ങനെയും പരിശീലനം നടത്തിയ വിഘ്നേഷിന് വഴികാട്ടിയായത് കെസിഎയുടെ മത്സരമാണ്. ആലപ്പുഴയുടെ ജേഴ്സിയിൽ വിഘ്നേഷ് തിളങ്ങി. കെസിഎല്ലിലെ കളികളെല്ലാം കാണേണ്ടവർ കണ്ടു. താരലേലത്തിൽ ആരും എടുക്കാതിരുന്ന വിഘ്നേഷിനെ കളിയറിയുന്നവർ കൊണ്ടുപോയി. ശക്തരിൽ ശക്തരായ മൂന്നു പ്രധാനികളെ അതിൽ എതിർടീമിന്റെ ക്യാപ്റ്റനുമുണ്ട്, പുറത്തേക്കുള്ള വഴിയിലേക്ക് വലിച്ചെറിഞ്ഞു. ജനം കയ്യടിച്ചു. വാരി ആശ്ലേഷിച്ചു. പ്രഗത്ഭതാരങ്ങൾ അഭിനന്ദിച്ചു. ക്രിക്കറ്റ് കളിയുടെ വൈപുല്യം പ്ലാന്‍ ചെയ്ത് നടപ്പാക്കിയ കെസിഎയ്ക്ക് ആകാര്യത്തിൽ അഭിനന്ദനം അറിയിക്കാം. ഇത്തവണ കേരളത്തിന്റെ പ്രാതിനിധ്യം കൂടി അടുത്ത ഐപിഎൽ മത്സരങ്ങളില്‍ പുതിയ താരങ്ങൾക്ക് വളക്കൂറുള്ള മണ്ണാകട്ടെ. ഓട്ടോറിക്ഷാ തൊഴിലാളിയുടെയും സാധാരണ പാവപ്പെട്ട വീട്ടമ്മയുടെയും മകൻ താരജാഡയില്ലാതെ കരുത്ത് തെളിയിച്ചത് നാടിന്റെ അഭിമാനം. ഇടംകയ്യൻ ബൗളിങ് അപൂർവമാണ്. സച്ചിൻ ടെണ്ടുൽക്കർ ഇടംകയ്യൻ ബൗളേഴ്സിന്റെ കളിയെ പ്രതിരോധിക്കാൻ ഓസ്ട്രേലിയയിൽചെന്ന് പരിശീലനം നടത്തിയിരുന്നു. കേരളത്തിൽ ഇങ്ങനെ ഒരു ചെറപ്പക്കാരൻ നാളത്തെ വലിയ പ്രതീക്ഷയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.